Image Credit: facebook/hitchhiking.nomad

യാത്രകളിലൂടെയും അതിന്‍റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെയും സോഷ്യല്‍ ലോകത്ത് ശ്രദ്ധേയനാണ് ഹിച്ച് ഹൈക്കിങ് നൊമാഡ് എന്ന പേരില്‍ അറിയപ്പെടുന്ന തിരുവനന്തപുരം സ്വദേശി. സ്വിറ്റ്സര്‍ലന്‍ഡിലേക്കുള്ള യാത്രയ്ക്കിടെ തനിക്ക് കടുത്ത വിവേചനവും അപമാനവും നേരിട്ടുവെന്നും കരഞ്ഞു കൊണ്ട് നടന്ന് നീങ്ങവേ ഒരു മലയാളി തന്നെ സഹായിക്കാനെത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചില്‍ നിന്ന് ലുസേനിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍ കയറിയപ്പോഴുള്ള സംഭവമാണ് കുറിപ്പില്‍ വിശദീകരിക്കുന്നത്. 

3500 രൂപയോളം മുടക്കിയെടുത്ത ടിക്കറ്റുമായി ആദ്യം കണ്ട ബോഗിയില്‍ കയറി ഇരുന്നുവെന്നും ടിക്കറ്റ് പരിശോധകന്‍ എത്തിയപ്പോള്‍ സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുമായി താന്‍ ഫസ്റ്റ് ക്ലാസ് കംപാര്‍ട്മെന്‍റിലാണ് കയറിയതെന്ന് പറഞ്ഞുവെന്നും കുറിപ്പില്‍ പറയുന്നു. തനിക്ക് അത് അറിവില്ലായിരുന്നുവെന്നും സ്വിറ്റ്സര്‍ലന്‍ഡില്‍ ആദ്യമാണെന്നും മറ്റേ കംപാര്‍ട്മെന്‍റിലേക്ക് മാറിയിരിക്കാമെന്നും പറഞ്ഞുവെങ്കിലും പിഴ ഈടാക്കിയതിന് പുറമെ അപമാനിച്ച് സംസാരിച്ചുവെന്നും യുവാവ് പറയുന്നു. 'ആഡംബര ഹോട്ടലില്‍ പോയി വിലകൂടിയ ഭക്ഷണം കഴിച്ച ശേഷം ബില്‍ വരുമ്പോള്‍ ഇത്രയും വിലയുണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് ഒഴികഴിവ് പറയുന്നത് പോലെയാണിതെന്നും ടിക്കറ്റ് പരിശോധകന്‍ പറഞ്ഞുവെന്നും കുറിപ്പിലുണ്ട്. 

മൂന്നാം ലോകരാജ്യത്തില്‍ നിന്നുള്ള ദരിദ്രനായ ഒരാളാണെന്ന് കരുതിയാകും തന്നെ ഇത്തരത്തില്‍ അപമാനിച്ചതെന്ന് തോന്നിയെന്നും കര‍ഞ്ഞുകൊണ്ട് ട്രെയിന് പുറത്തിറങ്ങി നടക്കുമ്പോള്‍ ഒരു മലയാളി തന്നെ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം ആശ്വസിപ്പിക്കുകയും റെയില്‍വേ സ്റ്റേഷനിലേക്ക് ഒപ്പമെത്തി പരാതി നല്‍കാന്‍ സഹായിക്കുകയും ഉദ്യോഗസ്ഥര്‍ പരാതി അന്വേഷിക്കാമെന്ന് അറിയിച്ചുവെന്നും നൊമാഡ് എഴുതുന്നു. 

ഫെയ്സ്ബുക്ക് കുറിപ്പിങ്ങനെ: 'സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ നഗരമായ സൂറിച്ചിൽ നിന്ന് ലുസേൺ എന്ന മറ്റൊരു നഗരത്തിലേക്ക് പോകാനാണ് ഞാൻ ട്രെയിനിൽ കയറിയത്. ഏകദേശം 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ മാത്രം ദൈർഘ്യമുള്ള യാത്രയ്ക്ക് ഏകദേശം3,500 രൂപ ചെലവഴിച്ചാണ് ഞാൻ ടിക്കറ്റ് എടുത്തത്. സ്വിറ്റ്സർലാൻഡിലെ എന്‍റെ ആദ്യത്തെ യാത്രയായിരുന്നു അത്. ഇവിടത്തെ ട്രെയിൻ സംവിധാനത്തെക്കുറിച്ചോ ബോഗികളുടെ ക്ലാസുകളെക്കുറിച്ചോ എനിക്ക് വ്യക്തമായ അറിവുണ്ടായിരുന്നില്ല. ട്രെയിൻ വന്നപ്പോൾ ആദ്യം കണ്ട ബോഗിയിൽ കയറി ഇരുന്നു. എന്റെ ടിക്കറ്റ് കാണിച്ചുകൊണ്ട് ഈ ട്രെയിൻ ലുസേണിലേക്കാണോ പോകുന്നതെന്ന് അടുത്തിരുന്ന ഒരാളോട് ചോദിച്ച് ഉറപ്പാക്കുകയും ചെയ്തു.

