sivi-krishnan

TOPICS COVERED

  • മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തിരികെയെത്തിയ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ കരഞ്ഞും കെട്ടിപ്പിടിച്ചും സ്വീകരിച്ച് വിദ്യാർഥികളും രക്ഷിതാക്കളും.

വയനാട് മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രയ്ക്കിടെയുണ്ടായ വിവാദത്തിനു ശേഷം സ്കൂളിലെത്തിയ ഷിവി കൃഷ്ണനെ വൈകാരികമായി സ്വീകരിച്ച് വിദ്യാര്‍ഥികള്‍. കരഞ്ഞും കെട്ടിപിടിച്ചുമാണ് വിദ്യാര്‍ഥികള്‍ ഷിവി കൃഷ്ണനോട് സംസാരിച്ചത്. രക്ഷിതാക്കളും അധ്യാപകനെ കാണാന്‍ സ്കൂളിലെത്തിയിരുന്നു. 

പെട്ടന്നുണ്ടായ ആരോപണങ്ങളില്‍ വൈകാരികമായി തകര്‍ന്നു പോയെന്നാണ് ഷിവി കൃഷ്ണന്‍ കുട്ടികളോട് പറഞ്ഞത്. വിഡിയോക്ക് പിന്നാലെ ആളുകളെയും കുടുംബത്തെയും അഭിമുഖീകരിക്കാന്‍ വയ്യെന്നും പ്രശ്നമുണ്ടാക്കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  'ഈ പ്രശ്നങ്ങളുണ്ടാക്കിയവരെ വിടില്ല. കുട്ടികളെയും രക്ഷിതാക്കളെയും സ്കൂളിനെയും സമ്മര്‍ദത്തില്‍ നിര്‍ത്തിയവരെ വിടില്ലെന്നും എന്‍റെ സമ്പാദ്യം മുഴുവന്‍ വിറ്റാലും വിടില്ല' എന്നായിരുന്നു സിവി കൃഷ്ണന്‍റെ വാക്കുകള്‍. 

സങ്കുചിത താല്‍പര്യങ്ങളുടെ പേരില്‍ തന്‍റെ ഭാഗമോ കുട്ടികളുടെ ഭാഗമോ കേള്‍ക്കാതെ സംഭവം ആഘോഷിക്കുകയാണെന്നും മക്കളും ഭാര്യയും കുടുംബത്തിലെ പ്രായമുള്ള അമ്മയടക്കം തകര്‍ന്നു പോയെന്നും അധ്യാപകന്‍ പറഞ്ഞു. മദ്യപിച്ചോ എന്നറിയാന്‍ രക്തം പരിശോധനയ്ക്ക് കൊടുത്തത് സ്വന്തം ഇഷ്ടപ്രകാരമാണ്. ആരും അധികൃതര്‍ക്ക് പരാതി കൊടുത്തിട്ടില്ല. അധ്യാപക രംഗത്ത് തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

പ്രിൻസിപ്പൽ മദ്യപിച്ചിട്ടില്ലെന്ന് പരിശോധനാ ഫലം പുറത്തുവന്നു. മദ്യപിച്ചെന്ന് ആരോപിച്ച് രക്ഷിതാക്കൾ അടക്കം വിനോദ യാത്ര കഴിഞ്ഞ് വന്ന പ്രിൻസിപ്പലിനെ തടഞ്ഞിരുന്നു. 

ഹൈദരാബാദ് പഠനയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന വിദ്യാർഥികളുടെ വിഡിയോ പുറത്തുവന്നതോടെയാണ് മീനങ്ങാടി സ്കൂളിനു മുന്നിൽ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് വലിയ പ്രതിഷേധം ഉയർത്തിയത്. ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ സ്കൂളിൽ നേരിട്ടുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

Students and parents of Meenangadi Government Higher Secondary School warmly welcomed Principal Shivi Krishnan upon his return following a controversial excursion incident. Emotional scenes unfolded at the school as students broke down in tears and embraced their principal, who expressed deep distress over the unsubstantiated allegations. A medical examination voluntarily undertaken by Shivi Krishnan confirmed that he had not consumed alcohol during the Hyderabad study tour. The principal pledged legal action against those who spread false allegations, while a direct investigation by the Higher Secondary Regional Deputy Director remains underway.