Image Credit: X
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്‍റി 20യിലും നിലം തൊടാതെ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍. മുല്ലന്‍പുരില്‍ അഭിഷേകിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യനെത്തിയ ഗില്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായി. ലുങ്ഗി എന്‍ഗിഡിയുടെ പന്തില്‍ സ്ട്രെയിറ്റ് ഡിഫന്‍സിന് ശ്രമിച്ച ഗില്ലിനെ റീസ ഹെന്‍ഡ്രിക്സ് കൈപ്പിടിയിലൊതുക്കി. തുടര്‍ച്ചയായി ഗില്‍ നിരാശപ്പെടുത്തിയതോടെ ആരാധകരും രോഷം മറച്ചുവച്ചില്ല. ' വേഗം പിടിച്ച് ട്വന്‍റി 20 ക്യാപ്റ്റന്‍ കൂടിയാക്കൂ' എന്നായിരുന്നു ഒരാളുടെ കമന്‍റ്. ഇനിയും ഗില്ലിനെ ഓപ്പണറാക്കി നിര്‍ത്തണോ? സഞ്ജുവിനെ വിളിക്കൂവെന്ന് പോസ്റ്റ് ചെയ്തിട്ടുള്ളവരും കുറവല്ല. കടുത്ത പരിഹാസവും ട്രോളുകളും എക്സില്‍ നിറയുന്നുമുണ്ട്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള സഞ്ജുവിനെ ബെഞ്ചിലിരുത്തുമ്പോള്‍ ഇതൊക്കെ തന്നെ വരണമെന്ന് ചിലര്‍ കുറിച്ചു. ഗംഭീറിനെയും അജിത് അഗാര്‍ക്കെറെയും വിമര്‍ശിക്കുന്നവരും കുറവല്ല. യശസ്വിയെയും ഋതുരാജിനെയും ഗില്ലിന് വേണ്ടിയാണ് പുറത്തിരുത്തിയിരിക്കുന്നതെന്ന് മറക്കരുതെന്നായിരുന്നു ഒരാള്‍ കുറിച്ചത്. ഗംഭീറിന്‍റെയും അഗാര്‍ക്കറിന്‍റെയും ഇഷ്ടക്കാര്‍ക്കാണ് ടീമില്‍ സ്ഥാനമെന്നും എന്തുകൊണ്ടാണ് സഞ്ജുവിനും ജയ്സ്വാളിനും ഇതുപോലെ അവസരം ലഭിക്കാത്തതെന്നും ആരാധകര്‍ ചോദ്യം ഉയര്‍ത്തുന്നു. ആദ്യ ട്വന്‍റി 20യില്‍ രണ്ട് പന്തില്‍ നിന്ന് നാല് റണ്‍സ് മാത്രമായിരുന്നു ഗില്ലിന്‍റെ സമ്പാദ്യം.
സഞ്ജുവോ ഗില്ലോ എന്ന് ട്വന്‍റി20 പരമ്പരയ്ക്ക് മുന്‍പ് ചോദ്യമുയര്‍ന്നപ്പോള്‍ സഞ്ജുവിന് ആവശ്യത്തിന് അവസരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നായിരുന്നു ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്‍റെ മറുപടി. സഞ്ജുവിന് മുന്‍പ് ഗില്ലാണ് ഓപ്പണറായിരുന്നതെന്നും ഗില്‍ മടങ്ങിയെത്തിയ സ്ഥിതിക്ക് ഗില്‍ തന്നെയാണ് അര്‍ഹനെന്നും സൂര്യകുമാര്‍ വ്യക്തമാക്കിയിരുന്നു.