ഏഷ്യൻ ഗെയിംസിലെ വെള്ളിമെഡൽ നേട്ടത്തിനുശേഷം ജന്മനാട്ടിൽ തിരിച്ചെത്തിയ ഷൂട്ടിങ് താരം വിദർശ ആദ്യം ഓടിയെത്തിയത് തോക്കെടുക്കാന്‍ പരിശീലിച്ച കോഴിക്കോട്ടെ റൈഫിൾ ക്ലബ്ബിലേക്ക്. ഒന്നുമില്ലായ്മയിൽ നിന്ന് നേട്ടത്തിന്‍റെ നെറുകയിലെത്തുമ്പോഴും വിദര്‍ശ മറക്കാത്ത ഒരു മുഖമുണ്ട്. അന്നുമിന്നും ചേർത്തുപിടിച്ചിട്ടുള്ള കോച്ച് വിപിൻദാസ്.
സ്വപ്നങ്ങളിലേക്ക് വിദര്‍ശ ഉന്നം പിടിച്ചത് ഇവിടെ നിന്നാണ്. മിന്നുന്ന നേട്ടത്തോടെ തിരികെയെത്തുമ്പോള്‍ വിദര്‍ശയ്ക്ക് മാത്രമല്ല. റൈഫിള്‍ ക്ലബിലെ ഒരോരുത്തര്‍ക്കുമിത് അഭിമാന നിമിഷം. വിദർശയുടെ വിജയത്തിന് പിന്നിൽ വർഷങ്ങളുടെ കഠിനാധ്വാനമുണ്ട്. പരിമിതികൾക്കിടയിലും കൈവിടാത്ത ആത്മവിശ്വാസമുണ്ട്. ഒപ്പം, തുടക്കം മുതൽ ചേർത്തുനിർത്തിയ അന്നത്തെ പരിശീലകൻ വിപിൻദാസും .
ജീവിത പങ്കാളിയും ഇപ്പോഴത്തെ കോച്ചുമായ മനു എസ്. രവിയെ വിദര്‍ശ കണ്ടെത്തിയതും ഇതേ റൈഫിള്‍സ് ക്ലബില്‍ വച്ചായിരുന്നു. എന്‍ സി സിയില്‍ അംഗമായിരുന്ന വിദര്‍ശ കോളജ് പഠനത്തിനുശേഷമാണ് റൈഫിള്‍സ് ക്ലബില്‍ പരിശീലനത്തിന് ചേര്‍ന്നത്. 1970ൽ വെറും പത്തുപേരുമായി തുടങ്ങിയ കാലിക്കറ്റ് റൈഫിൾ ക്ലബ്ബിൽ ഇന്ന് നാനൂറിലേറെപ്പേരുണ്ട്. വിനോദത്തിനപ്പുറം ഷൂട്ടിങ്ങിനെ കരിയറായി കാണുന്നവരും ദേശീയ മത്സരങ്ങളിൽ മാറ്റുരയ്ക്കാൻ തയ്യാറെടുക്കുന്നവരും ഏറെയാണ്.