യാത്ര തുടങ്ങി ഏകദേശം 30 മുതൽ 40 മിനിറ്റ് വരെ കഴിഞ്ഞിരുന്നു. അതിനിടെ ടിക്കറ്റ് പരിശോധിക്കുന്ന ഉദ്യോഗസ്ഥൻ രണ്ടുമൂന്ന് തവണ എന്റെ അടുത്തുകൂടി കടന്നുപോയെങ്കിലും ടിക്കറ്റ് ചോദിച്ചിരുന്നില്ല. പിന്നീട് അദ്ദേഹം എന്റെ അടുത്തെത്തി ടിക്കറ്റ് ആവശ്യപ്പെട്ടു. ഞാൻ ടിക്കറ്റ് കാണിച്ചപ്പോൾ, ഞാൻ ഇരുന്നിരുന്നത് എന്റെ ടിക്കറ്റിന് അനുവദിച്ചിരുന്ന ക്ലാസിലല്ലെന്ന് പറഞ്ഞു.

അപ്പോഴാണ് ട്രെയിനിൽ വ്യത്യസ്‌ത ക്ലാസുകളുള്ള ബോഗികളുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്. ഞാൻ ഉടൻ തന്നെ അദ്ദേഹത്തോട് ക്ഷമ ചോദിച്ചു. 'സോറി, എനിക്ക് അറിയില്ലായിരുന്നു. ഞാൻ ഇപ്പോൾ തന്നെ എന്റെ ബോഗിയിലേക്ക് മാറിക്കോളാം'. എന്നാൽ അദ്ദേഹം വളരെ രൂക്ഷമായും അപമാനകരമായും സംസാരിക്കാൻ തുടങ്ങി. ഇത്രയും സമയം ഞാൻ സൗജന്യമായി ആഡംബരസൗകര്യങ്ങൾ അനുഭവിച്ച ശേഷം ഇപ്പോൾ അറിയില്ലായിരുന്നുവെന്ന് കള്ളം പറയുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഞാൻ ഒരു വിനോദസഞ്ചാരിയാണെന്നും ആദ്യമായാണ് സ്വിറ്റ്സർലൻഡിൽ എത്തുന്നതെന്നും ഇവിടത്തെ ട്രെയിൻ സംവിധാനത്തെക്കുറിച്ച് അറിയില്ലായിരുന്നെന്നും വീണ്ടും വിശദീകരിച്ചു. എന്നിട്ടും അദ്ദേഹം എന്‍റെ വാക്കുകൾ വിശ്വസിക്കാൻ തയ്യാറായില്ല. അദ്ദേഹം പറഞ്ഞ ഒരു ഉദാഹരണം എന്നെ ഏറെ വേദനിപ്പിച്ചു. 'നീ ഒരു ആഡംബര റെസ്റ്റോറന്റ്റിൽ പോയി വിലകൂടിയ ഭക്ഷണം കഴിച്ചശേഷം ബിൽ വരുമ്പോൾ, അതിന്റെ വില അറിയില്ലായിരുന്നുവെന്ന് പറയുന്നതുപോലെയാണ് ഇത്'.. അദ്ദേഹത്തിന്റെ സംസാരരീതിയും എന്നെ കള്ളനായി ചിത്രീകരിച്ചതും വളരെ അപമാനകരമായി തോന്നി. എന്‍റെ കൈയിൽ സ്വിസ് ഫ്രാങ്ക് ഇല്ലാത്തതിനാൽ യൂറോ നൽകിയാണ് പിഴ അടച്ചത്. പിന്നീട് അറിഞ്ഞത്, ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ പലപ്പോഴും യാത്രക്കാരനോട് ശരിയായ ബോഗിയിലേക്ക് മാറാൻ ആവശ്യപ്പെടുകയാണ് പതിവെന്നാണ്. എന്നാൽ എന്നോട് പിഴ ഈടാക്കിയതിൽ മാത്രമല്ല, വളരെ മോശമായും അവഹേളിക്കുന്ന രീതിയിലുമാണ് അദ്ദേഹം സംസാരിച്ചത്. അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ നിന്ന്, ഏതോ മൂന്നാം ലോക രാജ്യത്തിൽ നിന്നുള്ള ദരിദ്രനായ ഒരാളെന്ന നിലയിലാണ് എന്നെ കണ്ടതും വിലയിരുത്തിയതും എന്ന തോന്നൽ എനിക്കുണ്ടായി.

