സെപ്റ്റംബര്‍ ഒന്‍പതിന് ആരംഭിക്കുന്ന ഏഷ്യാകപ്പ് ട്വന്‍റി20യില്‍ സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെന്ന് ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍. ശുഭ്മന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി ടീമിലേക്ക് എത്തിയതോടെ സഞ്ജുവിന്‍റെ സാധ്യതകള്‍ മങ്ങിയെന്നും പ്ലേയിങ് ഇലവനില്‍ പോലും ഉണ്ടാകില്ലെന്നും ആരാധകര്‍ ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരമൊരു ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് ഗവാസ്കറിന്‍റെ പക്ഷം.
സഞ്ജുവിനെ പോലെ പ്രതിഭാസമ്പന്നനായ ഒരാളെ 15അംഗ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കില്‍ നിശ്ചയമായും പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. 'റിസര്‍വില്‍ വയ്ക്കാന്‍ സഞ്ജുവിനെ എടുക്കില്ല. കോര്‍ ടീമിന്‍റെ ഭാഗമാണ് സഞ്ജു. അദ്ദേഹം കളിക്കുക തന്നെ ചെയ്യും. മൂന്നാം നമ്പറില്‍ സഞ്ജു ഇറങ്ങിയേക്കും. അതല്ല, ആവശ്യമെങ്കില്‍ ഫിനിഷറുടെ റോളിലും ഇറങ്ങിയേക്കാം'- ഗവാസ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ശുഭ്മന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി മടങ്ങിയെത്തിയതോടെ അഭിഷേക് ശര്‍മയ്ക്കൊപ്പം ഓപ്പണറാകുമെന്ന് ഏറെക്കുറെ ഉറപ്പായി. ഐപിഎലില്‍ ഫിനിഷറായി മികവ് പ്രകടിപ്പിച്ച ജിതേഷ് ശര്‍മയും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. എന്നാലും സഞ്ജുവിനാകും മുന്‍തൂക്കമെന്ന് തന്നെയാണ് ഗവാസ്കര്‍ ഉറപ്പിക്കുന്നത്. ആദ്യത്തെ കുറച്ച് മല്‍സരങ്ങളിലെങ്കിലും സഞ്ജുവിന് തന്നെയാകും പ്രഥമ പരിഗണന. ഫോം അനുസരിച്ചാകും മറ്റു മല്‍സരങ്ങളിലെ കാര്യങ്ങള്‍ നിശ്ചയിക്കപ്പെടുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിലക് അഞ്ചാമതോ ആറാമനായോ ഇറങ്ങും. ഹാര്‍ദികും മധ്യനിരയിലാകും. ഇങ്ങനെ സഞ്ജുവിന് വേണ്ടി മൂന്നാം സ്ഥാനം കണ്ടെത്താന്‍ കഴിയുമെന്നും ഗവാസ്കര്‍ പറയുന്നു. കരുത്തുറ്റ മധ്യനിര ഭാവിയില്‍ ഇന്ത്യയ്ക്കുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പ്രതിഭകളുടെ ധാരാളിത്തമുള്ളതിനാല്‍ തന്നെ ആരെയെങ്കിലുമൊക്കെ ബെഞ്ചിലിരുത്തേണ്ടി വരും. റിങ്കു സിങോ ശിവം ദുബെയോ ആകും പുറത്തിരിക്കേണ്ടി വരികെയെന്നും ഒരാളെ ഒഴിവാക്കി പകരം ഓള്‍റൗണ്ടറായ അക്സര്‍ പട്ടേലിനെ കൊണ്ടുവന്ന് ടീമിന്‍റെ സന്തുലിതാവസ്ഥ ഉറപ്പാക്കാന്‍ കഴിയുമെന്നും താരം കൂട്ടിച്ചേര്‍ത്തു. അക്സര്‍ പട്ടേലിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാല്‍ നാല് ഓവറുകള്‍ എറിയാനും ഇടങ്കയ്യന്‍ ബാറ്ററായും ഉപയോഗപ്പെടുത്താന്‍ കഴിയും.
മൂന്ന് പേസര്‍മാര്‍, രണ്ട് സ്പിന്നര്‍മാര്‍,ഹാര്‍ദിക് പാണ്ഡ്യ എന്നിങ്ങനെ ആറു ബോളര്‍മാരെയാകും ഇന്ത്യ പരീക്ഷിക്കുകയെന്നാണ് ഗവാസ്കര്‍ കണക്കുകൂട്ടുന്നത്. സ്പിന്നില്‍ കുല്‍ദീപും അക്സര്‍ പട്ടേലുമാണ് പട്ടികയില്‍. മൂന്നാംസീമറായി ഹര്‍ഷിത് റാണയും എത്തിയേക്കാം. ഒരു ബോളര്‍ ഫോം ഔട്ടായാല്‍ മറ്റൊരാള്‍ ആ കുറവ് പരിഹരിക്കണം. ആ പാകത്തിലായിരിക്കും ടീം പ്രഖ്യാപനമുണ്ടാകുക. ട്വന്‍റി 20യില്‍ നാലോവര്‍ മാത്രമേ എറിയേണ്ടി വരികയുള്ളൂവെന്നതിനാല്‍ തന്നെ ബുംറയെ സംബന്ധിച്ച് ആശങ്ക വേണ്ടെന്നും ഒരു തരത്തിലുള്ള സമ്മര്‍ദങ്ങളും ഉണ്ടാവില്ലെന്നും ഗവാസ്കര്‍ പറയുന്നു. നാലോവറും ആര്‍ക്കും അടുപ്പിച്ച് എറിയേണ്ടി വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.