Cricket - Third T20 International - India v England - Saurashtra Cricket Association Stadium, Rajkot, India - January 28, 2025 India's Sanju Samson walks after losing his wicket, caught by England's Adil Rashid off the bowling of Jofra Archer REUTERS/Amit Dave
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ് ഇടമില്ലാത്തതില്‍ നിരാശ പ്രകടിപ്പിച്ച് മുന്‍ താരം അനില്‍ കുംബ്ലെ. ടീം സെലക്ഷന്‍റെ സമയത്ത് സഞ്ജുവിന്‍റെ പ്രകടനം സെലക്ടര്‍മാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പരുക്കേറ്റ് വിശ്രമത്തിലായിരുന്ന പന്തിനെയാണ് വിക്കറ്റ് കീപ്പറായി ബിസിസിഐ ടീമില്‍ ഉള്‍പ്പെടുത്തിയത്. 2024 ഓഗസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരായാണ് പന്ത് അവസാനമായി ഏകദിനത്തില്‍ കളിച്ചത്.
'സഞ്ജു ടീമിലുണ്ടാകുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിച്ചിരുന്നു. ആഗ്രഹിച്ചിരുന്നു. രണ്ട് വര്‍ഷത്തോളമായിട്ടുണ്ടാകും സഞ്ജു ഏകദിനത്തില്‍ കളിച്ചിട്ട്. ഓസീസിനെതിരായ ടീമിലും സഞ്ജുവുണ്ടായിരുന്നില്ല. പക്ഷേ സഞ്ജുവിന്‍റെ റെക്കോര്‍ഡ് പരിശോധിച്ചാല്‍ സെഞ്ചറി നേട്ടം കാണാം'- കുംബ്ലെ വ്യക്തമാക്കി. 2023 ഡിസംബറിലാണ് സഞ്ജു ഇന്ത്യയ്ക്കായി അവസാനം ഏകദിനം കളിച്ചത്. 114 പന്തില്‍ നിന്ന് 108 റണ്‍സായിരുന്നു മൂന്നാമനായി ഇറങ്ങി താരം നേടിയത്. ഇതുവരെ കളിച്ച 16 ഏകദിനങ്ങളില്‍ നിന്നായി മൂന്ന് അര്‍ധ സെഞ്ചറികളും ഒരു സെഞ്ചറിയും സഞ്ജു നേടിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ട്വന്‍റി20കളില്‍ ഫോം കണ്ടെത്താന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. അഭിഷേക് ശര്‍മയ്ക്കൊപ്പം ഓപ്പണാറായി ഇറങ്ങി മികച്ച ഫോം തുടര്‍ന്ന സഞ്ജു, ഗില്ലിന്‍റെ വരവോടെ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്കിറങ്ങാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. മധ്യനിരയില്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ സഞ്ജുവിന് കഴിഞ്ഞില്ല. കഴിഞ്ഞ ട്വന്‍റി20യിലെ പ്രകടനം മോശമായത് കൊണ്ട് ഏകദിന ടീമില്‍ നിന്ന് സഞ്ജുവിനെ തഴയുന്നത് ശരിയല്ലെന്നും കുംബ്ലെ തുറന്നടിച്ചു.
നവംബര്‍ 30നാണ് ഇന്ത്യ–ദക്ഷിണാഫ്രിക്ക ഏകദിനത്തിന് തുടക്കമാവുക. കഴുത്തിന് പരുക്കേറ്റ് വിശ്രമത്തിലുള്ള ഗില്ലിന്‍റെ അഭാവത്തില്‍ കെ.എല്‍.രാഹുലാണ് ഇന്ത്യയെ നയിക്കുക. 12 ഏകദിന മല്‍സരങ്ങളിലാണ് രാഹുല്‍ ഇതിന് മുന്‍പ് ഇന്ത്യയെ നയിച്ചിട്ടുള്ളത്. ഇതില്‍ എട്ടെണ്ണത്തില്‍ ഇന്ത്യ ജയിക്കുകയും ചെയ്തു. പന്ത്രണ്ട് മല്‍സരങ്ങളില്‍ ആറും ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണെന്നതും ക്യാപ്റ്റന്‍ പദവിയിലേക്ക് രാഹുലിന് അനുകൂല ഘടകമായി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം ഇങ്ങനെ: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, തിലക് വര്‍മ, ഋതുരാജ് ഗെയ്ക്ക്വാദ്, കെ.എല്‍.രാഹുല്‍, റിഷഭ് പന്ത്, ധ്രുവ് ജുറേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, നിതീഷ് റെഡ്ഡി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്.