AI Generated image
ലോകമെങ്ങും ആവേശം നിറച്ച് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിച്ചെങ്കിലും, ഫുട്ബോള്‍ പ്രേമികളുടെ നെഞ്ചിടിപ്പ് കൂടുകയാണ്. കാരണം, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്കുകളും സ്റ്റേഡിയത്തിനുള്ളിലെ അമിത വില ഈടാക്കലുകളും വലിയ വിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്.
2022 ഖത്തര്‍ ലോകകപ്പിലെ ടിക്കറ്റിനേക്കാള്‍ അഞ്ചിരട്ടിയാണ് ടിക്കറ്റ് വില വര്‍ധിച്ചത്. ഇത് ആരാധകരെ കനത്ത നിരാശയിലാഴ്ത്തി. ആവശ്യക്കാർ കൂടുന്നതിനനുസരിച്ച് വില മാറുന്ന ‘ഡൈനാമിക് പ്രൈസിങ്’ രീതിയാണ് ഇത്തവണ ഫിഫ പിന്തുടരുന്നത്. ഇത് ടിക്കറ്റ് വിപണിയെ പൂർണ്ണമായും സാധാരണക്കാർക്ക് അപ്രാപ്യമാക്കി മാറ്റി. മത്സരത്തിനെത്തുന്ന ആരാധകരെ ഏറ്റവും കൂടുതൽ അമ്പരപ്പിച്ചത് സ്റ്റേഡിയത്തിലെ ഭക്ഷണ-പാനീയ നിരക്കുകളാണ്. കളി കാണുമ്പോൾ ഒരു ബീയർ കുടിക്കാമെന്ന് വിചാരിച്ചാൽ പോക്കറ്റ് കീറും. സ്റ്റേഡിയത്തിനുള്ളിൽ ഒരു പ്രീമിയം ലാർജ് ബീയറിന് 18 ഡോളർ (ഏകദേശം 1500 ഇന്ത്യൻ രൂപ മുതൽ 1700 രൂപ വരെ) ആണ് ഈടാക്കുന്നത്. സാധാരണ പബ്ബുകളിൽ ലഭിക്കുന്നതിനേക്കാൾ മൂന്നിരട്ടിയിലധികമാണിത്. പോരാത്തതിന് ഇതു തണുപ്പില്ലാത്തെ കാൻ ബീയറുകളാണെന്ന പരാതിയും ശക്തമാണ്. കടുത്ത ചൂടുള്ള സമയമായിട്ടും സ്റ്റേഡിയത്തിന് പുറത്തുനിന്നുള്ള വാട്ടർ ബോട്ടിലുകൾക്ക് ഫിഫ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഡിയത്തിനുള്ളിൽ ഒരു ചെറിയ കുപ്പി വെള്ളത്തിന് 8.75 ഡോളറാണ് (ഏകദേശം 700 - 840 ഇന്ത്യൻ രൂപ) വില. ഒരു സാധാരണക്കാരന് ചിന്തിക്കാൻ പോലും കഴിയാത്ത നിരക്കാണിത്.സ്റ്റേഡിയത്തിലെ ചെലവുകൾക്ക് പുറമെ ആതിഥേയ നഗരങ്ങളിലെ ട്രെയിൻ-മെട്രോ ചാർജുകളും ഹോട്ടൽ മുറി വാടകയും കുത്തനെ കൂടിയിട്ടുണ്ട്. സാധാരണ ദിവസങ്ങളിൽ 13 ഡോളർ മാത്രമുള്ള ട്രെയിൻ ടിക്കറ്റുകൾക്ക് മാച്ച് ദിവസങ്ങളിൽ 100 ഡോളറിനടുത്താണ് ഈടാക്കുന്നത്. സ്റ്റേഡിയങ്ങൾക്ക് സമീപമുള്ള പാർക്കിങ് ഫീസ് മാത്രം 150 മുതൽ 200 ഡോളർ വരെയായി ഉയർന്നു. ഹോട്ടൽ റൂമുകളുടെ വാടകയിലും 50% മുതൽ ഇരട്ടിയിലധികം വരെ വർധനവ് ഉണ്ടായിട്ടുണ്ട്. ടിക്കറ്റുകൾ വാങ്ങി ഉയർന്ന വിലയ്ക്ക് മറിച്ചുവിൽക്കുന്ന കരിച്ചന്ത മാഫിയകളും സജീവമാണ്. ഫിഫയുടെ ഔദ്യോഗിക റീസെയിൽ പ്ലാറ്റ്‌ഫോമുകളിലും മറ്റും ഫൈനൽ ടിക്കറ്റുകൾക്ക് ഇതിലും വലിയ തുകയാണ് ഈടാക്കുന്നത്.
ഫിഫയുടെ ഈ പകൽകൊള്ളയ്ക്കെതിരെ ആഗോളതലത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയരുന്നത്. ഫുട്ബോൾ സാധാരണക്കാരുടെ കളിയാണെന്നും എന്നാൽ ഫിഫ അതിനെ കോർപ്പറേറ്റുകളുടെ മാത്രം വിനോദമാക്കി മാറ്റുന്നെന്നും യൂറോപ്യൻ ഫാൻസ് അസോസിയേഷനുകൾആരോപിച്ചു. ഫിഫ ആരാധകരെ വഞ്ചിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. പല പ്രമുഖ വ്യക്തികളും രാഷ്ട്രീയ നേതാക്കളും ടിക്കറ്റ് നിരക്കുകൾ അമിതമാണെന്ന് പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. ടിക്കറ്റ് നിരക്കുകൾ കൃത്രിമമായി വർധിപ്പിച്ചതിലും, സീറ്റുകളുടെ വിവരങ്ങൾ മറച്ചുവച്ച് ആരാധകരെ തെറ്റിദ്ധരിപ്പിച്ചതിലും ന്യൂയോർക്ക്, ന്യൂജഴ്‌സി തുടങ്ങിയ യുഎസ് സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാർ ഫിഫക്കെതിരെ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഈ വിമർശനങ്ങളെയെല്ലാം ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പ്രതിരോധിച്ചു.