ഹാരി കെയ്നിനെ ശപിച്ചതിന് പിന്നാലെ പുതിയ പ്രവചനവുമായി ഇറങ്ങിയിരിക്കുകയാണ് ഘാനയിലെ ദുര്‍മന്ത്രവാദി. ഇത്തവണ അര്‍ജന്റീനയെ കാബോ വെര്‍ദെ പരാജയപ്പെടുത്തുമെന്നാണ് പ്രവചനം.
ഇംഗ്ലണ്ട് നായകന്‍ ഹാരികെയ്നെതിരായ ശാപം പിന്‍വലിച്ച നാനാ ക്വാകു ബോണ്‍സാം ഇത്തവണ പിടിച്ചിരിക്കുന്നത് ലോക ചാംപ്യന്‍മാരായ അര്‍ജന്റീനയെയാണ്. ജൂലൈ 4ന് നടക്കുന്ന റൗണ്ട് ഓഫ് 32 മല്‍സരത്തില്‍ അര്‍ജന്റീനയെ കാബോ വെര്‍ദെ അട്ടിമറിക്കുമെന്നാണ് പ്രവചനം. ഘാനക്കെതിരായ മല്‍സരത്തില്‍ ഹാരി കെയ്ന്‍ ഗോളടിക്കാതിരുന്നതിന് പിന്നാലെ ഘാനയിലെ ദര്‍മന്ത്രവാദിയുടെ പ്രവചനങ്ങള്‍ വാര്‍ത്തകളായിരുന്നു. കെയ്നിന്റെ ശാപം പിന്‍വലിച്ചെന്ന് മന്ത്രവാദി പറഞ്ഞതിന് പിന്നാലെ പാനമയ്ക്കെതിരെ ഇംഗ്ലീഷ് നായകന്‍ ഗോളടിച്ചതും കൗതുകമായിരുന്നു. മിന്നും ഫോമിലുള്ള മെസിയും സംഘവും ഇത്തവണയും ലോകകപ്പ് നിലനിര്‍ത്താനുള്ള തയ്യാറെടുപ്പിലാണ്.
മെസിയാകട്ടെ ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ 6 ഗോളുകളുമായി മുന്നില്‍ തന്നെയുണ്ട്. അതിനിടെയാണ് മന്ത്രവാദിയുടെ പ്രവചനം. ഇത്തവണ ലോകകപ്പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഉയര്‍ത്തുമെന്നതാണ് മന്ത്രവാദിയുടെ മറ്റൊരു പ്രവചനം. എന്തായാലും, കാബോ വെര്‍ദെക്കെതിരായ മല്‍സരത്തില്‍ മെസി ജയിക്കുമോ മന്ത്രവാദി ജയിക്കുമോയെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.