ട്രെയിനിൽ നിന്ന് ഇറങ്ങിയശേഷം എനിക്ക് കരച്ചിൽ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. എന്റെ യാത്രകളിൽ ഞാൻ ഏറ്റവും കൂടുതൽ വിലമതിക്കുന്നത് മനുഷ്യരെയാണ്. ലോകത്തിൻ്റെ പല ഭാഗങ്ങളിലും അപരിചിതരായ മനുഷ്യരിൽ നിന്ന് എനിക്ക് ലഭിച്ചിട്ടുള്ളത് സ്നേഹവും കരുതലും നല്ല അനുഭവങ്ങളുമാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അപമാനകരമായ പെരുമാറ്റം, പ്രത്യേകിച്ച് വംശീയ വിവേചനമായി തോന്നിയ ഒരു അനുഭവം, എനിക്ക് സഹിക്കാൻ വളരെ ബുദ്ധിമുട്ടായി.

ലുസേണിൽ ഇറങ്ങിയ ശേഷം, വിഷമം താങ്ങാനാകാതെ ഞാൻ പൊട്ടിക്കരഞ്ഞുകൊണ്ടാണ് നടന്നത്. അപ്പോഴാണ് കേരളത്തിൽ നിന്നുള്ള ഒരു മലയാളി അപ്രതീക്ഷിതമായി എന്നെ തിരിച്ചറിഞ്ഞ് സംസാരിക്കാൻ വന്നത്. പത്ത് വർഷത്തോളമായി അദ്ദേഹം സ്വിറ്റ്സർലാൻഡിൽ താമസിക്കുകയാണ്. . അദ്ദേഹം എന്നെ അവിടെ ഒറ്റയ്ക്ക് വിട്ടില്ല. എന്നെ കൂടെ കൊണ്ടുപോയി, ശാന്തമായി സംസാരിക്കാൻ അവസരം നൽകി, എന്‍റെ വിഷമം മുഴുവൻ കേട്ടു. പിന്നീട് അദ്ദേഹം തന്നെ എന്നോടൊപ്പം റെയിൽവേ സ്റ്റേഷനിലെ ഓഫീസിലേക്ക് വന്ന് പരാതി നൽകാൻ സഹായിച്ചു.

അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ വളരെ മാന്യമായും കരുതലോടെയും പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും തുടർവിവരങ്ങൾ ഇ മെയിലിലൂടെ അറിയിക്കുമെന്നും അവർ പറഞ്ഞു. ഒരു വ്യക്തിയുടെ പെരുമാറ്റം കാരണം ഒരു നിമിഷത്തേക്ക് സ്വിറ്റ്സർലാൻഡിനോടുതന്നെ വെറുപ്പ് തോന്നി. എന്നാൽ അതേ ദിവസം തന്നെ, മറ്റൊരു മനുഷ്യന്‍റെ കരുതലും സ്നേഹവും എന്‍റെ മനസ്സിനെ വീണ്ടും ആശ്വസിപ്പിച്ചു. ചിലപ്പോൾ ഒരു മനുഷ്യന്‍റെ പെരുമാറ്റം ഒരു രാജ്യത്തെക്കുറിച്ചുള്ള നമ്മുടെ മുഴുവൻ കാഴ്‌ചപ്പാടും തകർക്കാം. അതുപോലെ മറ്റൊരു മനുഷ്യന്റെ കരുതൽ അത് വീണ്ടും പുനർനിർമ്മിക്കുകയും ചെയ്യും'. 

ENGLISH SUMMARY:

A Kerala-based travel blogger recently shared a distressing account of facing discrimination while traveling by train from Zurich to Lucerne in Switzerland. Despite possessing a valid ticket, the traveler accidentally boarded a first-class compartment, leading to a demeaning encounter with a ticket inspector who allegedly made xenophobic comments and treated him like a thief. Overwhelmed by the humiliation and feeling targeted as a traveler from a developing nation, the blogger was left in tears after the incident. His faith in humanity was restored in Lucerne when he was unexpectedly approached and consoled by a fellow Malayali living in Switzerland for over a decade. This kind stranger not only provided emotional support but also assisted the blogger in filing a formal complaint at the railway station, where officials promised a thorough investigation. The incident serves as a poignant reminder that while one individual's prejudice can tarnish a traveler's perception of a country, the kindness of another can effectively restore it