ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനിലേക്ക് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളിലേക്ക് തിരെഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശീയ സ്പോര്‍ട്സ് ബോര്‍ഡ് നിലവില്‍ വന്നത് പി.ടി.ഉഷയ്ക്ക് വെല്ലുവിളിയാകും.
സ്പോര്‍ട്സ് ബോര്‍ഡിന്റെ റോളെന്ത്?
ഓരോ കായിക ഇനങ്ങളുടെയും അസോസിയേഷനുകള്‍ക്ക് അംഗീകാരം നല്‍കുക ഇനി മുതല്‍ ദേശീയ സ്പോര്‍ട്സ് ബോര്‍ഡ് ആയിരിക്കും. കായിക സംഘടനകളില്‍ രാഷ്ട്രീയ സ്വാധീനം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്പോര്‍ട്സ് ബോര്‍ഡ് കൊണ്ടുവന്നത്. കായിക സംഘടനകളിലെ തര്‍ക്കം പരിഹരിക്കുന്നതും ഇനി സ്പോര്‍ട്സ് ബോര്‍ഡ് ആയിരിക്കും. തര്‍ക്കങ്ങളിലെ പരാതികള്‍ നേരെ കോടതിയിലേക്ക് പോകുന്നരീതിക്കും ഇതോടെ മാറ്റംവരും.
നിലവില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനായിരുന്നു കായിക ഫെഡറേഷനുകള്‍ക്ക് അംഗീകാരം നല്‍കിയിരുന്നത്. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് അംഗീകാരം ഉള്ള എല്ലാ സംഘടനങ്ങളും സ്പോര്‍ട്സ് ബോര്‍ഡില്‍ നിന്ന് അനുമതി തേടണം. അംഗീകാരത്തിന് അപേക്ഷിക്കുമ്പോള്‍ നിലവില്‍ തര്‍ക്കമുള്ള ചില കായിക സംഘടനകള്‍ക്ക് അത് തിരിച്ചടിയായേക്കാം.
ഉഷയ്ക്ക് എങ്ങനെ വെല്ലുവിളിയാകും?
സ്പോർട്സ് പഴ്സൻ ഓഫ് മെറിറ്റിലെ തോല്‍വിക്ക് പിന്നാലെയാണ് ഫെഡറേഷന് പ്രതിനിധിയായി പി.ടി.ഉഷ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് കൗണ്‍സിലിലേക്ക് വീണ്ടുമെത്തിയത്. ഐസ് ഹോക്കി അസോസിയേഷന്റെ വനിത പ്രതിനിധി ആയിട്ടാണ് ഉഷ കൗണ്‍സിലിലേക്ക് എത്തിയത്. ഐസ് ഹോക്കി അസോസിയേഷന് സംഘടനാ രൂപീകരണത്തില്‍ നിലവില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് അംഗീകാരം നല്കിയ ഐസ് ഹോക്കി അസോസിയേഷനുമായി തര്‍ക്കമുള്ളവര്‍ സ്പോര്‍ട്സ് ബോര്‍ഡിനെ സമീപിക്കാന്‍ സാധ്യതയേറി.
ഈ തര്‍ക്കം ബോര്‍ഡിന് മുന്നിലെത്തുമ്പോള്‍ സ്പോര്‍ട്സ് ബോര്‍ഡ് ഏത് സംഘടനക്ക് അനുമതി നല്‍കുമെന്നത് വളരെ നിര്‍ണായകം ആണ്. നിലവിലെ ഐസ് ഹോക്കി അസോസിയേഷന് അതേപടി അംഗീകാരംലഭിച്ചില്ലെങ്കില് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മല്‍സരിക്കാനിരിക്കുന്ന ഉഷയ്ക്ക് അത് വെല്ലുവിളിയാകും. നിലവിലെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് പ്രസിഡന്റാണ് പി.ടി.ഉഷ.
ഐഒഎ തിരഞ്ഞെടുപ്പ് എന്ന്?
അടുത്തമാസം അഞ്ചിനാണ് ഐഒഎ തിരഞ്ഞെടുപ്പ്. ഈമാസം 22മുതല്‍ 24വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. പ്രസിഡന്റ് സ്ഥാനത്തേക്ക് ഉഷ മല്‍സരിച്ച് ജയിച്ചാലും സ്പോര്‍ട്സ് ബോര്‍ഡിന് മുന്നില്‍ ഐസ് ഹോക്കി അസോസിയേഷന്റെ തര്‍ക്കം എത്താനുള്ള സാധ്യതനിലനില്‍ക്കുന്നു. ആകെ 71 പേര്‍ക്കാണ് വോട്ടുള്ളത്. കായിക സംഘടനാ പ്രതിനിധികളായ 60 പേരും SOMല്‍ നിന്ന് 8 പേരും അത്ലറ്റ് കമ്മീഷനില്‍നിന്ന് മീരാ ഭായ് ചാനുവും സജന് പ്രകാശും ഐഒസി അംഗമായ നിത അംബാനിക്കുമാണ് വോട്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുമോയെന്ന കാര്യത്തില്‍ ഉഷ നിലപാട് വ്യക്തമാക്കിയിട്ടില്ല.