വിവാദമായ സ്പോർട്സ് ബെറ്റിങ് ആപ്പിന്റെ പരസ്യത്തിൽ അഭിനയിച്ചതിന് പിന്നാലെ ഹോളിവുഡ് നടി സിഡ്നി സ്വീനിക്ക് നഷ്ടമായത് ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ. 'നോവിഗ്' (Novig) എന്ന സ്പോർട്സ് പ്രെഡിക്ഷൻ ആപ്പിന്റെ പരസ്യത്തിലാണ് നടി ഭാഗികമായും പൂർണ്ണമായും വിവസ്ത്രയായി കായിക ഉപകരണങ്ങൾ ഉപയോഗിച്ച് പ്രത്യക്ഷപ്പെട്ടത്. കായികരംഗത്തെ സ്ത്രീകളെ അനാവശ്യമായി ലൈംഗികവത്കരിക്കുന്നു എന്നാരോപിച്ച് ശക്തമായ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
നാല് തവണ ഒളിംപിക് സ്വർണ്ണമെഡൽ നേടിയ ഓസ്ട്രേലിയൻ നീന്തൽ താരം അരിയാർനെ ടിറ്റ്മസ് ഉൾപ്പെടെയുള്ള പ്രമുഖ കായിക താരങ്ങൾ പരസ്യത്തിനെതിരെ രംഗത്തെത്തി. സ്ത്രീ ശരീരത്തെ പണമാക്കുന്നതും കായികരംഗത്തെ ലൈംഗികവത്കരിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് അവർ കുറിച്ചു.
സോഷ്യൽ ബ്ലേഡിന്റെ വിവരങ്ങൾ അനുസരിച്ച് പരസ്യം പുറത്തുവന്നതിന് ശേഷം നടിക്കെതിരെ വലിയ ജനരോഷമുണ്ടാകുകയും രണ്ടുദിവസത്തിനിടെ രണ്ടുലക്ഷത്തിലധികം (2,00,000) ആളുകൾ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്യുകയും ചെയ്തു. വിമർശനങ്ങൾക്കിടയിലും പരസ്യത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച നടി, കായിക താരങ്ങളുടെ നഗ്നചിത്രങ്ങൾ അടങ്ങിയ 'ESPN ബോഡി ഇഷ്യൂ' കവറുകൾ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടാണ് മറുപടിയും നൽകിയത്.
നോവിഗ് കമ്പനിയുടെ സ്ട്രാറ്റജിക് പാർട്ണറും ഓഹരി ഉടമയുമാണ് സിഡ്നി സ്വീനി. തമാശയും ആത്മവിശ്വാസവും നിറഞ്ഞ ഒരു ആശയമാണ് പരസ്യത്തിലൂടെ മുന്നോട്ടുവെച്ചതെന്നാണ് വിവാദത്തില്‍ നടിയുടെ വിശദീകരണം. നേരത്തെ തന്റെ അടിവസ്ത്ര ബ്രാൻഡിന്റെയും അമേരിക്കൻ ഈഗിൾ ജീൻസ് പരസ്യത്തിന്റെ പേരിലും സ്വീനി വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്.