ancy-sojan-anjali

Image: instagram.com/_.anjali._e.s_

ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടി രാജ്യത്തിന്‍റെ അഭിമാനമായ മലയാളിയായ ആൻസി സോജന് അഭിന്ദനം അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകളുടെ കമന്റ് ബോക്സുകളിൽ സൈബർ ആക്രമണവും കനക്കുകയാണ്. ആൻസിയുടെ മുടിപ്പിന്നുകളും കണ്ണെഴുത്തും ആഭരണവുമൊക്കെ ചർച്ചായാക്കി ഉപദേശങ്ങളും പരിഹാസങ്ങളുമാണ് കമന്റ് ബോക്സുകളിൽ നിറയുന്നത്. ഇപ്പോളിതാ ഈ പരിഹാസങ്ങളില്‍‌ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആന്‍സിയുടെ സഹോദരി അഞ്ജലി. ആന്‍സിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തെകുറിച്ചുള്ള മനോരമ ന്യൂസ് പങ്കുവച്ച വിഡിയോക്ക് താഴെ കമന്‍റായായാണ് അഞ്‍ജലിയുടെ പ്രതികരണം.

ചേച്ചിക്കിഷ്ടമുള്ള രീതിയിൽ ജീവിക്കാൻ അവൾക്ക് പൂർണ്ണ അവകാശമുണ്ട്. വിമർശനങ്ങൾ ചേച്ചിയെ ബാധിക്കില്ലെന്നും അഞ്ജലി കുറിച്ചു. ആൻസിയുടെ സ്റ്റൈലിനെയും മേക്കപ്പിനെയും ജീവിതരീതികളെയും അനാവശ്യമായി വിമർശിക്കുന്നവർ അവരുടെ കഠിനാധ്വാനവും നേട്ടങ്ങളും എന്തുകൊണ്ടാണ് കാണാതെ പോകുന്നതെന്ന് അഞ്ജലി ചോദിക്കുന്നു. ചേച്ചി ചെയ്യുന്ന കാര്യങ്ങൾ അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്നും ഇത്തരം വിമർശനങ്ങൾ അവരുടെ കരിയറിനെയോ പ്രകടനത്തെയോ ഒരു രീതിയിലും നെഗറ്റീവ് ആയി ബാധിക്കില്ലെന്നും അഞ്ജലി കുറിച്ചു. അഞ്ജലിയുടെ കമന്‍റിന് മറുപടിയായി ആന്‍സിയും എത്തിയിട്ടുണ്ട്. ‘അത് അത്രയേയുള്ളൂ’– എന്നായിരുന്നു ആന്‍സിയുടെ പ്രതികരണം. ആന്‍സിയെ പോലെ തന്നെ സഹോദരി അഞ‍്‍ജലിയും കായികതാരമാണ്.

ALSO READ: 'ആ കുണുക്ക് ഊരി വച്ച് ചാടിയാൽ സ്വർണം കിട്ടിയേനെ'; ആൻസി സോജനെതിരെ സൈബർ ആക്രമണം ...

അഞ്ജലി പങ്കുവച്ച കമന്‍റിന്‍റെ പൂര്‍ണരൂപം:

‘ഞാൻ അഞ്ജലി ആൻസി സോജന്‍റെ അനിയത്തിയാണ്. എന്‍റെ ചേച്ചിക്കെതിരെ സോഷ്യൽ മീഡിയയിൽ ഒരുപാട് മോശം കമന്റുകൾ വരുന്നത് കണ്ടു മനസ്സ് വല്ലാതെ വിഷമിച്ചിട്ടുണ്ട്. ഈ റീൽസിലും ആളുകൾ ചേച്ചിയെ വിമർശിക്കുന്നത് കണ്ടു. വിമർശിക്കുന്നവരോട് എനിക്ക് ഒന്നുമാത്രമേ ചോദിക്കാനുള്ളൂ. ചേച്ചിയുടെ സ്റ്റൈൽ കണ്ടിട്ടോ, ചേച്ചി ചെയ്യുന്ന കാര്യങ്ങൾ കണ്ടിട്ടോ ആണേ നിങ്ങളുടെ ഈ വിമർശനം? ചേച്ചി ചെയ്യുന്ന എത്രയെത്ര നല്ല കാര്യങ്ങളും കഠിനാധ്വാനവും നിങ്ങൾ എന്തുകൊണ്ടാണ് കാണാതെ പോകുന്നത്?

