മലയാളി വ്‌ലോഗറുടെ വിഡിയോയില്‍ കമന്‍റ് ചെയ്ത് ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി. മെസിയുടെ ജന്മദിനത്തില്‍ ആശംസകളറിയിച്ച് യാദില്‍ എം.ഇക്ബാല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് താഴെയാണ് താരം കമന്‍റ് പങ്കുവെച്ചത്.

മെസി ആരാധകനായ യാദില്‍ എം.ഇക്ബാല്‍ സ്പാനിഷിലാണ് മെസിക്ക് പിറന്നാളാശംസ അറിയിച്ച് വിഡിയോ പോസ്റ്റ് ചെയ്തത്. പ്രിയപ്പെട്ട മെസിക്ക് ജന്മദിനാശംസകള്‍; കേരളത്തിലെ, ഇന്ത്യയിലെ ജനതയുടെ സ്നേഹം അറിയിക്കുന്നു എന്ന് പറഞ്ഞാണ് വിഡിയോ തുടങ്ങുന്നത്. ഇതിനാണ് സ്പാനിഷില്‍തന്നെ നന്ദി യാദില്‍ എന്ന് മെസിയുടെ ഔദ്യോഗിക പേജില്‍ നിന്ന് മറുപടിയെത്തിയത്. കൊടുങ്ങല്ലൂരില്‍ വരച്ച ചിത്രവും 2022 ഖത്തര്‍ ലോകകപ്പ് നേടിയതിന് പിന്നാലെ സ്ഥാപിച്ച മെസിയുടെ പ്രതിമയും വിഡിയോയില്‍ കാണാം, തന്റെ പരിശ്രമങ്ങള്‍ ഒരിക്കല്‍ മെസി കാണുമെന്നും തിരിച്ചറിയുമെന്നും പറഞ്ഞാണ് യാദില്‍ വിഡിയോ അവസാനിപ്പിക്കുന്നത്. അതിന് താഴെയായിരുന്നു ആ  കമന്‍റ് ‘ഗ്രാസിയസ് യാദില്‍’.