ആരോപണങ്ങള്‍ എന്തൊക്കെ ഉയര്‍ന്നാലും എന്നും മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പമുണ്ടാകുമെന്ന് മുന്‍ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. സാമ്പത്തിക നിയമലംഘനങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ സിറ്റിക്ക് എക്സിലൂടെയാണ് പെപ് പിന്തുണയുമായെത്തിയത്. 

ഗുരുതര സാമ്പത്തിക നിയമലംഘനങ്ങളില്‍ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി കുറ്റക്കാരെന്ന് കണ്ടെത്തിയതിന് ശേഷം ആദ്യമായി പ്രതികരിച്ച് മുന്‍ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. സിറ്റിയെ പിന്തുണച്ച് എക്സിലൂടെയാണ് പെപ്പിന്റെ പ്രതികരണം. 'ഓരോ സിറ്റി ആരാധകനും ഇതറിയണം.  ഞാന്‍ ഇവിടെയുണ്ട്. എന്റെ ക്ലബിനും ഉടമയ്ക്കും ചെയര്‍മാനും താരങ്ങള്‍ക്കും ഒപ്പമാണ് ഞാന്‍' എന്ന് പെപ് കുറിച്ചു.  നിലവിലെ സാഹചര്യം ഒന്നിച്ച് മറികടക്കാമെന്നും പെപ് ട്വീറ്റ് ചെയ്തു. 

2016ല്‍ പരിശീലക സ്ഥാനമേറ്റെടുത്ത പെപ്പിന് കീഴില്‍ സിറ്റി ആറ് പ്രീമിയര്‍ ലീഗ് കിരീടങ്ങളും ഒരു ചാംപ്യന്‍സ് ലീഗും സ്വന്തമാക്കിയിരുന്നു. ഒരു പതിറ്റാണ്ടുകാലം സിറ്റി പരിശീലകനായിരുന്ന പെപ് കഴിഞ്ഞ സീസണ്‍ അവസാനത്തോടെയാണ് പടിയിറങ്ങിയത്.  ചൊവ്വാഴ്ച്ച പുറത്തുവിട്ട വിഡിയോ സന്ദേശത്തില്‍ സിറ്റി ചീഫ് എക്സിക്യൂട്ടീവ് ഫെറാന്‍ സൊറിയാനൊ സ്വതന്ത്ര കമ്മിഷന്റെ കണ്ടെത്തലുകളെ തള്ളിക്കളഞ്ഞിരുന്നു. വരുമാനം പെരുപ്പിച്ച് കാണിക്കാനും ചെലവ് കുറച്ച് കാണിക്കാനുമായി വ്യാജ വാണിജ്യ കരാറുകള്‍ ഉപയോഗിച്ചു എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളിലാണ് സിറ്റി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

ENGLISH SUMMARY:

Former Manchester City manager Pep Guardiola reaffirmed his solid support for the club after an independent commission found them guilty of Premier League financial rule breaches. Speaking publicly for the first time since the verdict, Guardiola took to X to state that he stands firmly with the owners, chairman, players, staff, and supporters. The investigation concluded that City systematically inflated revenues and understated costs over a nine-year period. Guardiola, who stepped down at the end of last season after a decade-long trophy-laden tenure, expressed complete confidence that the club will pull through this crisis together.