നാല്‍പ്പതുദിവസം നീളുന്ന പര്യടനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ന്യൂസീലന്‍ഡില്‍ എത്തി. ട്വന്റി 20, ഏകദിനം, ടെസ്റ്റ് എന്നിവ ഉള്‍ക്കൊള്ളുന്നതാണ് മത്സരപരമ്പര. നാളെ ക്രൈസ്റ്റ് ചര്‍ച്ചില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 ന് ട്വന്റി 20 മത്സരത്തോടെയാണ് തുടക്കം. ശ്രേയസ് അയ്യർ നയിക്കുന്ന ടി20 ടീം ക്രൈസ്റ്റ് ചര്‍ച്ചില്‍ എത്തി. അഭിഷേക് ശർമ, സഞ്ജു സാംസൺ, തിലക് വർമ്മ, ശിവം ദുബെ എന്നിവരുടെ ബാറ്റിങ് കരുത്തിനൊപ്പം വൈഭവ് സൂര്യവംശിയുടെ പ്രകടനവും ആരാധകർ ഉറ്റുനോക്കുന്നു.

15 വയസ്സിൽ ഇന്ത്യൻ സീനിയർ ടീമിലെത്തിയ സൂര്യവംശി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ഐപിഎല്ലിലെ വെടിക്കെട്ട് ബാറ്റിങ്ങിനും രാജ്യാന്തര ക്രിക്കറ്റിലെ റെക്കോർഡ് നേട്ടങ്ങൾക്കും പിന്നാലെ ന്യൂസീലൻഡിലെ സാഹചര്യങ്ങളിലും തകര്‍പ്പനടി പുറത്തെടുക്കാനാകുമോ എന്നതാണ് പ്രധാന ചോദ്യം. സൂര്യവംശിയെ നേരിടാൻ പ്രത്യേക തന്ത്രങ്ങൾ ഒരുക്കുന്നതായി ന്യൂസീലൻഡ് പേസർ ജേക്കബ് ഡഫി പറഞ്ഞിരുന്നു. അതേസമയം, സ്വന്തം നാട്ടിൽ ഇന്ത്യയെ നേരിടുന്ന ന്യൂസീലൻഡും ലോകകപ്പ് ലക്ഷ്യമിട്ടുള്ള ഒരുക്കങ്ങളിലാണ്. മിച്ചൽ സാന്റ്നറുടെ നേതൃത്വത്തിലുള്ള ടീമിൽ ഫിൻ അലൻ, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര തുടങ്ങിയവരുടെ പ്രകടനം നിർണായകമാകും. 

ട്വന്റി 20 പരമ്പരയില്‍ അഞ്ചുമത്സരങ്ങള്‍. നവംബർ നാലിന് അഞ്ചുമത്സരങ്ങള്‍ അടങ്ങുന്ന ഏകദിന പോരാട്ടം തുടങ്ങും. രോഹിത് ശർമയും വിരാട് കോലിയും ഏകദിന ടീമിലുള്ളത് ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്ക് അനുഭവസമ്പത്ത് നൽകുന്നു. ശുഭ്മൻ ഗിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ ടീമിനെ നയിക്കുമ്പോൾ അവസാന രണ്ട് ഏകദിനങ്ങളിൽ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ്. നവംബർ 19-ന് വെല്ലിങ്ടണിൽ ആദ്യ ടെസ്റ്റ്. നവംബർ 27-ന് ക്രൈസ്റ്റ്ചർച്ചിൽ രണ്ടാം ടെസ്റ്റും ആരംഭിക്കും. ടി20യിലെ വെടിക്കെട്ട് മുതൽ ഒടുവിൽ ടെസ്റ്റ് ക്രിക്കറ്റിന്റെ ക്ലാസ് വരെ... ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മുന്നിൽ ന്യൂസീലൻഡിൽ വൈവിധ്യമാര്‍ന്ന വെല്ലുവിളികൾ നിറഞ്ഞ 40 ദിനങ്ങൾ. 

ENGLISH SUMMARY:

Indian cricket team New Zealand tour 2024 features a forty-day series including T20, ODI, and Test matches starting tomorrow in Christchurch. Fans are eagerly anticipating the performance of young sensation Vaibhav Suryavanshi alongside experienced players like Rohit Sharma and Virat Kohli.