Image Credit: AP
അഞ്ചേകാല്‍ മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ വിമ്പിള്‍ഡന്‍ സെമിയില്‍ കടന്ന് ടെന്നിസ് ഇതിഹാസം നൊവാക് ജോക്കോവിച്ച്. വിമ്പിള്‍ഡനിന്‍റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ഫെലിക്സ് ഒജെ അലിയസിമിനെയാണ് ജോക്കോ പരാജയപ്പെടുത്തിയത്. കളി തീര്‍ന്നതിന് പിന്നാലെ ജോക്കോവിച്ച് നടത്തിയ പ്രസ്താവനയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മാധ്യമപ്രവര്‍ത്തകരിലൊരാള്‍ 'അവിശ്വസനീയമാണ് ഈ നേട്ടം. മെസിയെ പോലെ പ്രചോദനമാണല്ലോ' എന്ന് ചോദ്യമുയര്‍ന്നപ്പോഴാണ് ' മെസിയെ പോലെ 90 മിനിറ്റ് കളിച്ച് അവസാനിപ്പിക്കാന്‍ പറ്റിയിരുന്നുവെങ്കില്‍ നന്നായിരുന്നു'വെന്ന് ജോക്കോ തമാശയായി പറഞ്ഞത്.
39കാരനായ ജോക്കോ 25കാരനായ ഫെലിക്സ് ഒജെയെ 7–6, 3–6,6–3, 6–7,7–6 ന് തകര്‍ത്താണ് സെമിയില്‍ കടന്നത്. ഇത്തരം നിമിഷങ്ങള്‍ക്കായാണ് 'ഞാനിപ്പോഴും ടെന്നിസ് കളിക്കുന്നത്. എന്നേക്കാള്‍ 15 വയസിന് ഇളപ്പമുള്ള ഈ ചെറുപ്പക്കാരോട് മല്‍സരിക്കാന്‍ എനിക്ക് കഴിയുന്നുണ്ട്. മികച്ച സ്കോറില്‍ അവരെ തോല്‍പ്പിക്കാനും കഴിയുന്നു. അതേറെ സന്തോഷം പകരുന്നതാണ്. പക്ഷേ എന്നെകുറിച്ച് എനിക്ക് എപ്പോഴും വലിയ പ്രതീക്ഷകളാണുള്ളത്'- ജോക്കോ പറഞ്ഞു. താന്‍ ഇന്നേ വരെ കളിച്ച മല്‍സരങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടതിലൊന്നായി ഇതിനെ സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ച്ചയായ എട്ടാം തവണയാണ് ജോക്കോ വിമ്പിള്‍ഡന്‍ സെമിയില്‍ കടക്കുന്നത്. പുല്‍കോര്‍ട്ടില്‍ തുടര്‍ച്ചയായ ഏഴു തവണ സെമിയിലെത്തിയ റോജര്‍ ഫെഡററുടെ റെക്കോര്‍ഡും ജോക്കോ തകര്‍ത്തു. നിലവിലെ ചാംപ്യനായ യാനിക് സിന്നറാണ് സെമിയില്‍ ജോക്കോയുടെ എതിരാളി.
ഫിഫ ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമാണ് മെസിയും കൂട്ടരും അമ്പരപ്പിക്കുന്ന തിരിച്ചുവരവ് നടത്തിയതും 3–2ന് ഈജിപ്തിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ കടന്നതും. മെസിയുടെ ഫ്രീ കിക്ക് 79–ാം മിനിറ്റില്‍ റൊമോരോ ഗോളാക്കി മാറ്റി. നാലുമിനിറ്റിനുള്ളില്‍ മെസിയും ഈജിപ്തിന്‍റെ വല കുലുക്കി. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ എന്‍സോ ഫെര്‍ണാണ്ടസ് അര്‍ജന്‍റീനയ്ക്കായി മൂന്നാം ഗോളും നേടുകയായിരുന്നു. മെസിയും ജോക്കോയും അവരവരുടെ മേഖലകളില്‍ അതികായന്‍മാരാണെന്നായിരുന്നു വിഡിയോയ്ക്ക് ചുവടെ ആരാധകരുടെ കമന്‍റുകള്‍.