ഏഷ്യന്‍ ഗെയിംസ് വേദിയാകുന്ന ജപ്പാനിലെ നഗോയയിലെ പ്രധാന ആകര്‍ഷണമാണ് നഗോയ കാസില്‍. ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യ ചിഹ്നമായ ഹോനോ ഹോനിന്റെ ഉറവിടം തേടിയുള്ള യാത്ര എത്തിനില്‍ക്കുന്നത് നഗോയ കാസിലിനു മുന്നിലാണ്.
ലോകത്തിനു മുന്നിൽ നഗോയയുടെ മുഖമാണ് ഈ കൊട്ടാരം. 1612ൽ ഒവാരി രാജകുടുംബത്തിന്‍റെ ഭരണ സിരാ കേന്ദ്രമായാണ് കാസിൽ നിർമിച്ചത്. കാസിലിനു ചുറ്റും വലിയ കിടങ്ങുണ്ട്. ഇപ്പോൾ അതിലൂടെ ഹോരി നദി ഒഴുകുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബാക്രമണത്തെ അതിജീവിച്ച് കാസിൽ ഇപ്പോഴും സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു.
നഗോയ കാസിലിന്റെ മേൽക്കൂരയുടെ തുഞ്ചം വായ്ക്കുള്ളിലാക്കി, ഷചിഹോകോ ഇരിക്കുന്നുണ്ട്. മത്സ്യത്തിന്റെ ഉടലും വ്യാളിയുടെ മുഖവുമുള്ള ഒരു ജീവി. ഷചിഹോകോയ്ക്ക് വയറ്റിൽ എത്ര വെള്ളം വേണമെങ്കിലും സംഭരിച്ചു വയ്ക്കാനാകും. അതു പോലെ മഴയെ നിയന്ത്രിക്കാനും കഴിയുമത്രേ.
ഇടയ്ക്കിടെ പ്രകൃതിക്ഷോഭങ്ങൾ നേരിടുന്ന ജപ്പാൻകാർ ഷചിഹോകോയെ ആരാധിക്കുന്നു. ഷിചിഹോകോയെ അടിസ്ഥാനപ്പെടുത്തിയാണ് ഏഷ്യന്‍ ഗെയിംസിന്റെ ഭാഗചിഹ്നമായ ഹോനോ ഹോനിനെ ഒരുക്കിയത്