Image Credit: PTI

ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടാന്‍ തയാറെടുക്കുന്നതിനിടെ മുന്നറിയിപ്പുമായി മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ക്യാപ്റ്റനെന്ന നിലയില്‍ സൂര്യകുമാര്‍ യാദവ് കുറേക്കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ടെന്നും അല്ലെങ്കില്‍ അപകടമാണെന്നും മഞ്ജരേക്കര്‍ പറയുന്നു. സൂര്യകുമാറും തിലക് വര്‍മയും ഇപ്പോള്‍ കളിക്കുന്ന രീതി ശരിയല്ലെന്നും സമയമെടുത്തല്ല ട്വന്‍റി 20യില്‍ കളിക്കേണ്ടതെന്നും ഇത്ര പ്രതിരോധം ആവശ്യമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. സഹ ബാറ്റര്‍മാരെ പോലും വിശ്വാസമില്ലാത്തത് പോലെയും കളി ജയിപ്പിക്കുന്നത് വരെ തനിക്ക് ക്രീസില്‍ തുടരണമെന്ന് ഉറപ്പിക്കുന്നത് പോലെയുമാണ് സൂര്യകുമാര്‍ കളിക്കാനിറങ്ങുന്നതെന്നും ഇത് ടീമിനെ അപകടത്തിലാക്കുന്നുവെന്നുമാണ് മഞ്ജരേക്കര്‍ തുറന്നടിക്കുന്നത്. 

'സൂര്യകുമാറില്‍ എനിക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യമുണ്ട്. വാങ്കഡെയില്‍ യുഎസ്എയ്ക്കെതിരെ കളിക്കുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 77 എന്ന നിലയില്‍ എത്തി നില്‍ക്കുമ്പോഴാണ് സൂര്യ ക്രീസിലെത്തിയത്. താരം വന്നു, കളിയുടെ ഗതി തന്നെ മാറ്റി. തുടക്കത്തില്‍ കുറച്ച് ഇഴഞ്ഞുവെങ്കിലും പിന്നെ കൂറ്റന്‍ സ്കോറിലേക്ക് കുതിച്ചു. കളിയിലെ താരവുമായി. അപ്പോള്‍ മുതല്‍ എനിക്ക് തോന്നുന്ന ഒരു കാര്യമുണ്ട്. സൂര്യകുമാര്‍ ഇങ്ങനെ ഇഴഞ്ഞല്ല തുടങ്ങേണ്ടത്. അടിച്ച് കളിക്കാന്‍ ട്വന്‍റി 20യില്‍ ഇത്രയും വൈകരുത്. പാക്കിസ്ഥാനെതിരെ പ്രതിരോധത്തിലൂന്നിയാണ് സൂര്യ കളിച്ചതെന്നും മഞ്ജരേക്കര്‍ ഇന്‍സ്റ്റഗ്രാം വിഡിയോയില്‍ പറയുന്നു. 

പരമ്പരാഗത ശൈലിയിലാണ് തിലക് വര്‍മയും സൂര്യകുമാറും ബാറ്റ് വീശുന്നതെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്. അതിന്‍റെ പ്രശ്നം അനുഭവിക്കുന്നത് ഹാര്‍ദികും ശുഭം ദുബെയും റിങ്കു സിങുമെല്ലാമാണ്. അവരുടെ പ്രതിഭ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല. ട്വന്‍റി 20യില്‍ അതൊരു അപകടം പിടിച്ച കാര്യമാണ്. മുതിര്‍ന്ന താരത്തിന് അല്ലെങ്കില്‍ ക്യാപ്റ്റന് കുറേ നേരം കൂടി ബാറ്റ് ചെയ്യണമെന്ന് തോന്നുന്നത് അത്ര ശരിയല്ല. ഇത് ടീമിനെ പിന്നോട്ടടിക്കുന്നു' എന്നും അദ്ദേഹം തുറന്നടിച്ചു.

