ട്വന്‍റി20 ടീമിലേക്ക് ശുഭ്മന്‍ ഗില്‍ മടങ്ങിയെത്തിയതോടെ മലയാളി താരം സഞ്ജു സാംസണ്‍ ടീമിന് പുറത്താകുമോ എന്ന ആരാധകരുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മുന്‍ താരം ആര്‍.അശ്വിന്‍. ഏഷ്യാകപ്പില്‍ സഞ്ജുവിന് അര്‍ഹിക്കുന്ന സ്ഥാനം കിട്ടുമെന്നും കോച്ച് ഗൗതം ഗംഭീറോ, ക്യാപ്റ്റന്‍ സൂര്യകുമാറോ സഞ്ജുവിനെ കൈവിടില്ലെന്നും അശ്വിന്‍ ഉറപ്പിച്ച് പറയുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്ററായി സഞ്ജു ടീമിലുണ്ടാകുമെന്നത് സംബന്ധിച്ച് ടൂര്‍ണമെന്‍റ് തുടങ്ങുന്നതിന് മുന്‍പ് തന്നെ സൂര്യകുമാര്‍ സൂചനയും നല്‍കിയിരുന്നു.
അഭിഷേക് ശര്‍മയ്ക്കൊപ്പം ഓപ്പണറായി ട്വന്‍റി20യില്‍ ഇറങ്ങിയിരുന്ന സഞ്ജു, ഗില്ലിന്‍റെ വരവോടെ മധ്യനിരയിലേക്ക് ഇറങ്ങേണ്ടി വന്നു. മധ്യനിരയിലാവട്ടെ സഞ്ജുവിന് ഇതുവരെയും കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് ആരാധകരുടെ ആശങ്ക. എന്നാല്‍ പേടിക്കാന്‍ ഒന്നുമില്ലെന്നാണ് 'ആഷ് കി ബാതി'ല്‍ അശ്വിന്‍ പറയുന്നത്. തുടക്കത്തിലേ വിക്കറ്റ് വീഴ്ചയുണ്ടായാല്‍ സഞ്ജുവിനെ ഇറക്കി ചെറുക്കാനുള്ള പ്ലാനാണ് മാനേജ്മെന്‍റിനെന്നാണ് അശ്വിന്‍റെ വിലയിരുത്തല്‍.
'സഞ്ജുവിന് കിട്ടുന്ന പിന്തുണ എന്നെ അതിശയിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. കോച്ചും ക്യാപ്റ്റനും അത്രമാത്രം പിന്തുണയാണ് താരത്തിന് നല്‍കുന്നത്. അത് അസൂയാവഹമാണ്. ഞങ്ങള്‍ സഞ്ജുവിനൊപ്പമുണ്ടെന്ന സൂര്യയുടെ വാക്കുകള്‍ കളിക്കളത്തില്‍ പ്രകടമാണെ'ന്നും അശ്വിന്‍ പറയുന്നു. പവര്‍പ്ലേയിലാകും സഞ്ജുവിനെ ഇനി പ്രയോജനപ്പെടുത്തിയേക്കുക. തുടക്കത്തില്‍ വിക്കറ്റ് വീണാല്‍ സഞ്ജു ഇറങ്ങുമെന്നും അശ്വിന്‍ വിശദീകരിച്ചു.
തുടര്‍ച്ചയായി 21 തവണ പൂജ്യത്തിന് പുറത്താകാത്തിടത്തോളം കാലം താന്‍ കൈവിടില്ലെന്ന് ഗംഭീര്‍ സഞ്ജുവിന് ഉറപ്പ് കൊടുത്തിട്ടുണ്ടെന്നതും അശ്വിന്‍ ഓര്‍മ്മിപ്പിക്കുന്നു. 'ഇതാണ് പ്രോജക്ട് സഞ്ജു സാംസണ്‍. ഞാന്‍ സഞ്ജുവിനെ ഇന്‍റര്‍വ്യൂ ചെയ്തപ്പോഴാണ് ഗംഭീര്‍ നല്‍കുന്ന പ്രോല്‍സാഹനത്തെ കുറിച്ച് താരം തുറന്ന് പറഞ്ഞത്. സൂര്യകുമാര്‍ നല്‍കുന്ന ആത്മവിശ്വാസത്തെ കുറിച്ചും സഞ്ജു വാചാലനായി. സഞ്ജുവിന്‍റെ കഴിവിനെ കുറിച്ച് മാനേജ്മെന്‍റിന് മതിപ്പുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്'- അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. യുഎഇയ്ക്കെതിരായ ആദ്യ മല്‍സരത്തില്‍ ഡൈവിങ് ക്യാച്ചുകളും അതിവേഗ സ്റ്റംപിങുകളുമായി സഞ്ജു കളം നിറഞ്ഞിരുന്നു.