file photo: PTI
ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര സ്വപ്നമിട്ടെങ്കിലും സമനില പിടിച്ച ആശ്വാസത്തിലാണ് ടീം ഇന്ത്യ. തുടര്‍ച്ചയായ രണ്ട് ടെസ്റ്റ് പരമ്പരകളുടെ തോല്‍വി ഭാരം ഇറക്കി വച്ച ആഹ്ലാദവും ടീമില്‍ അലതല്ലുന്നുണ്ട്. അഞ്ചു മല്‍സരങ്ങളുടെ പരമ്പര മുഹമ്മദ് സിറാജിന്‍റെ കരുത്തുറ്റ ബോളിങ് മികവിലാണ് ഇന്ത്യ സമനിലയിലാക്കിയത്. ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതോടെ ടീമിന്‍റെ ഭാവിയെ സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങള്‍ പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗില്ലിന്‍റെ ക്യാപ്റ്റന്‍സിയാണ് മുന്‍താരങ്ങളക്കം സജീവ ചര്‍ച്ചയാക്കുന്നതും.
മുന്‍നിര താരങ്ങള്‍ ടീമിലുള്ളപ്പോള്‍ താരതമ്യേനെ ചെറുപ്പമായ ഗില്ലിനെ ടെസ്റ്റ് ടീം ക്യാപ്റ്റനാക്കിയ തീരുമാനം പലരുടെയും നെറ്റി ചുളിപ്പിച്ചിരുന്നു. ഗംഭീറിനും അഗാര്‍ക്കറിനും പോലും വിശദീകരിക്കാന്‍ പറ്റാത്ത ഉയരത്തിലെ തലമുറമാറ്റമാണിതെന്ന് പലരും എഴുതി. എന്നാല്‍ ഓവല്‍ ത്രില്ലറോടെ ഇന്ത്യ പരമ്പര സമനിലയില്‍ പിടിച്ചത് ഏറെ ഗുണം ചെയ്തത് ഗില്ലിനാണ്. 10 ഇന്നിങ്സില്‍ നിന്നായി 754 റണ്‍സ് അടിച്ചുകൂട്ടിയ ഗില്ലാണ് പരമ്പരയുടെ താരവും. ടെസ്റ്റ് പരമ്പരയില്‍ ഒരിന്ത്യന്‍ ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറും ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും മികച്ച രണ്ടാമത്തെ സ്കോറും ഗില്‍ സ്വന്തം പേരിലാക്കി. 1936–37 ആഷസില്‍ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍ കുറിച്ച 810 റണ്‍സിന്‍റെ റെക്കോര്‍ഡാണ് ഗില്ലിന് മുന്നിലുള്ളത്. ഇതോടെയാണ് ടെസ്റ്റില്‍ മാത്രമല്ല, ഏകദിനത്തിലും തലമുറ മാറ്റം വേണമെന്നും ഗില്‍ തന്നെ നയിക്കട്ടെ എന്നും ചര്‍ച്ചകള്‍ ഉയര്‍ന്നത്.
രോഹിത് ശര്‍മയ്ക്ക് ഇനി എത്ര കാലം കൂടി കളിക്കാന്‍ പറ്റുമെന്നതില്‍ അവ്യക്തതയുണ്ടെന്നും ഗില്ലിനെ പോലെയുള്ള ചെറുപ്പക്കാരിലേക്ക് ക്യാപ്റ്റന്‍സി എത്തുകയാണ് വേണ്ടതെന്നും മുഹമ്മദ് കൈഫ് ഉള്‍പ്പടെ വാദിക്കുന്നു. 'ഏകദിന ക്യാപ്റ്റന്‍ സ്ഥാനവും ഗില്ലിലേക്ക് വന്നുചേരും. ക്യാപ്റ്റനായി രോഹിതിന് ഇനി എത്രനാള്‍ തുടരുമെന്ന് പറയാനാവില്ലല്ലോ. ചെറുപ്പക്കാരുടെ ടീമിനെ ചെറുപ്പക്കാരന്‍ തന്നെ നയിക്കണം എന്നാണ് തന്‍റെ ലൈന്‍ എന്നും യൂട്യൂബ് ചാനലില്‍ കൈഫ് വിശദീകരിച്ചു.
'ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ഗില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ചെറുപ്പക്കാരുടെ ടീമുമായി എത്തുന്ന ചെറുപ്പക്കാരനായ നായകന് മേല്‍ സമ്മര്‍ദങ്ങള്‍ കൂമ്പാരമായിരുന്നു. ബാറ്റ് കൊണ്ടാണ് ഗില്‍ അതിനെല്ലാം മറുപടി പറഞ്ഞത്. ഒരുഘട്ടത്തില്‍ ബ്രാഡ്മാന്‍റെ റെക്കോര്‍ഡ് കടപുഴക്കിയേക്കുമെന്നും കരുതി. എന്തൊരു തിരിച്ചുവരവാണിത്!– കൈഫ് കൂട്ടിച്ചേര്‍ത്തു.
അതേസമയം,നിലവില്‍ ഏകദിനത്തില്‍ മാത്രമാണ് രോഹിത് ശര്‍മ സജീവമായി കളിക്കുന്നത്. ബാര്‍ബഡോസിലെ ജയത്തിന് പിന്നാലെ ട്വന്‍റി20യില്‍ നിന്നും ഇംഗ്ലണ്ട് പര്യടനത്തിനുള്ളടീമിനെ പ്രഖ്യാപിക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെെ, മേയ് ആദ്യവാരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും രോഹിത് വിരമിക്കുകയും ചെയ്തു. 37കാരനായ രോഹിത് എത്രനാള്‍ നായക സ്ഥാനത്തുണ്ടാകാനാണ് എന്ന ചര്‍ച്ചകളും കൊഴുക്കുകയാണ്.
2027ലെ ലോകകപ്പ് നേടി വിരമിക്കുകയാണ് രോഹിതിന്‍റെ ലക്ഷ്യമെന്ന് രോഹിതിന്‍റെ ബാല്യകാല പരിശീലകനായ ദിനേഷ് വ്യക്തമാക്കിയിരുന്നു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പായിരുന്നു രോഹിതിന്‍റെ ലക്ഷ്യം. പക്ഷേ ഇന്ത്യയ്ക്ക് യോഗ്യത നേടാന്‍ കഴിഞ്ഞില്ല. ഇനി ഏകദിന ലോകകപ്പിലാണ് ശ്രദ്ധ. കിരീടത്തോടെ വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടായേക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളില്‍ വച്ച് 2027 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായാകും ഏകദിന ലോകകപ്പ് നടക്കുക. അതേസമയം, ഒക്ടോബര്‍ 19ന് പെര്‍ത്തില്‍ ആരംഭിക്കുന്ന ത്രിദിന ഏകദിനത്തില്‍ രോഹിത് കളിക്കുമെന്നാണ് കരുതുന്നത്.