സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് വലിയ മാര്‍ജിനില്‍ തോറ്റതിന് പിന്നാലെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമര്‍ശനം. ഗംഭീര്‍ തന്നെയാണോ ടീമിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് സംശയമുണ്ടെന്നും പ്ലേയിങ് ഇലവനെ തീരുമാനിക്കുന്നതടക്കം ഇങ്ങനെയാണോ ചെയ്യേണ്ടതെന്നും മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. കോച്ചെന്ന നിലയില്‍ ഗംഭീര്‍ ചില തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ടെന്നും അല്ലെങ്കില്‍ അധികകാലം തുടരേണ്ടി വരില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

'ഗംഭീര്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. പ്ലേയിങ് ഇലവനില്‍ ആരുവേണമെന്ന് തീരുമാനിക്കുന്നത് ഗംഭീറല്ലേ? ഇങ്ങനെയുള്ള തന്ത്രങ്ങളുമായി മുന്നോട്ട് പോയാല്‍ ഗംഭീര്‍ അധികകാലം കോച്ചായി ഉണ്ടാവില്ല. ഇപ്പോഴത്തെ ഇന്ത്യയുടെ അവസ്ഥ നോക്കൂ, എല്ലാ കളിയുടെയും ഫലമെന്താകുമെന്ന് ഉറ്റുനോകകിയിരിക്കുകയാണ്. അക്സറിനെ പുറത്തിരുത്താനുള്ള തീരുമാനം എടുത്തിട്ട് ഇപ്പോള്‍ സംസാരിച്ചിട്ട് വല്ല കാര്യവുമുണ്ടോ?– ശ്രീകാന്ത് ചോദ്യമുയര്‍ത്തുന്നു. 

'ഗംഭീറാണ് പ്രധാന പരിശീലകന്‍. സഹായത്തിന് മറ്റു പരിശീലകരുമുണ്ട്. എല്ലാവരും കൂടിച്ചേര്‍ന്നിട്ടും സിംപിളായ തീരുമാനം പോലും കൈക്കൊള്ളാന്‍ പറ്റുന്നില്ലേ? ആരെങ്കിലും അക്സറിനെ പുറത്തിരുത്തുമോ? ടീമിന്‍റെ വൈസ് ക്യാപ്റ്റനാണ്. എന്ത് സന്ദേശമാണത് നല്‍കുന്നത്? വൈസ് ക്യാപ്റ്റനായാലും പുറത്തിരിക്കേണ്ടി വരുമെന്ന് തന്നെയല്ലേ? ഇതുതന്നെയാണ് ഗില്ലിനും സംഭവിച്ചത്. ഫലമെന്താകുമെന്ന് അറിയാമോ? ട്വന്‍റി 20യില്‍ വൈസ് ക്യാപ്റ്റനാകാന്‍ ആരും താല്‍പര്യം കാണിക്കില്ല. വൈസ്ക്യാപ്റ്റനായിരുന്നവരെല്ലാം ടീമിന് പുറത്തായിട്ടുണ്ട്'- ശ്രീകാന്ത് തുറന്നടിച്ചു.

ട്വന്‍റി 20യിലെ ഇന്ത്യന്‍ ചരിത്രത്തില്‍ ഏറ്റവും നാണംകെട്ട തോല്‍വിയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഉണ്ടായതെന്നാണ് ശ്രീകാന്ത് പറയുന്നത്. 2022 ലെ സെമിയിലേത് മറക്കുന്നില്ല. ഇതിങ്ങനെ ആയത് കൊണ്ടാണ് സിംബാംബ്​വെയ്ക്കെതിരായ മല്‍സരം നിര്‍ണായകമായി മാറിയത്. ഇതു മാത്രല്ല, സിംബാംബ്​വെ വിന്‍ഡീസ് മല്‍സരം പോലും ഇന്ത്യയ്ക്ക് നിര്‍ണായകമായി. പ്രാര്‍ഥന കൊണ്ടുപോലും കാര്യമുണ്ടാകുമോയെന്ന് കണ്ടറിയണം- അദ്ദേഹം വിമര്‍ശനം തുടരുന്നു.

അക്സര്‍ പട്ടേലിന് പകരം വാഷിങ്ടണ്‍ സുന്ദറിനെയാണ് ദക്ഷിമാഫ്രിക്കയ്ക്കെതിരെ ഇന്ത്യ ഇറക്കിയത്. പക്ഷേ ടീമിന്‍റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ വാഷിങ്ടണിന് കഴിഞ്ഞില്ല. അക്സറിനെ ഉള്‍പ്പെടുത്താമെന്നാണ് ആദ്യം തീരുമാനിച്ചതെന്നും എന്നാല്‍ എട്ടാമനായി റിങ്കുസിങ് ഇറങ്ങുന്നതിന് പ്രാധാന്യം നല്‍കിയപ്പോള്‍ ഒഴിവാക്കേണ്ടി വന്നുവെന്നുമായിരുന്നു അസിസ്റ്റന്‍റ് കോച്ച് റയാന്‍റെ വിശദീകരണം. വ്യാഴാഴ്ച സിംബാബ്​വെയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം. 

ENGLISH SUMMARY:

Former Indian cricketer Krishnamachari Srikkanth has launched a scathing attack on head coach Gautam Gambhir following India's massive defeat against South Africa in the T20 World Cup 2026 Super 8. Srikkanth questioned the logic behind benching vice-captain Axar Patel, warning that Gambhir’s stint as coach might be short-lived if such tactical blunders continue. He highlighted that dropping a vice-captain sends a poor message to the team and noted a recurring pattern where T20 vice-captains like Shubman Gill and now Axar are being sidelined. With India facing a must-win situation against Zimbabwe, Srikkanth termed the South Africa loss as one of the most humiliating in India’s T20 history. While assistant coach Ryan ten Doeschate defended the move as a strategy to include Rinku Singh, Srikkanth remains unimpressed by the explanation.