കൊടും തണുപ്പും ഒട്ടേറെ പ്രതിസന്ധികളും മറികടന്ന് പർവ്വതാരോഹണത്തിൽ അപൂർവ്വ നേട്ടം കൈവരിച്ച പ്രവാസിയായ ഒരു മലയാളി പെൺകുട്ടിയെ പരിചയപ്പെടാം. വടക്കൻ ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് ടൂബ്കലിന്‍റെ നെറുകയിലാണ് തൃശൂർ സ്വദേശിയായ എട്ടര വയസ്സുകാരി ഇയ ക്രിഷ് വിജയക്കൊടി പാറിച്ചത്. ഈ ചരിത്ര നേട്ടത്തോടെ, കൊടുമുടി കീഴടക്കുന്ന ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ പർവ്വതാരോഹകയെന്ന ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കി .
അച്ഛൻ കൃഷ്ണരാജിനൊപ്പം ശബരിമലയിലെ മലനിരകൾ ചവിട്ടിയ ആവേശത്തിൽ നിന്നാണ് ഇയയുടെ മനസ്സിൽ സാഹസിക യാത്രകളുടെ ആദ്യ വിത്തുകൾ പാകപ്പെടുന്നത്. യുഎഇയിലെ അറിയപ്പെടുന്ന ഫിറ്റ്നസ് ട്രെയിനറായ നാസർ ഹുസൈന്‍റെ നേതൃത്വത്തിലാണ് സമുദ്രനിരപ്പിൽ നിന്ന് അയ്യായിരത്തോളം അടി ഉയരത്തിലുള്ള ഈ കഠിന ദൗത്യത്തിനായി സംഘം പുറപ്പെട്ടത്. ഈ യാത്രയിലും തണലായി അച്ഛൻ ഇയയ്ക്ക് ഒപ്പമുണ്ടായിരുന്നു.
കനത്ത മഞ്ഞും ആഞ്ഞടിച്ച കാറ്റും മുതിർന്നവർക്ക് പോലും വെല്ലുവിളിയായ അന്തരീക്ഷത്തിൽ ഭയത്തിന്റെ നിഴൽ പോലുമില്ലാതെയാണ് ഈ എട്ടര വയസ്സുകാരി മല കയറിയത് . ദിവസവുമുള്ള കഠിനമായ കളരിപ്പയറ്റ് പരിശീലനവും വാരാന്ത്യങ്ങളിൽ യുഎഇയിലെ റാബി ടവർ മലനിരകൾ കയറിയുള്ള കഠിന തയ്യാറെടുപ്പുകളുമാണ് ഈ കൊച്ചുമിടുക്കിക്ക് കൊടുമുടി കയറാൻ കരുത്തായത്.
ഗ്രീൻവേ അഡ്വഞ്ചേഴ്സ് ഒരുക്കിയ സുരക്ഷിത പാതയിലൂടെ കഴിഞ്ഞ ജൂലൈ ഏഴിനായിരുന്നു 4167 മീറ്റർ ഉയരമുള്ള കൊടുമുടി ഇയ കീഴടക്കിയത്.
ഈ ചരിത്ര വിജയം ഔദ്യോഗികമായി രേഖപ്പെടുത്തുന്നതിനായി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ്, ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവർക്ക് നിലവിൽ അപേക്ഷ നൽകിയിട്ടുണ്ട്.
ഫുജൈറ റോയൽ പ്രൈവറ്റ് സ്കൂളിലെ വിദ്യാർത്ഥിനിയായ ഇയ, അവധിക്കാലം കഴിഞ്ഞ് വിദ്യാലയത്തിൽ എത്തുമ്പോൾ കൂട്ടുകാരോട് ഈ വലിയ നേട്ടത്തിന്‍റെ കഥകൾ പങ്കുവെക്കാനുള്ള ആവേശത്തിലാണ്.
തൃശൂർ സ്വദേശിയായ അച്ഛൻ കൃഷ്ണരാജിനും അമ്മ അരുണയ്ക്കുമൊപ്പം കഴിഞ്ഞ പതിനാല് വർഷമായി ഫുജൈറയിലാണ് ഇയയുടെ കുടുംബം താമസിക്കുന്നത്. വലിയ സ്വപ്നങ്ങൾ കൈപ്പിടിയിലൊതുക്കാൻ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ച ഈ മിടുക്കിയുടെ അടുത്ത ലക്ഷ്യം ആഫ്രിക്കയിലെ കിളിമഞ്ചാരോ കൊടുമുടിയാണ്.