ലോക അത്ലറ്റിക് ചരിത്രത്തിലെ സ്പ്രിന്റര്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് ഇനി വിവാഹം. തന്റെ 40-ാം പിറന്നാൾ ആഘോഷവേളയിലാണ് ദീർഘകാലമായുള്ള പങ്കാളിയും മൂന്ന് കുട്ടികളുടെ അമ്മയുമായ കാസി ബെനെറ്റിനോട് അദ്ദേഹം വിവാഹ്യവഭ്യർത്ഥന നടത്തിയത്. ജമൈക്കയിലെ കിങ്സ്റ്റണിലുള്ള 'വൺ ബെൽമോണ്ട്' റിസോർട്ടിൽ വെച്ചായിരുന്നു വിവാഹ നിശ്ചയം. ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും കുടുംബാമഗങ്ങളും മാത്രമാണ് പങ്കെടുത്തത്. കാസി ബെനെറ്റിനായി ഉസൈൻ ബോൾട്ട് 5 കാരറ്റിന്റെ  ഡയമണ്ട് മോതിരമാണ് സമ്മാനിച്ചത്.

‘നീ എന്നെ ഈ ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യനാക്കി മാറ്റുമോ? എന്നെ വിവാഹം കഴിക്കുമോ?’ എന്ന ചോദിച്ചായിരുന്നു പിറന്നാള്‍ ആഘോഷവേളയില്‍ സര്‍പ്രൈസായി ഉസൈന്‍ ബോള്‍ട്ടിന്റെ വിവാഹ്യവഭ്യർത്ഥന. പിറന്നാൾ ആഘോഷങ്ങൾക്ക് തൊട്ടുമുമ്പ് കാസി ബെനെറ്റ് സമൂഹമാധ്യമങ്ങളിലൂടെ ഉസൈൻ ബോൾട്ടിന് പിറന്നാള്‍ ആശംസകൾ നേർന്നിരുന്നു. 'എന്റെ പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകൾ, എന്റെ സ്നേഹം, എന്റെ വീട്, എന്റെ എക്കാലത്തെയും സർവ്വസ്വവും' എന്ന് കുറിച്ചുകൊണ്ട് കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും അവർ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ ബോൾട്ട് കാസിയോട് വിവാഹാഭ്യര്‍ഥന നടത്തിയത്.

ജമൈക്കയിൽ നിന്നുള്ള  ഫാഷൻ ഇൻഫ്ലുവൻസറും മോഡലുമാണ് കാസി ബെനെറ്റ്. ഒപ്പം, 'എലിവേറ്റ് മാർക്കറ്റിംഗ് ഹൗസ്'  എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ കൂടിയായ അവർ ബിസിനസ്സ് രംഗത്തും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഫാഷൻ ശൈലികൾ കൊണ്ടും സാമൂഹിക പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യം കൊണ്ടും ജമൈക്കയിൽ ഏറെ ആരാധകരുള്ള വ്യക്തിയാണ് കാസി. 2013 മുതലാണ് ഉസൈൻ ബോൾട്ടും കാസി ബെനെറ്റും തമ്മിൽ പ്രണയത്തിലാകുന്നത്.

വർഷങ്ങളോളം ഈ ബന്ധം രഹസ്യമാക്കിയ ഇരുവരും 2016-ലെ റിയോ ഒളിമ്പിക്സിനു ശേഷമാണ് തങ്ങളുടെ ബന്ധം ഔദ്യോഗികമായി ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയത്. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന ഇരുവര്‍ക്കും ഒളിമ്പിയ ലൈറ്റ്നിംഗ് ബോൾട്ട്, തണ്ടർ ബോൾട്ട്, സെന്റ് ലിയോ ബോൾട്ട്  എന്നിങ്ങനെ മൂന്ന് മക്കളുമുണ്ട്.

ENGLISH SUMMARY:

Usain Bolt, the sprint legend, has proposed to his long-time partner Kasi Bennett. This joyous occasion took place during his 40th birthday celebration, marking a significant step in their relationship.