Untitled design - 1

TOPICS COVERED

കേരള പൊലീസിനെ ഏറ്റവും കൂടുതല്‍ വലച്ച പിടികിട്ടാപ്പുള്ളി ആരാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ കാണൂ. സുകുമാരക്കുറുപ്പ്. ചാക്കോയെ കൊന്ന് കത്തിച്ച ശേഷം കേരളത്തില്‍ നിന്ന് എങ്ങോട്ടോ മാഞ്ഞുപോയ സുകുമാരക്കുറുപ്പ്.  പക്ഷെ സുകുമാരക്കുറുപ്പ് എന്നത് ആ പിടികിട്ടാപ്പുള്ളിയിയുടെ യഥാര്‍ത്ഥ പേരല്ല, ആദ്യത്തെ വ്യാജപ്പേരുമല്ല..

 

ഗോപാലകൃഷ്ണക്കുറുപ്പ് എന്നതായിരുന്നു ഈ നാം സുകുമാരക്കുറുപ്പെന്ന് വിളിക്കുന്ന പിടികിട്ടാപ്പുള്ളിയുടെ യഥാര്‍ത്ഥ പേര്. എയര്‍ഫോഴ്സിലായിരുന്നു ജോലി. എയര്‍മാന്‍ തസ്തികയില്‍. പക്ഷെ ഗോപാലകൃഷ്ണക്കുറുപ്പിന് ഏതാനും വര്‍ഷം കൊണ്ട് തന്നെ ആ ജോലി മടുത്തു. അവധിക്ക് നാട്ടില്‍ വന്ന ശേഷം പിന്നീട് തിരികെ പോയില്ല. എയര്‍ഫോഴ്സില്‍ അവധിക്ക് വന്നയാള്‍ അനുവാദമില്ലാതെ തിരികെ ചെല്ലാത്തത് ഗുരുതര പ്രശ്നമാണ്. ആ പ്രശ്നത്തില്‍ നിന്ന് രക്ഷപെടാനാണ് ഗോപാലകൃഷ്ണക്കുറുപ്പ് ആദ്യ കള്ളത്തരം തുടങ്ങുന്നത്. അതും ‘സ്വയം കൊലപ്പെടുത്തിക്കൊണ്ട്!’

 

Also Read:  നിങ്ങള്‍ കുറുപ്പല്ലേ? അതെ...; ആ നിമിഷം ഓര്‍ത്തെടുത്ത് കൊല്‍ക്കത്തയിലെ മലയാളി നഴ്സ്

അവധിക്ക് വന്ന ഗോപാലകൃഷ്ണക്കുറുപ്പ് എന്ന എയര്‍മാന്‍ നാട്ടില്‍ വെച്ച് അപകടത്തില്‍ മരിച്ചെന്ന വ്യാജ റിപ്പോര്‍ട്ട് ഉണ്ടാക്കിച്ചു. നാട്ടില്‍ പരിചയക്കാരനായ ഒരു പൊലീസുകാരനെ സ്വാധീനിച്ചാണ് ഈ റിപ്പോര്‍ട്ട് ഉണ്ടാക്കി എയര്‍ഫോഴ്സിലേക്ക് അയച്ചത്. അങ്ങനെ ഗോപാലകൃഷ്ണക്കുറുപ്പിനെ 'സ്വയം കൊലപ്പെടുത്തി' ഇന്നത്തെ പിടികിട്ടാപ്പുള്ളിയിലെ ക്രിമിനല്‍ ജീവിതം തുടങ്ങി.

 

ഗോപാലകൃഷ്ണക്കുറുപ്പ് എന്ന എയര്‍മാന്‍ കൊല്ലപ്പെട്ടതായി വ്യാജ റിപ്പോര്‍ട്ട് ഉണ്ടാക്കിയതോടെ ഇനി ആ പേരില്‍ ജീവിച്ചിരിക്കുന്നത് ശരിയല്ലെന്ന് തീരുമാനിച്ചു. അതോടെ സുകുമാരപ്പിള്ള എന്ന വ്യാജപേര് സ്വീകരിച്ചു. ആ പേരിലാണ് പാസ്പോര്‍ട്ട് എടുത്തത്. 

 

അങ്ങിനെ ഗോപാലകൃഷ്ണക്കുറുപ്പ് സുകുമാരപ്പിള്ളയായി. പുതിയ പേരുമായി കേരളത്തില്‍ ജോലി വേണ്ടെന്ന് തീരുമാനിച്ച സുകുമാരപ്പിള്ള അബുദാബിയിലേക്ക് പോയി. അവിടെ മറൈന്‍ കമ്പനിയില്‍ ജോലി കിട്ടി. അവിടെ സഹപ്രവര്‍ത്തകരോടും സുഹൃത്തുക്കളോടുമെല്ലാം പേര് പറഞ്ഞപ്പോള്‍ അല്‍പം കൂടി മാറ്റം വരുത്തി. സുകുമാരപ്പിള്ള സുകുമാരക്കുറുപ്പായി. ആ സുകുമാരക്കുറുപ്പാണ് ഇന്ന് പിടികിട്ടാപ്പുള്ളി എന്ന വിശേഷണത്തിന്‍റെ പര്യായപദമായി അവശേഷിക്കുന്നത്.

ENGLISH SUMMARY:

Sukumara Kurup is the most wanted fugitive in Kerala, but his real name is not Sukumara Kurup; it was Gopala Krishnan Kurup. His criminal journey began with faking his own death to evade consequences from the Air Force.