നാടിനെ നടുക്കി വയനാട്ടില്‍ വീണ്ടും ജീവനെടുത്ത് വന്‍ മണ്ണിടിച്ചില്‍. കള്ളാടിയില്‍ തുരങ്കപാത നിര്‍മാണമേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് പേര്‍ മരിച്ചു. അഞ്ചുപേരെ കാണാനില്ലന്ന് പ്രാഥമിക നിഗമനം. ഒന്‍പതുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മഴ കനത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി.
കൂടുതല്‍ പേര്‍ മണ്ണിനടിയില്‍പ്പെട്ടെന്ന സംശയമുണ്ട്. അപകടമേഖലയിലേക്ക് എത്താനുള്ള മീനാക്ഷിപ്പാലത്തില്‍ മണ്ണ് മൂടിയതും പ്രതികൂലകാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി . രാവിലെ പതിനൊന്നുമണിയോടെയാണ് മലഞ്ചെരുവില്‍ നിന്ന് മണ്ണ് വെള്ളത്തിനൊപ്പം കുതിച്ചെത്തിയത്. നിര്‍മാണമേഖലയിലുണ്ടായിരുന്നവരും വാഹനങ്ങളും കുതിച്ചെത്തിയ മണ്ണിലും ചെളിയിലും പെട്ടു. നിര്‍മാണമേഖലയില്‍ തൊഴിലാളികളെ എത്തിച്ച രണ്ട് ബസുകളില്‍ ഒന്ന് പൂര്‍ണമായി തകര്‍ന്നു. മറ്റൊന്ന് കുത്തിയൊലിച്ച് പുഴയില്‍ വീണു.
Also Read: 'ദുരന്തം ഞെട്ടിപ്പിക്കുന്നത്, മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാൻ അടിയന്തര നടപടി വേണം
തൊഴിലാളികള്‍ തങ്ങാറുളള ഷെഡും കരാര്‍ കമ്പനിയുടെ താല്‍ക്കാലിക ഓഫിസുകളും തകര്‍ന്നു. മണ്ണുമാന്തി ഉള്‍പ്പെടെ വാഹനങ്ങളും മണ്ണിനടിയിലായി. തുരങ്ക പാതയുടെ തുടക്കത്തില്‍ നിര്‍മിച്ചിരുന്ന കൂറ്റന്‍ കോണ്‍ക്രീറ്റ് ഭിത്തി അപ്പാടെ തകര്‍ന്ന് മീറ്ററുകള്‍ അകലെ പതിച്ചു. മണ്ണും പാറയും വീണ് സമീപത്തെ മസ്ജിദ് തകര്‍ന്നു. ഏതാനും വീടുകള്‍ക്കും നാശമുണ്ടായി. മണ്ണും വലിയ പാറക്കല്ലുകളും വന്നടിഞ്ഞ് മേഖലയിലേക്കുള്ള മീനാക്ഷിപ്പാലം അടഞ്ഞതോടെ അപകടമേഖല ഒറ്റപ്പെട്ടു. പാലത്തിനപ്പുറം കുടുങ്ങിയവരെ വടംകെട്ടി പാലത്തിലൂടെ പുറത്തെത്തിക്കുകയായിരുന്നു.
തുരങ്ക നിര്‍മാണത്തിനായി നീക്കിയ മണ്ണ് കരാര്‍ കമ്പനി ചെങ്കുത്തായ ചെരിവില്‍ തന്നെ കൂട്ടിയിട്ടതാണ് ദുരന്തത്തിന് കാരണമെന്നാണ് നിഗമനം. രണ്ടുദിവസമായി പ്രദേശത്ത് തീവ്രമഴ ലഭിച്ചിരുന്നു. 24 മണിക്കൂറില്‍ കള്ളാടി മേഖലയില്‍ 265 മില്ലീമീറ്റര്‍ മഴ ലഭിച്ചെന്നാണ് കണക്ക്
മണ്ണിടിച്ചിലില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്നവരുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. മണ്ണ് കുത്തിയൊലിച്ചെത്തുമ്പേള്‍ ജീവനും കൈയില്‍പിടിച്ച് ഓടുന്നവരെ സിസിടിവി ദൃശ്യത്തില്‍ കാണാം. അപകടത്തില്‍നിന്ന് രക്ഷപ്പെട്ടുവെന്ന് കൂടമ്മാള്‍–പാല്‍രാജ് ദമ്പതികള്‍ക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.
