സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണത്തിൽ നിന്ന് ആൻസി സോജനും രക്ഷയില്ല. ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടി രാജ്യത്തിന് അഭിമാനമായ ആൻസി സോജന് അഭിന്ദനം അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകളുടെ കമന്റ് ബോക്സുകളിൽ ആൻസിയുടെ മുടിപ്പിന്നുകളും കണ്ണെഴുത്തും ആഭരണവുമൊക്കെയാണ് ചർച്ചാ വിഷയം. താരത്തിനെതിരെ ഉപദേശങ്ങളും പരിഹാസങ്ങളുമാണ് കമന്റ് ബോക്സുകളിൽ നിറയുന്നത്.
മുടി പിന്നിലേക്ക് കെട്ടിവെച്ച്, കണ്ണെഴുതി, മുഖത്ത് ചായം ചാർത്തി വേദിയിലെത്തുന്ന ആൻസിയുടെ ലുക്ക് ട്രെൻഡാകുന്നതിനൊപ്പം തന്നെയാണ് വിമർശനങ്ങളും നേരിടുന്നത്. ഏഷ്യൻ ഗെയിംസിൽ വനിതാ ലോങ്‌ജംപിൽ വെറും രണ്ട് സെന്റിമീറ്റർ ദൂരത്തിൽ സ്വർണം കൈവിട്ടതിന്റെ കാരണം ആൻസിയുടെ മുടിപ്പിന്നുകളും ആഭരണവുമൊക്കെയാണെന്നാണ് വിമർശനം. 'ഒരു ഡസൻ കുണുക്കുള്ളത് ഊരിവെച്ചിരുന്നെങ്കിൽ ഫാസ്റ്റ് ആകുമായിരുന്നു, തലയിൽ തൂങ്ങി ആടുന്ന സാധനങ്ങൾ അഴിച്ച് വെച്ച് ചാടിയാൽ 7 മിനിറ്റ് കിട്ടുമായിരുന്നു, മത്സരാർഥികൾ ഇത്ര അധികം അഭരണങ്ങൾ അണിയുന്നത് നല്ലതല്ല, പല കാരണത്താൽ അവരുടെ സ്പീഡ് കുറയാൻ കാരണമാകും..' ഇന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം ആൻസിയുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നവരാണ് ഭൂരിഭാഗവും.
ആദ്യ ചാട്ടം മുതൽ അഞ്ചാം ചാട്ടം വരെ ഒന്നാം സ്ഥാനത്ത് നിന്ന് ശേഷമാണ് അവസാന ശ്രമത്തിൽ ആൻസി പിന്നിലായത്. അപ്രതീക്ഷിതമായി ആയിരുന്നു ആൻസിക്ക് സ്വർണം നഷ്ടമായത്. വനിതാ ലോങ്ജംപിൽ 22 വർഷം പഴക്കമുള്ള ദേശീയ റെക്കോഡ് തീരുത്തിയാണ് ആൻസി ഏഷ്യൻ ഗെയിംസിനെത്തിയത്. 2004 ആതൻസ് ഒളിംപിക്‌സിൽ മലയാളിയായ അഞ്ജു ബോബി ജോർജ് കുറിച്ച 6.83 മീറ്റർ ഇക്കഴിഞ്ഞ ജൂണിൽ ഭുവനേശ്വറിൽ അന്തർ സംസ്ഥാന മീറ്റിൽ ആൻസി 6.88 മീറ്ററായി തിരുത്തിയിരുന്നു.
തൃശൂർ നാട്ടിക സ്വദേശിയായ ആൻസി ഈ നേട്ടങ്ങൾ കൈവരിച്ചത് അത്ര എളുപ്പത്തിലായിരുന്നില്ല. സംസ്ഥാന സ്കൂൾ കായികമേളയിലൂടെ ആയിരുന്നു അൻസിയുടെ വളർച്ച. ഓട്ടോ ഡ്രൈവറായിരുന്നു പിതാവിന്റെ കഠിനാധ്വാനവുമാണ് ആൻസിയുടെ യാത്രയ്ക്ക് ഊർജ്ജമാകുന്നത്. അത് ആൻസി തന്നെ പലവട്ടം പറഞ്ഞുവെച്ചിട്ടുണ്ട്. 'ഓട്ടോറിക്ഷ ഡ്രൈവറുടെ മകൾക്ക് എവിടെയെത്താൻ കഴിയും' എന്ന് ആളുകൾ ചോദിച്ചിട്ടുണ്ടെന്ന് താരം മുൻപ് പറഞ്ഞിട്ടുണ്ട്.
അത്തരം പരിഹാസ കമന്റുകളെ അതിജീവിച്ച് തന്നെയാണ് ആൻസി ഉയരങ്ങൾ കീഴടക്കിയത്. മാത്രമല്ല, കഴിഞ്ഞ ചില വർഷങ്ങളിൽ തന്നെ പിസിഒഎസ് അലട്ടിയിരുന്നെന്നും ശരീരഭാരം വലിയ രീതിയിൽ വർധിച്ചിരുന്നുവെന്നും ആൻസി വെളിപ്പെടുത്തിയിട്ടുണ്ട്. 63 കിലോയിൽ നിന്ന് 55 കിലോ ഭാരത്തിലേക്കെത്തിയത് തന്റെ വർക്കൗട്ട് കൊണ്ടും ഹാർഡ് വർക്കും കൊണ്ടാണെന്നും ആൻസി വ്യകത്മാക്കിയിരുന്നു.
സ്വർണം കൈവിട്ട സങ്കടത്തിലും ഇനിയും പോരാടുമെന്ന ഉറച്ച പ്രഖ്യാപനമാണ് ആൻസി ഏഷ്യൻ ഗെയിംസ് വേദിയിൽ നടത്തിയത്. കഴിഞ്ഞതവണയും വെള്ളിയാണ് ലഭിച്ചത്. സ്വർണത്തിന് വേണ്ടിയാണ് വന്നത്. താൻ പോരാടി. പരാജയമുണ്ടാകും. അതിൽനിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കുമെന്നാണ് ആൻസി പ്രതികരിച്ചതെങ്കിലും സമൂഹ മാധ്യമങ്ങളിലെ വെട്ടിക്കിളിക്കൂട്ടം ഇപ്പോഴും ആൻസിക്ക് സ്വർണം കിട്ടാത്തതിന്റെ കാരണങ്ങൾ കണ്ടുപിടിക്കുന്ന തിരക്കിലാണ്.