Novak Djokovic during match against Thiago Agustn Tirante on day five of the Cincinnati Open (Photo by Emilee Chinn / GETTY IMAGES NORTH AMERICA / via AFP)
സിൻസിനാറ്റി ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ നിന്ന് ഇതിഹാസ താരം നൊവാക് ജോക്കോവിച്ച് പുറത്ത്. കടുത്ത ചൂടിനെയും ശാരീരിക അസ്വസ്ഥതകളെയും തുടർന്ന് രണ്ടാം റൗണ്ടിൽ അർജന്റീനയുടെ തിയാഗോ ടിരാന്റെയോടാണ് ജോക്കോവിച്ച് പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ജോക്കോവിച്ചിന്റെ തോൽവി (2-6, 4-6, 4-6).
മത്സരത്തിനിടെ ജോക്കോവിച്ച് ശാരീരികമായി വലിയ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. രണ്ടാം സെറ്റിൽ മെഡിക്കൽ ടൈം ഔട്ട് എടുക്കേണ്ടി വന്ന താരം, കളം വിടുന്നതിന് മുൻപ് ഛർദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പിന്നാലെ താൻ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് മത്സരശേഷം ജോക്കോവിച്ച് തന്നെ വെളിപ്പെടുത്തുകയും ചെയ്തു.
‘കഴിഞ്ഞ കുറേ വർഷങ്ങളായി അലട്ടിക്കൊണ്ടിരിക്കുന്ന ആരോഗ്യപ്രശ്നമാണിത്. അന്തരീക്ഷത്തിൽ ചൂടും ഈർപ്പവും കൂടുമ്പോൾ ഈ അവസ്ഥ വഷളാകാറുണ്ട്. ഇതിനോടൊപ്പം മത്സരത്തിന്റെ സമ്മർദ്ദവും കൂടിച്ചേർന്നപ്പോൾ കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടായി’– ജോക്കോവിച്ച് പറഞ്ഞു.
അതേസമയം, തന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണിതെന്ന് അർജന്റീനയുടെ തിയാഗോ ടിരാന്റെ പ്രതികരിച്ചു. ജോക്കോവിച്ചിനെപ്പോലൊരു ഇതിഹാസ താരത്തിനെതിരെ കളിക്കുമ്പോഴുണ്ടായ സമ്മർദ്ദത്തെ അതിജീവിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിംബിൾഡൺ സെമിഫൈനൽ തോൽവിക്ക് ശേഷം ആദ്യമായാണ് ജോക്കോവിച്ച് കോർട്ടിലിറങ്ങിയത്. 2005 മുതൽ തുടർച്ചയായി സിൻസിനാറ്റി ഓപ്പണിൽ പങ്കെടുക്കുന്ന താരം, അടുത്ത വർഷം ടൂർണമെന്റിലുണ്ടാകുമോ എന്ന ചോദ്യത്തിന് ഉറപ്പൊന്നും നൽകിയില്ല.