കൂടുതല്‍ നേരം തുടരണമെന്ന് ക്യാപ്റ്റന്‍ തീരുമാനിക്കുമ്പോള്‍ സ്വാഭാവികമായും അദ്ദേഹം പ്രതിരോധത്തിലേക്ക് മാറുമെന്നും മഞ്ജരേക്കര്‍ വിശദീകരിക്കുന്നു. '200 റണ്‍സില്‍ കൂടുതല്‍ അടിച്ച് ജയിക്കണമെന്ന് തീരുമാനിക്കുന്നുവെന്ന് കരുതുക. ടോപ് ഫോറിലുള്ളവരില്‍ ഒരാള്‍ ഇന്നിങ്സ് താന്‍ നിയന്ത്രിക്കുമെന്നും ഒരു സ്കോര്‍ എത്തുന്നത് വരെ താന്‍ തന്നെ നില്‍ക്കുമെന്നും തീരുമാനിക്കുകയാണെങ്കില്‍ അത് അപകടകരമാണ്. അക്സറിനെയും വാഷിങ്ടണ്‍ സുന്ദറിനെയുമെല്ലാം പോലെയുള്ള കിടിലന്‍ താരങ്ങള്‍ എട്ടാമതായി ഇറങ്ങാനുള്ളപ്പോള്‍ ടോപ് ഓര്‍ഡറിലുള്ളയാള്‍ അങ്ങനെ തീരുമാനിക്കുന്നത് ശരിയല്ല- മഞ്ജരേക്കര്‍ വ്യക്തമാക്കി.

തനിക്ക് മുന്‍പും ശേഷവും വരുന്ന ബാറ്റര്‍മാരെ ക്യാപ്റ്റന്‍ വിശ്വസിക്കേണ്ടതുണ്ട്. ഇത്രയും കരുത്തുള്ള ബാറ്റിങ്നിരയുള്ളപ്പോള്‍ ഒരാള്‍ ഒറ്റയ്ക്ക് ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോകാമെന്ന് കരുതതരുത്. അതിലെ അപകടമെന്താണെന്ന് വച്ചാല്‍ നിങ്ങള്‍ നേരത്തെ ബാറ്റ് ചെയ്യാനെത്തും എന്നിട്ട് പ്രതിരോധത്തിലൂന്നി കളിക്കും. കയ്യില്‍ ആവശ്യത്തിന് വിക്കറ്റിരിക്കുമ്പോഴാണ് തണുപ്പന്‍ മട്ടില്‍ നില്‍ക്കുന്നതെന്ന് ആലോചിക്കണം. അത് ഉപയോഗിക്കില്ല. ഒടുവില്‍ മികച്ച ടീമിനെതിരെ 180 റണ്‍സാകും വിജയലക്ഷ്യം വയ്ക്കുക. അത് അപകടമാണ്. സൂര്യ ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്-അദ്ദേഹം കടുത്തഭാഷയില്‍ വിമര്‍ശിച്ചു. 

ഇന്നിങ്സിന്‍റെ തുടക്കത്തില്‍ സിംഗിളെടുത്ത് നില്‍ക്കുന്ന സൂര്യ സമയമെടുത്താണ് അടിച്ച് കളിക്കാന്‍ തുടങ്ങുന്നത്. ഇത് മറ്റുള്ളവരുടെ അവസരം കളയുന്നതാണെന്ന് നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പാക്കിസ്ഥാനും നെതര്‍ലന്‍ഡ്സിനുമെതിരെ സൂര്യ ഇതേ മെല്ലെപ്പോക്ക് തുടര്‍ന്നു. ഒരുഘട്ടം കഴിഞ്ഞപ്പോഴാണ് അടിച്ച് കളിക്കാന്‍ തുടങ്ങിയത്. എന്നിരുന്നാലും ഈ ലോകകപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം റണ്‍സെടുത്തവരില്‍ രണ്ടാമത് സൂര്യകുമാറാണ്. ഇഷാന്‍ കിഷനാണ് ഒന്നാമന്‍. 

ENGLISH SUMMARY:

Former Indian cricketer Sanjay Manjrekar has criticized Captain Suryakumar Yadav's approach in the T20 World Cup 2026. In a recent Instagram video, Manjrekar argued that Surya's tendency to play a 'guarded' or traditional anchor role is detrimental to Team India's aggressive T20 DNA. He pointed out that by trying to stay until the end, Surya is consuming too many balls, which limits the opportunities for explosive hitters like Hardik Pandya and Rinku Singh. Manjrekar highlighted the USA and Pakistan matches as examples of Surya's slow starts. With India facing South Africa in the Super 8 today in Ahmedabad, Manjrekar warned that this defensive mindset could lead to lower-than-ideal targets against top-tier teams. Despite the criticism, Surya remains India's second-highest run-getter in the tournament after Ishan Kishan. Fans are divided on whether the captain should stick to his anchor role or return to his trademark 360-degree attacking style.