sidney-sweeny

സ്പോർട്സ് ട്രേഡിങ് ആപ്പായ 'നോവിഗി'ന്റെ (Novig) പുതിയ പരസ്യ ചിത്രത്തിൽ അതീവ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ട ഹോളിവുഡ് നടി സിഡ്നി സ്വീനിക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം. കായിക ഉപകരണങ്ങൾ മാത്രം ഉപയോഗിച്ച് ശരീരം മറച്ച നിലയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ദൃശ്യങ്ങളാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അമേരിക്കൻ ഈഗിളിന്റെ ഡെനിം പരസ്യത്തിലും താരം സമാനമായ രീതിയിൽ വിമർശനങ്ങൾ നേരിട്ടിരുന്നു.

കായികരംഗത്തെ സ്ത്രീകളെ ലൈംഗികവൽക്കരിക്കുന്ന രീതിയിലാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നതെന്നും ഇത് തികച്ചും നിരാശാജനകമാണെന്നും വനിതാ കായികതാരങ്ങളും ആരാധകരും ആരോപിക്കുന്നു. കായികരംഗത്ത് പ്രതിഭ കൊണ്ടും കഠിനാധ്വാനം കൊണ്ടും തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ സ്ത്രീകൾ പോരാടുമ്പോൾ, ഇത്തരം പരസ്യങ്ങൾ ആ ശ്രമങ്ങളെ പിന്നോട്ടടിക്കുകയാണെന്ന് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നു. "ഒരു കായികതാരം എന്ന നിലയിലും ലൈംഗികാധിക്ഷേപങ്ങൾ നേരിട്ട വ്യക്തി എന്ന നിലയിലും ഈ പ്രചാരണത്തിൽ ഏറെ നിരാശയുണ്ട്. ഞങ്ങളുടെ ശരീരത്തിനപ്പുറം കഴിവുകൾക്ക് അംഗീകാരം ലഭിക്കാനാണ് ഞങ്ങൾ പോരാടുന്നത്," എന്ന് ഒരു ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഒരു സ്പോർട്സ് ആപ്പ് പ്രൊമോട്ട് ചെയ്യാൻ എന്തിനാണ് നഗ്നതയും അനാവശ്യ ഗ്ലാമറും ഉപയോഗിക്കുന്നതെന്നും, സ്ത്രീകളെ വസ്തുവൽക്കരിക്കാതെ തന്നെ സർഗ്ഗാത്മകമായി പരസ്യങ്ങൾ ചെയ്യാമെന്നും വിമർശകർ ചൂണ്ടിക്കാട്ടി.

അതേസമയം, പരസ്യപ്രചാരണത്തിന് പിന്നിലെ ആശയം തികച്ചും വിനോദപരമായിരുന്നുവെന്ന് സിഡ്നി സ്വീനി വ്യക്തമാക്കി. ‘ഒരു രസകരമായ ആശയത്തെ ഉൾക്കൊള്ളുകയായിരുന്നു ഈ പരസ്യത്തിലൂടെ ലക്ഷ്യമിട്ടത്. രാഷ്ട്രീയവും മറ്റ് തർക്കങ്ങളും ഒഴിവാക്കി പൂർണ്ണമായും കായികരംഗത്തേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരുന്നു ഇതിന്റെ ലളിതമായ സന്ദേശം. ആത്മവിശ്വാസവും തമാശയും ചേർത്താണ് ഇത് ചിത്രീകരിച്ചത്,’ സ്വീനി വ്യക്തമാക്കി.

'യൂഫോറിയ' സീരീസിന്റെ മൂന്നാം സീസണിലാണ് സിഡ്നി സ്വീനി അവസാനമായി അഭിനയിച്ചത്. ജിയോഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങിയ ഈ പരമ്പര കൂടാതെ 'ക്രിസ്റ്റി', 'ദി ഹൗസ് മെയ്ഡ്' എന്നീ ചിത്രങ്ങളിലും താരം അടുത്തിടെ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

ENGLISH SUMMARY:

Hollywood actress Sydney Sweeney has drawn severe online criticism and backlash for her appearance in a bold promotional commercial for the sports trading app Novig. In the advertisement, the actress appears wearing minimal clothing, utilizing sports equipment to strategically cover her body. Female athletes and social media users have strongly condemned the campaign, accusing it of unnecessarily sexualizing women in sports. Meanwhile, Sweeney defended the commercial, explaining that it was meant to be lighthearted, fun, and entirely focused on sports without any political undertones.