ചേച്ചി മേക്കപ്പ് ഇടുന്നതും ചേച്ചിക്ക് ഇഷ്‌ടമുള്ള രീതിയിൽ ജീവിക്കുന്നതുമെല്ലാം അവളുടെ സ്വന്തം ഇഷ്ടമാണ്. ഇഷ്‌ടമുള്ള കാര്യങ്ങൾ ചെയ്യാനുള്ള പൂർണ്ണ അവകാശം അവൾക്കുണ്ട്. അല്ലാതെ നിങ്ങൾ വിചാരിക്കുന്നതുപോലെ അല്ലല്ലോ! എന്നെ സംബന്ധിച്ചിടത്തോളം എന്‍റെ ചേച്ചിയാണ് ഏറ്റവും മികച്ചത്. ചേച്ചി ചെയ്യുന്ന ഇത്തരം കാര്യങ്ങൾ അവളുടെ കോൺഫിഡൻസ് ഇരട്ടിയാക്കുകയാണ് ചെയ്യുന്നത്, അതുകൊണ്ടാണ് അവൾ ഇത്രയും സ്ട്രോങ് ആയി നിൽക്കുന്നത്.

എന്‍റെ അറിവിൽ മറ്റു പലരും വലിയ ടെൻഷനിലും ഭയത്തിലുമായിരിക്കും ഗ്രൗണ്ടിലേക്ക് ഇറങ്ങാറുള്ളത്. എന്നാൽ എന്‍റെ ചേച്ചിയെ സംബന്ധിച്ചിടത്തോളം, ചേച്ചി ഇതൊക്കെ ചെയ്ത്‌ത്‌ അതീവ സന്തോഷത്തോടെയും തികഞ്ഞ ആത്മവിശ്വാസത്തോടെയുമാണ് ട്രാക്കിലേക്ക് ഇറങ്ങാറ് മനസ്സ് ഫ്രീ ആയിട്ട്, ഒരു പേടിയുമില്ലാതെ. അതുകൊണ്ട് വിമർശിക്കുന്നവർക്ക് എത്ര വേണമെങ്കിലും വിമർശിക്കാം അതൊന്നും എന്‍റെ ചേച്ചിയെ ഒരു രീതിയിലും ബാധിക്കാൻ പോകുന്നില്ല. എനിക്ക് ചെറിയ വിഷമം തോന്നാറുണ്ടെങ്കിലും, എനിക്കറിയാം ചേച്ചിയെ അത് ഒട്ടും ബാധിക്കില്ല എന്ന്. ഇത് ചേച്ചിയെ കൂടുതൽ കോൺഫിഡന്‍റ് ആക്കുകയേ ഉള്ളൂ. അതേസമയം, ചേച്ചിയുടെ കരിയറിനെ നെഗറ്റീവ് ആയി ബാധിക്കുന്ന രീതിയിൽ ചേച്ചി ഒന്നും ചെയ്യുന്നില്ല. ചേച്ചിക്ക് ഇഷ്ടമുള്ളത് അവൾ ചെയ്യട്ടെ; വിമർശിക്കുന്നവർക്ക് തുടർന്നും വിമർശിക്കാം. She will do whatever she wants’

ENGLISH SUMMARY:

Following her remarkable silver medal win at the Asian Games, Malayali athlete Ansy Sojan has become the target of severe cyber-bullying over her personal styling and makeup choices. In response to the wave of online criticism, her sister Anjali posted a supportive comment defending Ansy's absolute freedom to live life on her terms. Anjali highlighted that Ansy's unique approach to self-expression boosts her confidence and mental freedom on the track rather than hindering her athletic focus. Ansy herself briefly acknowledged her sister's steadfast support, reaffirming that external negativity has no impact on her career or resolve.