Image Credit: AP, PTI
2026 ലെ ട്വന്‍റി20 ലോകകപ്പില്‍ ഇന്ത്യയുടെ തുരുപ്പ് ചീട്ട് അഭിഷേക് ശര്‍മയും വരുണ്‍ ചക്രവര്‍ത്തിയുമാകുമെന്ന് ആര്‍. അശ്വിന്‍. ജസ്പ്രീത് ബുംറയെ മാത്രമല്ല മറ്റ് ടീമുകള്‍ക്ക് നേരിടേണ്ടി വരികയെന്നും അഭിഷേകിനും ചക്രവര്‍ത്തിക്കുമായി പ്രത്യേക പദ്ധതി ടീമുകള്‍ തയ്യാറാക്കി തുടങ്ങിയിട്ടുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും അശ്വിന്‍ തന്‍റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി. ഇരുവരെയും പിടിച്ചുകെട്ടിയാല്‍ മാത്രമേ ബാക് ടു ബാക് കിരീട നേട്ടത്തില്‍ നിന്ന് ഇന്ത്യയെ തടയാന്‍ കഴിയുകയുള്ളൂവെന്നും അശ്വിന്‍ പറഞ്ഞു.
'ട്വന്‍റി20 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ ജയം നേടാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കണ്ട് ഘടകങ്ങളില്‍ മേല്‍ക്കൈ നേടണം. അഭിഷേകും വരുണ്‍ ചക്രവര്‍ത്തിയുമാണത്. അതിന് തെളിവാണ് വരുണ്‍ ചക്രവര്‍ത്തിയെ 'കൈകാര്യം' ചെയ്യാന്‍ ടിം ഡേവിഡ് എടുത്ത പരിശ്രമം. അഭിഷേകിനും ചക്രവര്‍ത്തിക്കുമായി അവര്‍ പ്രത്യേക പദ്ധതി തന്നെ തയാറാക്കിയിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്'. ബുംറയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് നല്‍കുന്ന മേല്‍ക്കൈ പോലെ തന്നെയാണ് ഇരുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓസീസിനെതിരായ ട്വന്‍റി20 പരമ്പര വിശദമായി വിലയിരുത്തിയ ശേഷമാണ് അശ്വിന്‍റെ വാക്കുകള്‍. പവര്‍പ്ലേയിലും തകര്‍ത്തടിക്കുന്ന അഭിഷേകിന്‍റെ ബാറ്റിങ് ,ബോളിങ് പരീക്ഷണങ്ങള്‍ അടിമുടി മാറ്റാന്‍ ടീമുകളെ നിര്‍ബന്ധിതരാക്കിയെന്നതാണ് വാസ്തവം. വരുണ്‍ ചക്രവര്‍ത്തിയാവട്ടെ പ്രവചിക്കാന്‍ കഴിയാത്ത രീതിയിലാണ് ബാറ്ററെ വെള്ളംകുടിപ്പിക്കുന്നതും. ഓസീസ് അഭിഷേകിനെതിരെ പുറത്തെടുത്ത തന്ത്രമാകും മറ്റ് ടീമുകളും പിന്തുടരുക. ലോകകപ്പിനെത്തുന്നവരെല്ലാം ഈ വെല്ലുവിളിക്കായി ഇപ്പോഴേ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ടാകുമെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.