മത്സരത്തിനിടെ അറിയാതെ  മലവിസർജനം നടത്തിയിട്ടും ഓടി  ഒന്നാമതെത്തിയതിന്‍റെ പേരിൽ വിവാദത്തിലായ ഓസ്ട്രേലിയൻ താരം ജൊവാന വെട്രെക് വീണ്ടും വിജയവഴിയിൽ. മാസങ്ങൾക്കു മുൻപ് ബീജിങ്ങിൽ നടന്ന ഹൈറോക്സ് (HYROX) ഫിറ്റ്നസ് മത്സരത്തിനിടെയായിരുന്നു ജൊവാനയുടെ പ്രകടനം വാർത്തകളിൽ ഇടംപിടിച്ചത്. അപ്രതീക്ഷിതമായി നേരിട്ട പ്രതിസന്ധിക്കിടയിലും മത്സരം പൂർത്തിയാക്കി ഒന്നാമതെത്തിയെങ്കിലും, പിന്നാലെ വലിയ വിമർശനങ്ങളാണ് താരത്തെ തേടിയെത്തിയത്.

ദീർഘദൂര ഓട്ടത്തിനിടെ കായികതാരങ്ങൾക്ക് വയറിളക്കമോ മലവിസർജനമോ സംഭവിക്കുന്നത് അപൂർവമല്ല. എന്നാൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഹൈറോക്സ് മത്സരത്തിനിടെ ജൊവാനയുടെ വിസർജ്യം ട്രാക്കിലും കായികോപകരണങ്ങളിലുമെല്ലാം പടർന്നത് മറ്റു താരങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി. സാഹചര്യം കണക്കിലെടുക്കാതെ മത്സരം തുടർന്ന സംഘാടകരുടെ നടപടിയും വിമർശനത്തിനിടയാക്കി.

ജൊവാനയുടെ വിസർജ്യം കായികോപകരണങ്ങളിൽ പറ്റിയതോടെ മറ്റു താരങ്ങൾ അവ ഉപയോഗിക്കാൻ മടിച്ചുനിന്നു. ഇത് ജൊവാനയ്ക്ക് മത്സരത്തിൽ അനുകൂല സാഹചര്യമൊരുക്കിയെന്നായിരുന്നു വിമർശനം. വിവാദം ശക്തമായതോടെ താരം പരസ്യമായി മാപ്പുപറയുകയും തന്‍റെ സ്വര്‍ണനേട്ടം  ഉപേക്ഷിക്കുകയും ചെയ്തു.

എന്നാൽ ആ അനുഭവം തന്നെ തളർത്തിയിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ജൊവാന. വെള്ളിയാഴ്ച ജർമനിയിൽ നടന്ന ഹൈറോക്സ് മത്സരത്തിൽ 56 മിനിറ്റ് 10 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് താരം വീണ്ടും ഒന്നാമതെത്തിയത്. തുടക്കം മുതൽ മുന്നിലായിരുന്ന ജൊവാന, രണ്ടാം സ്ഥാനത്തെത്തിയ അമേരിക്കൻ താരം ലോറൻ വീക്സിനെ 16 സെക്കൻഡ് വ്യത്യാസത്തിൽ പിന്നിലാക്കി.

മാരത്തൺ ഉൾപ്പെടെയുള്ള ദീർഘദൂര മത്സരങ്ങളിൽ ദഹനസംബന്ധമായ പ്രശ്നങ്ങളും മലവിസർജനവും കായികതാരങ്ങൾക്ക് പലപ്പോഴും സംഭവിക്കാറുണ്ട്.  ഓട്ടത്തിനൊപ്പം ഭാരമുയർത്തൽ ഉൾപ്പെടെയുള്ള വ്യത്യസ്ത വ്യായാമങ്ങൾ ഉൾക്കൊള്ളുന്ന ഹൈറോക്സ് മത്സരത്തിൽ ഇത്തരമൊരു സാഹചര്യമുണ്ടാകാനുള്ള സാധ്യത കൂടുതലാണ് . അതുകൊണ്ടുതന്നെ ബീജിങ്ങിലെ സംഭവം വലിയ ചർച്ചയായി.

വിവാദത്തിനും വിമർശനങ്ങൾക്കും ശേഷം വീണ്ടും മത്സരരംഗത്തെത്തി വിജയം നേടിയ ജൊവാനയുടെ തിരിച്ചുവരവിന് കായികലോകത്ത് കൈയടിയുയരുകയാണ്.

ENGLISH SUMMARY:

Johana Wetrek return to winning ways is highlighted in this Malayala Manorama Online News report after overcoming a major fitness race controversy. The Australian athlete secured first place at a recent event in Germany, proving her resilience following the previous incident.