യുഎസ് ഓപ്പണ്‍ ടെന്നിസില്‍ ഇൻഫ്ലുവൻസർമാരുടെ സാന്നിധ്യം വിവാദത്തിൽ. ടെന്നിസ് മര്യാദകൾക്ക് വെല്ലുവിളിയാണ് ഇവരുടെ ഇടപെടലുകളെന്ന് താരങ്ങള്‍ പരാതിപ്പെട്ടു. സ്മാർട്ട്ഫോണുകളും റിങ് ലൈറ്റുകളുമായി യുഎസ് ഓപ്പൺ ടെന്നിസ് മത്സരവേദികളിൽ നിറഞ്ഞുനിൽക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെയും കണ്ടന്റ് ക്രിയേറ്റർമാരുടെയും സാന്നിധ്യം വിവാദമാകുന്നു.
കൂടുതൽ യുവപ്രേക്ഷകരിലേക്ക് ടെന്നിസിനെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ യുഎസ് ടെന്നിസ് അസോസിയേഷനാണ് മല്‍സരം കാണാന്‍ ഇന്‍ഫ്ലുവന്‍മാരെ ക്ഷണിച്ചത്. ടെന്നിസിലെ പരമ്പരാഗത മര്യാദകളും മത്സരത്തിനിടയിലെ അച്ചടക്കവും ചോദ്യം ചെയ്യപ്പെടുന്ന തരത്തിൽ ചിലരുടെ പെരുമാറ്റം മാറിയതോടെ താരങ്ങള്‍ തന്നെ വിമർശനവുമായി രംഗത്തെത്തി. ഈ വർഷം യുഎസ് ഓപ്പണിലേക്ക് 100 കണ്ടന്റ് ക്രിയേറ്റർമാർക്കാണ് ഔദ്യോഗിക ക്ഷണം ലഭിച്ചത്.
ഇവരിൽ 20 പേർ ഭക്ഷണ-പാനീയ വിഭാഗം കേന്ദ്രീകരിച്ചുള്ള ഉള്ളടക്കങ്ങൾ തയ്യാറാക്കാനായാണ് എത്തിയത്. ജപ്പാന്റെ നവോമി ഒസാക്കയുടെ മല്‍സരത്തിനിടെ ഹോസ്പിറ്റാലിറ്റി സ്യൂട്ടിലിരുന്ന സംഘം വീഡിയോ ഷൂട്ട് നടത്തുകയായിരുന്നു. റിങ് ലൈറ്റുകൾ ഉപയോഗിച്ചതും ശബ്ദമുണ്ടാക്കിയതും മല്‍സരത്തിന് തടസ്സമായതോടെ ചെയർ അംപയര്‍ക്ക് ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടിവന്നു. ഇന്‍ഫ്ലുവന്‍സര്‍മാര്‍ ടെന്നിസിന്റെ മര്യാദകൾ മാനിക്കണമെന്ന് ഒസാക്ക മല്‍സരശേഷം പറഞ്ഞിരുന്നു.