ഒരുകാലത്ത് കുട്ടികളുടെ ഫുട്ബോൾ റിയാലിറ്റി ഷോയിൽ മികവ് തെളിയിച്ച ബാലതാരം. ഇന്നിതാ ഫിഫ ലോകകപ്പിൽ ദക്ഷിണ കൊറിയയുടെ വിജയക്കുതിപ്പിന് നേതൃത്വം നൽകുന്നു.  ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ലീ കാങ് ഇന്‍ ആണ് ഇപ്പോൾ കൊറിയൻ ആരാധകരുടെ ഹീറോ.

ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിൽ 37 കൃത്യതയാർന്ന പാസുകളാണ് ലീ കാങ് ഇന്നിന്റെ ബൂട്ടിൽ നിന്ന് പിറന്നത്. സമനില ഗോളിന് വഴിയൊരുക്കിയ നിർണായക നീക്കത്തിനും ലീ തന്നെയായിരുന്നു ചുക്കാൻ പിടിച്ചത്. പാസിംഗിലെയും സൃഷ്ടിപരമായ മുന്നേറ്റങ്ങളിലെയും മികവാണ് മത്സരത്തിൽ താരത്തെ വേറിട്ടുനിർത്തിയത്.

ദക്ഷിണ കൊറിയൻ ആരാധകർ ലീയെ ആദ്യമായി പരിചയപ്പെടുന്നത് ഒരു പ്രൊഫഷണൽ സ്റ്റേഡിയത്തിലല്ല. രാജ്യത്തെ  കുട്ടികളുടെ ജനപ്രിയ ഫുട്ബോൾ പരിപാടിയായ ‘ഫ്ലൈ ഷൂട്ട് ഡോറി’യിലൂടെയായിരുന്നു. വെറും ആറാം വയസ്സിൽ തന്നെ അസാധാരണമായ കഴിവും പക്വതയും പ്രകടിപ്പിച്ച ലീ, പ്രായത്തിൽ മുതിർന്ന കുട്ടികൾക്കെതിരായ മത്സരങ്ങളിലും ആധിപത്യം സ്ഥാപിച്ച് ശ്രദ്ധനേടി.

ടെലിവിഷൻ പരിപാടിയിലൂടെ പ്രശസ്തനായതോടെ നിരവധി കൊറിയൻ ക്ലബുകളുടെ ശ്രദ്ധ ലീയിലേക്ക് തിരിഞ്ഞു. തുടർന്ന് പത്താം വയസ്സിൽ സ്പാനിഷ് ക്ലബായ വലൻസിയയുടെ അക്കാദമിയിൽ ചേർന്ന അദ്ദേഹം യൂറോപ്യൻ ഫുട്ബോളിലേയ്ക്കുള്ള യാത്ര ആരംഭിക്കുകയായിരുന്നു.

വലൻസിയയിലൂടെ പ്രൊഫഷണൽ ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച ലീ പിന്നീട് ഫ്രഞ്ച് വമ്പൻ ക്ലബായ പാരിസ് സെന്റ് ജെർമെയ്‌നിൽ (പിഎസ്ജി) ചേർന്നു. ഇതോടെ പിഎസ്ജിയുടെ ചരിത്രത്തിലെ ആദ്യ ദക്ഷിണ കൊറിയൻ താരമെന്ന നേട്ടവും സ്വന്തമാക്കി.

25കാരനായ ലീ കാങ് ഇന്നിന്റെ കരിയറിൽ ഇതിനോടകം ഫ്രഞ്ച് ലീഗ് കിരീടവും യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും ഇടംപിടിച്ചിട്ടുണ്ട്. ക്ലബ് ഫുട്ബോളിലെ നേട്ടങ്ങൾക്കൊപ്പം ഇപ്പോൾ ലോകകപ്പ് വേദിയിലും മികവ് ആവർത്തിച്ച് ദക്ഷിണ കൊറിയയുടെ പ്രതീക്ഷകളായി മാറുകയാണ് ഈ യുവതാരം.

ENGLISH SUMMARY:

Lee Kang-in is currently leading South Korea's charge in the FIFA World Cup, impressing fans with his performance against the Czech Republic. This young talent, once a standout in a children's football reality show, is now a national hero for South Korea.