ന്യൂസീലൻഡിനെതിരെ കെ.എല്‍. രാഹുലിന്‍റെ ബാറ്റിങ്.
ന്യൂസീലാന്‍ഡിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മല്‍സരത്തില്‍ ഇന്ത്യയ്ക്ക് 4 റണ്‍സ് ജയം. മഴ മുടക്കിയ മല്‍സരത്തില്‍ ഡക്‌വര്‍ത്ത്–ലൂയിസ്–സ്റ്റേണ്‍ (DLS) നിയമപ്രകാരമാണ് ഇന്ത്യയെ വിജയികളായി പ്രഖ്യാപിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലാന്‍ഡ് 41 ഓവറില്‍ 134 റണ്‍സിന് പുറത്തായി. വിജയലക്ഷ്യം തീരെ ചെറുതായിരുന്നിട്ടും മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നന്നേ പാടുപെട്ടു. വിക്കറ്റ് കീപ്പര്‍ കെ.എല്‍.രാഹുലിന്‍റെ ചെറുത്തുനില്‍പ്പാണ് ടീമിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്.
ഇന്ത്യ 26 ഓവറില്‍ 7 വിക്കറ്റിന് 113 റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് മഴ വീണ്ടും കളി മുടക്കിയത്. ഇതോടെ ഡിഎല്‍എസ് പ്രകാരം വിജയലക്ഷ്യം പുതുക്കി നിശ്ചയിച്ച് ഇന്ത്യയെ ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി ശ്രേയസ് അയ്യര്‍ മുപ്പതും രോഹിത ശര്‍മ ഇരുപത്തിമൂന്നും കെ.എല്‍.രാഹുല്‍ പുറത്താകാതെ ഇരുപത്താറും റണ്‍സെടുത്തു. നാല് ഇന്ത്യന്‍ ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. കളിയവസാനിപ്പിക്കുമ്പോള്‍ രാഹുലും അക്വിബ് നബിയുമായിരുന്നു ക്രീസില്‍. കിവീ നിരയില്‍ ജാമീസണും ഡഫിയും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ പ്രതീക്ഷിച്ചതുപോലെ ബാറ്റിങ് തിരഞ്ഞെടുത്തു. പിച്ചും കാലാവസ്ഥയും നല്‍കിയ ആനുകൂല്യം പേസര്‍മാര്‍ നന്നായി മുതലെടുത്തതോടെ ന്യൂസീലാന്‍ഡ് വിറച്ചു. ആദ്യ 7 ബാറ്റര്‍മാരില്‍ രണ്ടുപേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഡാരില്‍ മിച്ചലിന്‍റെയും ക്യാപ്റ്റന്‍ മിച്ചല്‍ സാന്‍റ്നറുടെയും ചെറുത്തുനില്‍പ്പ് സ്കോര്‍ നൂറുകടത്തി. ഒടുവില്‍ 41 ഓവറില്‍ ആതിഥേയര്‍ 134ന് പുറത്ത്! മിച്ചല്‍ 55 റണ്‍സും സാന്‍റ്നര്‍ 31 റണ്‍സും നേടി.
യുവതാരം ഗുര്‍നൂര്‍ ബ്രാര്‍ ആണ് ഇന്ത്യന്‍ ബോളര്‍മാരില്‍ തിളങ്ങിയത്. 10 ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങിയ ബ്രാര്‍ നാലുവിക്കറ്റ് വീഴ്ത്തി. അക്വിബ് നബി, അന്‍ഷുല്‍ കാംബോജ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ടുവിക്കറ്റ് വീതം നേടി. അര്‍ഷ്ദീപ് സിങ് നന്നായി പന്തെറിഞ്ഞെങ്കിലും വിക്കറ്റ് കിട്ടിയില്ല. ഈ ജയത്തോടെ ഇന്ത്യ പരമ്പരയില്‍ 2–0ന് മുന്നിലെത്തി. ഈമാസം പത്തിന് ഹാമില്‍ട്ടണിലാണ് മൂന്നാം മല്‍സരം.