ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ടിറങ്ങിയ ലോകചാംപ്യന്‍മാരായ അര്‍ജന്റീനയെ ആദ്യപകുതിയില്‍ പിടിച്ചു കെട്ടി ഈജിപ്ത്. 14 ാം മിനിറ്റില്‍ യാസെര്‍ ഇബ്രാഹിം നേടിയ ഗോളിലൂടെ ഈജിപ്ത് മുന്നില്‍. ബോക്സിനു പുറത്തുനിന്നു മർവാൻ അറ്റിയ നൽകിയ പന്ത് പോസ്റ്റിന് തൊട്ടുമുന്നിൽനിന്നു യാസർ ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു. തിരിച്ചടിക്കാന്‍ കിണഞ്ഞു പരിശ്രമിച്ച അര്‍ജന്റീനയ്ക്കു മുന്നില്‍ ഈജിപ്ത് പ്രതിരോധക്കോട്ട കെട്ടി.
മത്സരത്തിന്റെ ഏഴാം മിനിറ്റിൽ ഈജിപ്ത് പോസ്റ്റ് ലക്ഷ്യമാക്കി എൻസോ ഫെർണാണ്ടസ് പോസ്റ്റിന് തൊട്ടുമുന്നിൽനിന്നു തൊടുത്ത ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തുപോയി. 21-ാം മിനിറ്റിൽ അർജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനൽറ്റി മെസ്സി പാഴാക്കി. ഈ ലോകകപ്പിൽ ഇതു രണ്ടാം തവണയാണ് മെസ്സി പെനൽറ്റി നഷ്ടമാക്കുന്നത്. നേരത്തെ, ഓസ്ട്രിയയ്‌ക്കെതിരെ നടന്ന മത്സരത്തിലും മെസ്സി പെനൽറ്റി കിക്ക് നഷ്ടമാക്കിയിരുന്നു.
39-ാം മിനിറ്റിൽ ഗോൾ എന്നുറച്ച ഷോട്ട് ഈജിപ്ത് ഗോൾ കീപ്പർ ഷോബെയ്ർ തടുത്തു. അർജന്റീന താരം ജൂലിയൻ അൽവാരെസ് പോസ്റ്റിന് തൊട്ടുമുന്നിൽ നിന്നും പോസ്റ്റ് ലക്ഷ്യമാക്കി പായിച്ച പന്ത് ഗോൾ കീപ്പർ കൃത്യമായി ഡൈവ് ചെയ്ത് തട്ടിയകറ്റുകയായിരുന്നു. ആദ്യ പകുതിയിൽ ഇത്തരത്തിൽ നിരവധി അവസരങ്ങളാണ് അർജന്റീനയ്ക്ക് നഷ്ടമായത്.
അറ്റ്ലാന്റ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സ്റ്റാർട്ടിങ് ലൈനപ്പിൽ മൂന്നു മാറ്റങ്ങളോടെയാണ് അർജന്റീന ഇറങ്ങിയത്. പ്രതിരോധനിരയിൽ ഫക്കുണ്ടോ മെഡിനിയെ മാറ്റി നിക്കോളാസ് ടാഗ്ലിയാഫിക്കോയെ ഇറക്കി. മധ്യനിരയിൽ തിയാഗോ അൽമാഡയ്ക്ക് പകരം ലിയാൻഡ്രോ പരെഡസും മുന്നേറ്റ നിരയിൽ ലൗട്ടാരോ മാർട്ടിനെസിന് പകരം ജൂലിയൻ ആൽവാരസും ഇറങ്ങി. അതേസമയം രണ്ടു മാറ്റങ്ങളുമായാണ് ഈജിപ്‌ത് ഇറങ്ങിയത്. മുന്നേറ്റ നിരയിൽ ഒമർ മർമൗഷിന് പകരം ഹൈസം ഹസനും മധ്യ നിരയിൽ ഹംദി ഫാത്തിക്ക് പകരം മൊഹനദ് ലഷീനും ഇറങ്ങി.