പോര്‍ച്ചുഗല്‍ – ക്രൊയേഷ്യ നോക്കൗട്ട് മല്‍സരം കാണാനുള്ള ടിക്കറ്റിന് തീവില. റീസെയില്‍ വെബ്സൈറ്റുകളിലാണ് ടിക്കറ്റ് നിരക്ക് ഒരോ മണിക്കൂറിലും കുതിച്ചുയരുന്നത്.
റയൽ മഡ്രിഡിലെ പഴയ സഹതാരങ്ങളായ ക്രിസ്റ്റ്യാനൊ റൊണാൾഡോയും ലൂക്കാ മോഡ്രിച്ചും നേർക്കുനേർ വരുന്ന പോര്‍ച്ചുഗല്‍ – ക്രൊയേഷ്യ നോക്കൗട്ട് പോരാട്ടത്തിനാണ് ജൂലൈ രണ്ടിന് ടൊറന്റൊ വേദിയാകുന്നത്. സ്റ്റബ്ഹബ്, വിവിഡ് തുടങ്ങിയ റീസെയില്‍ പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുന്ന ടിക്കറ്റ്ഡേറ്റയുടെ കണക്കനുസരിച്ച്, ഞായർ രാവിലെ 8:30 വരെയുള്ള കണക്കനുസരിച്ച് ഏറ്റവും കുറഞ്ഞ ടിക്കറ്റിന്റെ ശരാശരി വില രണ്ടരലക്ഷം രൂപ കടന്നു. റൗണ്ട് ഓഫ് 32-ലെ ഏതൊരു മത്സരത്തിനും രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.
പോർച്ചുഗൽ-കൊളംബിയ മത്സരം തുടങ്ങുന്നതിന് മുൻപുണ്ടായിരുന്നതിനേക്കാൾ ഇരട്ടിയിലധികമാണ് ഈ വർധന. ടൂർണമെന്റ് സംഘാടകരായ ഫിഫ ഈ വർഷം നടപ്പാക്കിയ ഡൈനാമിക് പ്രൈസിങ് സംവിധാനമാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ആവശ്യത്തിനനുസരിച്ച് വിലയിൽ മാറ്റം വരുത്താൻ അനുവദിക്കുന്ന ഈ രീതി യുഎസിലെ സംഗീത, കായിക പരിപാടികളിൽ സാധാരണമാണ്. ഈ സംവിധാനം വന്നതോടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ പുനർവിൽപ്പന ടിക്കറ്റുകൾക്ക് പോലും 1000 ഡോളറിന് മുകളിൽ വില വന്നിരുന്നു.
അതേസമയം, ടിക്കറ്റുകൾ വാങ്ങാൻ തങ്ങളുടെ ഔദ്യോഗിക പുനർവിൽപ്പന പ്ലാറ്റ്ഫോം മാത്രം ഉപയോഗിക്കണമെന്ന് ഫിഫ ആരാധകരോട് അഭ്യര്‍ഥിക്കുന്നുണ്ട്. ടിക്കറ്റുകൾ കൃത്യമായി ലഭിക്കുമെന്ന് ഉറപ്പുനൽകാൻ കഴിയുന്ന ഏക അംഗീകൃത വിപണനകേന്ദ്രം ഇതാണെന്നാണ് ഫിഫയുടെ വാദം