gurnoor-brar

യുവ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഗുർനൂർ ബ്രാർ വിവാദത്തിൽ. താരത്തിന്റേതെന്ന തരത്തിലുള്ള അർധനഗ്നചിത്രങ്ങളും സ്വകാര്യ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. സ്നാപ്ചാറ്റ് ആപ്ലിക്കേഷനിൽ നിന്നുള്ളതെന്നു പറയപ്പെടുന്ന ചിത്രങ്ങളും സന്ദേശങ്ങളും റെഡ്ഡിറ്റ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.

ബാത്ത്റൂം മിറർ സെൽഫിയെന്ന് തോന്നിപ്പിക്കുന്ന ചിത്രത്തിൽ താരം അര്‍ധനഗ്നനായി, ടവൽ മാത്രം കയ്യില്‍ പിടിച്ച് നിൽക്കുന്നതായി കാണാം. ഈ അർധനഗ്നചിത്രം സ്‌നാപ്ചാറ്റിലൂടെ പങ്കുവയ്ക്കുകയും പെൺകുട്ടികളോട് അവരുടെ നഗ്നചിത്രങ്ങൾ അയച്ചുനൽകാന്‍ ആവശ്യപ്പെടുകയും ചെയ്തെന്നാണ് താരത്തിനെതിരെയുള്ള ആരോപണം. താരത്തിന്‍റേതെന്ന് ആവകാശപ്പെടുന്ന ചില സ്വകാര്യ ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്.

എന്നാല്‍ പ്രചരിക്കുന്ന ചിത്രങ്ങൾ യഥാർഥത്തിൽ ഗുർനൂർ ബ്രാറിന്റേത് തന്നെയാണോ അതോ എഐ ഉപയോഗിച്ച് മോർഫ് ചെയ്തതാണോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. എങ്കിലും ചിത്രത്തിലെ വ്യക്തി ഗുർനൂർ ബ്രാർ തന്നെയാണെന്ന വാദവുമായാണ് ചില നെറ്റിസൺസ് രംഗത്തെത്തിയത്. താരത്തിന്റെ കഴുത്തിലുള്ള ചെയിനും ഇൻസ്റ്റഗ്രാമിലെ പഴയ ചിത്രങ്ങളിലെ ചെയിനും തമ്മിൽ സാമ്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഇവർ ഈ അവകാശവാദം ഉന്നയിക്കുന്നത്. 

വിവാദം കത്തിയതോടെ ആരാധകരും താരത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി. ഗുര്‍നൂര്‍ കരിയര്‍ ആരംഭിച്ചിട്ടേയുള്ളൂ... അങ്ങിനെയിരിക്കേ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് അംഗീകരിക്കാനാകില്ല എന്നാണ് വിമര്‍ശകരുടെ പക്ഷം. സംഭവത്തില്‍ ബിസിസിഐ ഇടപെടണമെന്നും ഗുർനൂർ ബ്രാറിനെതിരെ നടപടി സ്വീകരിക്കണമെന്നും നെറ്റിസണ്‍സ് ആവശ്യപ്പെടുന്നുണ്ട്. അതേസമയം, വിവാദവുമായി ബന്ധപ്പെട്ട് താരമോ ബിസിസിഐയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഈ വർഷം ജൂണിൽ അഫ്ഗാനിസ്ഥാനെതിരായ ഏകദിന മത്സരത്തിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരമാണ് പഞ്ചാബില്‍ നിന്നുള്ള 26കാരനായ ഗുർനൂർ ബ്രാർ. നിലവിൽ ഇന്ത്യയുടെ ഏകദിന ടീമിന്റെ ഭാഗമായ താരം ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. നിലവില്‍ ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും താരമുണ്ട്. പരമ്പര ഇന്ന് തുടങ്ങാനിരിക്കെയാണ് പുതിയ വിവാദങ്ങൾ.

ഇന്ത്യ- ന്യൂസീലന്‍ഡ് ഏകദിന പരമ്പര ഇന്ന് ഓക്‌ലന്‍ഡില്‍ രാവിലെ 7.30 ന് തുടങ്ങും. രോഹിത് ശർമയും വിരാട് കോലിയും ടീമില്‍ തിരിച്ചെത്തുന്നത് ഇന്ത്യൻ ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യമായി ഇന്ത്യയെ രണ്ടുക്യാപ്റ്റന്‍മാര്‍ നയിക്കും. ആദ്യ മൂന്ന് മത്സരങ്ങളില്‍ ശുഭ്മാൻ ഗില്ലും അവസാന രണ്ട് മത്സരങ്ങളിൽ ശ്രേയസ് അയ്യരും. ട്വന്റി20 പരമ്പര ഇന്ത്യ 3–2 എന്ന നിലയില്‍ ഇന്ത്യ നേടിയിരുന്നു.

ENGLISH SUMMARY:

Young Indian fast bowler Gurnoor Brar has landed in a major controversy as semi-nude photos and private chat screenshots allegedly belonging to him surfaced on platforms like Reddit and Snapchat. The leaked content claims the player requested explicit images from girls, though it remains unconfirmed whether the images are genuine or AI-generated morphs. Netizens have pointed out similarities in jewelry to spark widespread debate, prompting calls for action from cricket fans ahead of India's ODI series opener against New Zealand. Neither Brar nor the BCCI has issued an official statement regarding the viral social media leak so far.