കള്ളാടിയിലെ തോട്ടത്തിലെ താമസക്കാരായ തമിഴ്നാട്ടില്‍നിന്നുള്ള ദമ്പതികള്‍ സാധനങ്ങള്‍ വാങ്ങാനാണ് പാടിയില്‍നിന്ന് റോഡിലേക്ക് ഇറങ്ങിയത്. ബസ് കാത്തുനില്‍ക്കുമ്പോഴാണ് വന്‍ ശബ്ദത്തോടെ മണ്ണ് കുത്തിയൊലിച്ചത്. ശബ്ദം കേട്ട് പാലത്തിലെത്തിയ കൂറ്റന്‍ ടാങ്കര്‍ ലോറി പെട്ടെന്ന് പിന്നോട്ടെടുക്കാന്‍ ശ്രമിച്ചു. അപ്പോഴേക്കും കൂടമ്മാളും, പാല്‍രാജും ഒപ്പമുണ്ടായിരുന്ന നാലുപേരും മൂന്നോട്ട് ഒാടിത്തുടങ്ങി. നിമിഷ നേരംകൊണ്ട് മണ്ണും ചെളിയും ടാങ്കര്‍ ലോറിയിലേക്ക് ഇരച്ചെത്തി. ടാങ്കറിനെയും കൊണ്ട് ചെളിവെള്ളം മുന്നോട്ടു കുതിച്ചു.
ഇവര്‍ക്കൊപ്പം ഓടിയവരും പരുക്കുകളോടെ രക്ഷപ്പെട്ടു. ഇത്തരമൊരു അപകടം ഇവര്‍ മുന്‍കൂട്ടി കണ്ടിരുന്നു. ഇവര്‍ താമസിക്കുന്ന പാടിക്ക് സമീപവും മണ്‍കൂനകളുണ്ട്.
തുരങ്കപാത നിര്‍മാണത്തിനായി നീക്കിയ മണ്ണ് കരാര്‍ കമ്പനി ചെങ്കുത്തായ ചെരുവില്‍ തന്നെ കൂട്ടിയിട്ടത് ദുരന്തത്തിന് കാരണമായതായി നിഗമനം. നിര്‍മാണ സ്ഥലത്ത മണ്ണും ചെളിയും കൂട്ടിയിട്ടതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും കരാറുകാര്‍ക്ക് മുന്നറിയിപ്പ് അവഗണിച്ചെന്നും മുഖ്യമന്ത്രിയും കൃഷിമന്ത്രിയും പറഞ്ഞു. മണ്ണ് നീക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ ജൂണ്‍ 20 നുതന്നെ കരാറുകാരായ കൊങ്കണ്‍റെയില്‍വെക്ക് രേഖാമൂലം നല്‍കിയ നിര്‍ദേശം മനോരമ ന്യൂസിന് ലഭിച്ചു.
വയനാട്ടിലെ തുരങ്കാപത നിര്‍മിക്കുന്ന കൊങ്കണ്‍റെയില്‍വെ പദ്ധതിപ്രദേശത്തും അതിനുസമീപമായും കൂട്ടിയിട്ടമണ്ണും ചെളിയും കാണാം. വന്‍തോതില്‍ മണ്ണ് കൂട്ടിയിടുന്നത് മഴക്കാലത്ത് അപകടത്തിന് കാരണമാകുമെന്ന് ജില്ലാകലക്ടര്‍ രേഖാമൂലം കമ്പനിയെ അറിയിച്ചു. ജൂണ്‍ 20നാണ് കലക്ടര്‍ അറിയിപ്പു നല്‍കിയത്. മണ്ണു കൂട്ടിയിടുന്നത് ജീവനും സ്വത്തിനും അപകടം വരുത്തിവെക്കുമെന്നും അടിയന്തരമായി മാറ്റണമെന്നുമാണ് കലക്ടര്‍ ആവശ്യപ്പെട്ടത്. ഈ നിര്‍ദേശം കരാറുകാര്‍ അവഗണിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് മുഖ്യമന്ത്രി വിഡി സതീശനും കൃഷിമന്ത്രി ടി.സിദ്ധിക്കും പറഞ്ഞു.
മണ്ണിടിച്ചില്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കരാര്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നതായി പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീറും വകുപ്പു സെക്രട്ടറി അദീല അബദുള്ളയും അറിയിച്ചു. തുരങ്കപാതയുടെ സുരക്ഷ, നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അശാസ്ത്രീയത, മുന്‍കരുതല്‍നടപടികളുടെ അഭാവം എന്നിവയാണ് മണ്ണിടിച്ചില്‍ അപകടത്തോടെ പുറത്തുവരുന്നത്. വരും ദിവസങ്ങളില്‍ ഇക്കാര്യങ്ങളില്‍സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപട് നിര്‍ണായകമാകും.
മണ്ണിടിച്ചിലിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും അപകടത്തിൽപെട്ടവർക്ക് എല്ലാ പിന്തുണയും നൽകുമെന്നും വയനാട് എം.പി പ്രിയങ്ക ഗാന്ധി പറഞ്ഞു. പൊലീസും NDRF,SDRF ടീമുകളും സിവിൽ ഡിഫൻസ് വളണ്ടിയർമാരും സ്ഥലത്തുണ്ട്. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
ഭരണകൂടത്തിന്റെ മാർഗനിർദേശങ്ങൾ പാലിച്ച് സാധ്യമായ എല്ലാ പിന്തുണയും നൽകണമെന്ന് യുഡിഎഫ് പ്രവര്‍ത്തകരോട് പ്രിയങ്ക ഗാന്ധി ആഹ്വാനം ചെയ്തു