ഉത്തരാഖണ്ഡില്‍ സ്വന്തമായി ഒരു വീട് നിര്‍മ്മിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്ത്. നിലവില്‍ ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യന്‍ ടീമിനൊപ്പം ശ്രീലങ്കയിലുള്ള പന്ത്, ശനിയാഴ്ച പുലര്‍ച്ചെ എക്സ് പോസ്റ്റിലൂടെയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട് തന്‍റെ ആഗ്രഹം പ്രകടിപ്പിച്ചത്. മുഖ്യമന്ത്രിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു പന്തിന്‍റെ പോസ്റ്റ്.
ഡല്‍ഹിയില്‍ നിന്ന് സ്വദേശമായ ഉത്തരാഖണ്ഡിലേക്ക് മാറാനും അവിടെ സ്വന്തമായി ഒരു വീട് പണിയാനും കഴിഞ്ഞ മൂന്ന് വര്‍ഷമായി താന്‍ ശ്രമിച്ചുവരികയാണെന്ന് പന്ത് കുറിച്ചു. തന്‍റെ വേരുകളിലേക്ക് മടങ്ങാനും സ്വന്തം സംസ്ഥാനത്തിന് വേണ്ടി സംഭാവനകള്‍ നല്‍കാനുമുള്ള ആഗ്രഹമാണ് ഇതിന് പിന്നിലെന്നും പന്ത് വ്യക്തമാക്കി. തന്റെ നാട്ടിലേക്ക് മടങ്ങാനും ഉത്തരാഖണ്ഡിന്റെ വികസനത്തിന് സഹായിക്കാനും താന്‍ ആഗ്രഹിക്കുന്നുവെന്നും ഭൂമി ലഭ്യമാക്കാന്‍ സഹായിക്കണമെന്നും പന്ത് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. നിയമപ്രകാരമുള്ള നിരക്കില്‍ ഭൂമി വാങ്ങാന്‍ തയ്യാറാണെന്നും, സൗജന്യമായി വേണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും പന്ത് വ്യക്തമാക്കിയിട്ടുണ്ട്.
പന്തിന്റെ ആഗ്രഹത്തെ സ്വാഗതം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉടന്‍ തന്നെ മറുപടി നല്‍കി. ‘പ്രിയപ്പെട്ട റിഷഭ്, നിങ്ങള്‍ ഉത്തരാഖണ്ഡിന്റെ അഭിമാനമാണ്. നിങ്ങളുടെ മികച്ച പ്രകടനത്തിലൂടെ രാജ്യത്തും ലോകത്തിലും ദേവഭൂമിയുടെ' പേര് നിങ്ങള്‍ ഉയര്‍ത്തി’ അദ്ദേഹം കുറിച്ചു. ജന്മനാടിനോടുള്ള പന്തിന്റെ സ്നേഹവും സംഭാവനകള്‍ നല്‍കാനുള്ള മനോഭാവവും വളരെ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പന്ത് ഉന്നയിച്ച വിഷയത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും, നിയമപ്രകാരമുള്ള എല്ലാ പിന്തുണയും സഹായവും ഉദ്യോഗസ്ഥര്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
1997 ല്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലെ റൂര്‍ക്കിയിലാണ് പന്ത് ജനിച്ചത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഉത്തരാഖണ്ഡില്‍ ഏറ്റവും കൂടുതല്‍ ആദായനികുതി അടച്ച വ്യക്തികൂടിയാണ് റിഷഭ് പന്ത്.