ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും ചീഫ് സിലക്ടര്‍ അഗാര്‍ക്കറും രണ്ട് തട്ടിലെന്ന സംശയം പ്രകടിപ്പിച്ച്  മുന്‍താരം ആകാശ് ചോപ്ര.  ബിസിസിഐയും സിലക്ടര്‍മാരും തീരുമാനിക്കുന്നതല്ല കോച്ച് ഗംഭീര്‍ നടപ്പിലാക്കുന്നതെന്നാണ് ആകാശ് ചോപ്ര ആരോപിക്കുന്നത്. പല ഉദാഹരണങ്ങളും ഇതിനുണ്ടെന്നും ഒടുവിലത്തേതായി നിതീഷ് കുമാര്‍ റെഡ്ഡിയുടെ കാര്യം തന്നെ നോക്കൂവെന്നും മുന്‍താരം പറയുന്നു. മാനേജ്മെന്‍റ് ഒന്ന് തീരുമാനിക്കുകയും അതിനെ കളിക്കളത്തില്‍ അട്ടിമറിക്കുകയും ചെയ്യുന്ന സമീപനം ഇന്ത്യന്‍ ടീമില്‍ പ്രകടമാണെന്നാണ് ചോപ്രയുടെ വാദം.

നിതീഷിനെ പതിവായി ടീമിലെടുക്കും. പക്ഷെ വളരെ അപൂര്‍വമായി മാത്രമേ അവസരങ്ങള്‍ നല്‍കുകയുള്ളൂ. ഇനിയെങ്ങാനും പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ചാല്‍ നിതീഷിന്‍റെ കഴിവ് പുറത്തെടുക്കാന്‍ അനുവദിക്കുകയുമില്ലെന്നാണ് ചോപ്രയുടെ വാദം.'നിതീഷ് റെഡ്ഡിയുടെ കാര്യത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. എല്ലാ ഫോര്‍മാറ്റിലും നിതീഷിനെ ടീമിലെടുക്കും. പ്ലേയിങ് ഇലവനിലുണ്ടെങ്കില്‍ ബാറ്റു ചെയ്യാന്‍ അവസരമില്ല. പേരിന് ചില ഓവറുകള്‍ മാത്രം നല്‍കും'- എന്നാണ് ചോപ്ര തന്‍റെ എക്സ് അക്കൗണ്ടില്‍ കുറിച്ചത്.  ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഇത് പ്രകടമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. 'ഏകദിന ടീമില്‍ നിതീഷ് റെഡ്ഡിയെ സിലക്ടര്‍മാര്‍ ഉള്‍പ്പെടുത്തും. പക്ഷേ കളിക്കാന്‍ ഇറക്കില്ല. ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയില്‍ നോക്കൂ, നല്ല മഞ്ഞുണ്ടായിരുന്നു. ഫാസ്റ്റ് ബോളര്‍മാരെ ഇറക്കി, അപ്പോഴും നിതീഷിന് അവസരമില്ല. ടീമിന്‍റെ സന്തുലിതാവസ്ഥയ്ക്കാണ് നിതീഷിനെ ടീമിലെടുക്കുന്നതെന്ന് തന്നെ കരുതൂ. അങ്ങനെയെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരുക്ക് പറ്റുമ്പോള്‍ താരത്തെ ഇറക്കേണ്ടതല്ലേ? എന്താണ് സത്യത്തില്‍ സംഭവിക്കുന്നത്? ഇങ്ങനെ വെറുതേ ഇരിക്കാനാണെങ്കില്‍ വിജയ് ഹസാരെയില്‍ നിതീഷ് കളിക്കുമായിരുന്നുവല്ലോ?'- ആകാശ് ചോപ്ര തുറന്നടിച്ചു. 

ബോര്‍ഡര്‍–ഗവാസ്കര്‍ പരമ്പരയിലെ മികച്ച പ്രകടനത്തിന് ശേഷം നിതീഷിനെ വേണ്ടതുപോലെ ഇന്ത്യ ഉപയോഗിച്ചിട്ടില്ലെന്നതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. നാല് ട്വന്‍റി20കളും രണ്ട് ഏകദിനങ്ങളും മാത്രമാണ് നിതീഷ് റെഡ്ഡിക്ക് ഇതുവരെ കളിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. പാണ്ഡ്യയ്ക്ക് പകരക്കാരന്‍ എന്ന് വിദഗ്ധര്‍ വിലയിരുത്തുന്നുണ്ടെങ്കിലും പകരക്കാരനായി വേണ്ടതുപോലെ ഉപയോഗിക്കാത്തതും പ്രതിഭ പുറത്തെടുക്കാന്‍ അവസരം നല്‍കാത്തതുമാണ് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്.

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനം ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് രാജ്കോട്ടിലെ നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തില്‍ നടക്കും. ആദ്യ ഏകദിനത്തില്‍ ഇന്ത്യ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയിരുന്നു. 301 റണ്‍സ് വിജയലക്ഷ്യം കുറിച്ച ന്യൂസീലന്‍ഡിനെ വിരാട് കോലിയുടെ 93 റണ്‍സിന്‍റെ കരുത്തില്‍ ശ്രേയസ് അയ്യരും കെ.എല്‍.രാഹുലും ചേര്‍ന്ന് പരാജയപ്പെടുത്തുകയായിരുന്നു. നാലു വിക്കറ്റിന്‍റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.  

ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ സാധ്യത: രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്,പ്രസിദ്ധ് കൃഷ്ണ. ന്യൂസീലന്‍ഡ് പ്ലേയിങ് ഇലവന്‍ സാധ്യത: ഡെവന്‍ കോണ്‍വേ, ഹെന്‍റി നിക്കോള്‍സ്, വില്‍ യങ്, ഡാരില്‍ മിച്ചല്‍,ഗ്ലെന്‍ ഫിലിപ്സ്, മിച്ച് ഹേ, മിച്ചല്‍ റേ, മിഷേല്‍ ബ്രേസ്​വെല്‍, ജെയ്മിസന്‍, ആദി അശോക്. 

ENGLISH SUMMARY:

Former cricketer Aakash Chopra has raised concerns over the treatment of young all-rounder Nitish Reddy in the Indian team. He questioned why Nitish is consistently selected for all formats but rarely given opportunities to bat or bowl significant overs. Chopra suspects a potential disagreement between head coach Gautam Gambhir and chief selector Ajit Agarkar regarding the player's role. He pointed out that Nitish could have gained more value by playing domestic cricket instead of sitting on the bench during the South Africa series. Despite being seen as a backup for Hardik Pandya, Nitish's potential remains underutilized in recent international outings. As India faces New Zealand in the second ODI today, all eyes are on whether Nitish will finally get a fair chance to perform.