ഫുട്ബോള്‍ ലോകകപ്പിലെ വിസ്മയതാരങ്ങളിലൊരാളായ വോസിഞ്ഞയ്ക്ക് ചിലെയിൽ പുതിയ തട്ടകം. കാബോ വെര്‍ദെയുടെ നാല്പ്പതുകാരന് ഗോള്‍കീപ്പര്‍ ചെലെയിലെ ഏറ്റവും വലിയ ഫുട്ബോൾ ക്ലബ്ബായ കൊളോ കൊളോയുമായി കരാറൊപ്പിട്ടു.
ഫുട്ബോള്‍ ലോകകപ്പില്‍ സ്പെയിനെ ആദ്യമല്‍സരത്തില്‍ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടിയതില്‍ നിര്‍ണായ പങ്കുവഹിച്ചതോടെയാണ് ഗോള്‍കീപ്പര്‍ വൊസീഞ്ഞ ലോകശ്രദ്ധനേടിയത്. അര്‍ജന്റീനയ്ക്കെതിരായ മിന്നുന്ന സേവുകളിലൂടെ ഈ നാല്പ്പതുകാരന് സൂപ്പര്‍താര പദവിലേയ്ക്കുയര്ന്നു. ലോകകപ്പ് സമയത്ത് ഒരു ടീമുമായും കരാറിലില്ലാതിരുന്ന ഗോൾകീപ്പർ ഉടൻ ചിലെയിൽ എത്തുമെന്ന്, ക്ലബ്ബിന്റെ നടത്തിപ്പുകാരായ ബ്ലാങ്കോ വൈ നെഗ്രോ കമ്പനിയുടെ പ്രസിഡന്റ് അനിബാൽ മോസ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ആവശ്യമായ വൈദ്യപരിശോധനകൾക്ക് ശേഷം, തലസ്ഥാനമായ സാന്റിയാഗോയിലെ കൊളോ കൊളോയുടെ ഹോം സ്റ്റേഡിയമായ എസ്റ്റാഡിയോ മോണ്യുമെന്റലിൽ വൊസീഞ്ഞയെ ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കും .18 മാസത്തേക്കാണ് കരാറെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്തുള്ള ചെറിയ ദ്വീപ് രാജ്യമായ കാബോ വെർദെയെ മികച്ച മുന്നേറ്റത്തിലേക്ക് നയിച്ചത് വോസിഞ്ഞ എന്നറിയപ്പെടുന്ന ജോസിമർ ഡിയാസാണ്.
റൗണ്ട് ഓഫ് 32–ൽ ലയണൽ മെസ്സിയുടെ അർജന്റീനയോട് അധികസമയത്ത് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തോൽക്കും വരെ ടീം കുതിപ്പ് തുടർന്നു. ലോകകപ്പിലെ മിന്നും പ്രകടനത്തോടെ വോസിഞ്ഞയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലെ ആരാധകരുടെ എണ്ണത്തിലും വൻ കുതിപ്പുണ്ടായി. 50,000-ൽ താഴെയായിരുന്ന പിന്തുടർച്ചക്കാരുടെ എണ്ണം ഇപ്പോൾ മൂന്നൂകോടിയ്ക്കടുത്താണ്.