ട്വന്റി 20 ലോകകപ്പ് സമയത്ത് സഞ്ജു സാംസണ് നല്കിയ ഉപദേശം എന്താണ്? ചോദ്യം ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്ഡുല്ക്കറോടാണ്. ചോദ്യത്തിന് മറുപടി ഇങ്ങനെ. ‘നീ പോ മോനെ ദിനേശാ.... എന്നാണ് ഞാന്‍ പറഞ്ഞുകൊടുത്തത്, അതിന്റെ അര്‍ഥമെന്താണെന്ന് സഞ്ജു പറഞ്ഞുതരും’. ലോകകപ്പ് വേളയിൽ സഞ്ജുവുമായി നടത്തിയ ആശയവിനിമയങ്ങളെക്കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് സച്ചിൻ നൽകിയ ഈ രസകരമായ മറുപടിയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നത്. എന്നാല്‍ അവിടെയും തീര്‍ന്നില്ല. ഒടുവില്‍ എല്ലാം വന്ന് അവസാനിച്ചത് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ കൈകളിലും.
‘ലോകകപ്പ് സമയത്ത് സഞ്ജു നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും മണിക്കൂറുകളോളം സംസാരിച്ചിരുന്നുവെന്നും പറഞ്ഞിരുന്നല്ലോ, എന്താണ് അദ്ദേഹത്തോട് പറഞ്ഞത്?’എന്നായിരുന്നു ആരാധകന്റെ ചോദ്യം. പിന്നാലെ സഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മലയാളത്തിലെ ഹിറ്റ് സിനിമാ ഡയലോഗുമായി സച്ചിനെത്തി. ‘നീ പോ മോനേ ദിനേശാ... ഇതിന്റെ യഥാർഥ അർഥം എന്താണെന്ന് സഞ്ജു പറഞ്ഞുതരും’ എന്നായിരുന്നു സച്ചിൻ കുറിച്ചത്. നിമിഷങ്ങൾക്കകം സച്ചിന്റെ പോസ്റ്റ് വൈറലായി.
പിന്നാലെ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചുകൊണ്ട് സഞ്ജു സാംസണും രംഗത്തെത്തി. ‘സച്ചിൻ സാർ, ഇതിന്റെ അർഥം പറയാന്‍ അനുയോജ്യനായ വ്യക്തി നമ്മുടെ സ്വന്തം ലാലേട്ടനാണ്... ലാലേട്ടാ ദയവായി പറയൂ.’ എന്ന കുറിപ്പോടെ മോഹൻലാലിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു സഞ്ജുവിന്റെ പ്രതികരണം. പിന്നെ ലാലേട്ടന്റെ പ്രതികരണത്തിന് കാത്തിരിപ്പായി ആരാധകര്‍.
ഒടുവില്‍ ലാലേട്ടന് എന്ത് മറുപടി നല്‍കും എന്ന് കാത്തിരുന്നവരുടെ മുന്‍പിലേക്ക് അവസാനം ആ പോസ്റ്റുമെത്തി. സഞ്ജുവിന്റെ സ്റ്റോറി പങ്കുവച്ചുകൊണ്ട് ലാലേട്ടന്റെ പ്രതികരണം. ‘മോനെ സഞ്ജു, സച്ചിൻ ടെണ്ടുൽക്കർ സിക്സർ പറത്തുമ്പോൾ, 'നീ പോ മോനെ ദിനേശാ' എന്നതായിരുന്നു ബൗളർക്കുള്ള സന്ദേശം. അതായത്, നീ അടുത്ത പന്ത് ഒന്ന് എറിഞ്ഞു നോക്കൂ. നിന്റെ ബാറ്റും ഇപ്പോൾ അതുതന്നെയാണ് പറയുന്നത്. നീ മുന്നോട്ട് പോകൂ, അടുത്ത ബൗളർ കാത്തുനിൽക്കുന്നുണ്ട്’– മോഹന്‍ ലാല്‍ കുറിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിനില്‍ നിന്നും തുടങ്ങി സഞ്ജുവിലൂടെ മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന് വരെ എത്തി നില്ക്കുന്ന ഈ മറുപടികളാണ് സോഷ്യല്‍ ലോകത്ത് ഹിറ്റ്.
അതേസമയം, സച്ചിന് തന്റെ മറ്റ് ആരാധകര്‍ക്കും മറുപടി നല്‍കിയിട്ടുണ്ട്. ഇഡ്ലിയെ പറ്റിയുള്ള ചിന്തകള്‍ എന്താണെന്നായിരുന്നു മറ്റൊരു ചോദ്യം. ഇഡ്ലിയെ പറ്റി ചിന്തിക്കാറില്ല, കഴിക്കാറേയുള്ളു എന്ന് മറുപടി. പതിനഞ്ചാം വയസ്സില്‍ വൈഭവ് സൂര്യവംശി ക്യാപ്റ്റന്‍ ആയതില്‍ എന്താണ് അഭിപ്രായമെന്ന് ചോദ്യം. ദുലീപ് ട്രോഫിയില്‍ വൈഭവിനെ വൈസ് ക്യാപ്റ്റനാക്കിയത് അല്‍പ്പം നേരത്തെയായി. ചുവന്ന പന്തില്‍ വൈഭവ് അല്‍പ്പം കൂടി കളിക്കേണ്ടിയിരുന്നുവെന്ന് മറുപടി. ആരാണ് പ്രിയപ്പെട്ട വിദേശതാരങ്ങള്‍ എന്നായിരുന്നു മറ്റൊരു ചോദ്യം. ഹാരി ബ്രൂക്ക്, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത് എന്ന് സച്ചിന്. എന്തുകൊണ്ടാണ് പാന്‍മസാല, ഗാമ്പ്ലിങ് പരസ്യങ്ങള്‍ ചെയ്യാത്തത് എന്ന ചോദ്യത്തിന് പിതാവിന് നല്കിയ വാക്ക് എന്നായിരുന്നു മറുപടി. സാമൂഹ്യമാധ്യമമായ റെഡ്ഡിറ്റിലെ ചോദ്യങ്ങള്‍ക്കായിരുന്നു സച്ചിന് മറുപടി നല്‍കിയത്.