ഫുട്ബോൾ ലോകകപ്പ് എത്തുമ്പോൾ ടീം ജെഴ്സികൾക്കും അനുബന്ധ ഉൽപ്പന്നങ്ങൾക്കും ആരാധകർക്കിടയിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. എന്നാൽ ഇത്തവണ ലോകകപ്പ് ആവേശം മുണ്ടിലേയ്ക്കാണ് പടര്‍ന്നിരിക്കുന്നത്. പ്രിയപ്പെട്ട ടീമിന്റെ നിറങ്ങളും താരങ്ങളുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക മുണ്ടുകളാണ് ശ്രദ്ധനേടുന്നത്.

മെസിയുടെ അർജന്റീന, റൊണാൾഡോയുടെ പോർച്ചുഗൽ, എംബാപ്പെയുടെ ഫ്രാൻസ്, നെയ്മറിന്റെ ബ്രസീൽ തുടങ്ങി ലോക ഫുട്ബോളിലെ അഞ്ച് പ്രമുഖ ടീമുകളുടെ ആരാധകർക്കായാണ് പ്രത്യേക മുണ്ടുകൾ ഒരുക്കിയിരിക്കുന്നത്. ടീമുകളുടെ പതാക, ഔദ്യോഗിക നിറങ്ങൾ, പ്രമുഖ താരങ്ങളുടെ ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് മുണ്ടുകളുടെ രൂപകൽപന.

ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രമുഹൂർത്തങ്ങൾ ഉൾപ്പെടുത്തിയ പ്രത്യേക പതിപ്പുകളും ശേഖരത്തിലുണ്ട്. ആരാധകർക്ക് തങ്ങളുടെ പ്രിയ ടീമുകളോടുള്ള പിന്തുണ വ്യത്യസ്തമായ രീതിയിൽ പ്രകടിപ്പിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

ഗുരുവായൂർ സ്വദേശിയായ ബിനോയ് ഡേവിഡ്സനാണ് മുണ്ടുകളുടെ രൂപകൽപന നിർവഹിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ തിരുപ്പൂരിൽ പ്രവർത്തിക്കുന്ന മലയാളിയായ അലക്സാണ്ടർ ജോബ് നെരോത്തിന്റെ ഫാം കമ്പനിയാണ് മുണ്ടുകളുടെ നിർമാണം നടത്തുന്നത്.

ഓൺലൈൻ വഴിയാണ് മുണ്ടുകളുടെ വിൽപ്പന. രണ്ടായിരം രൂപയിൽ താഴെയാണ് ഓരോ മുണ്ടിന്റെയും വില. ലോകകപ്പ് ആവേശം കേരളത്തിന്റെ പരമ്പരാഗത വേഷവുമായി കൂട്ടിയിണക്കുന്ന ഈ ആശയത്തിന് ഫുട്ബോൾ ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ENGLISH SUMMARY:

Football World Cup fever has inspired a unique trend in Kerala with special mundus featuring team colors and player images. This innovative approach allows fans to express their support for favorite teams through traditional attire, merging global sports enthusiasm with local culture.