ഫിഫ ലോകകപ്പിലെ ഉയർന്ന ടിക്കറ്റ് നിരക്കുകൾക്കെതിരായ വിമർശനം വീണ്ടും ശക്തമാകുന്നു. ദക്ഷിണ കൊറിയ–ചെക്ക് റിപ്പബ്ലിക് മത്സരം നടന്ന ഗ്വാഡലജാറയിലെ സ്റ്റേഡിയത്തിൽ നിരവധി സീറ്റുകൾ ഒഴിഞ്ഞുകിടന്നതാണ് ടിക്കറ്റ് നിരക്കിനെക്കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ വഴിത്തിരിവായത്.
ലോകകപ്പിന്റെ ഉദ്ഘാടന മത്സരം നടന്ന അർടെക്ക സ്റ്റേഡിയത്തിൽ 80,000ത്തോളം ആരാധകർ എത്തിയപ്പോൾ ഗ്വാഡലജാറയിലെ കാഴ്ച വ്യത്യസ്തമായിരുന്നു. ഫുട്ബോളിന് ശക്തമായ ആരാധകവേരുകളുള്ള മേഖലയായിട്ടും ദക്ഷിണ കൊറിയൻ സൂപ്പർതാരം സൺ ഹ്യുങ് മിൻ കളത്തിലിറങ്ങിയ മത്സരത്തിൽ നിരവധി സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു.
46,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിൽ 44,985 പേരാണ് മത്സരം കാണാനെത്തിയതെന്നാണ് ഫിഫയുടെ ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നത്. എന്നാൽ ഒഴിഞ്ഞുകിടന്ന സീറ്റുകൾക്ക് പ്രധാന കാരണം അമിതമായ ടിക്കറ്റ് നിരക്കാണെന്നാണ് ആരാധകരുടെ ആരോപണം.
ഉയർന്ന ടിക്കറ്റ് വില സാധാരണ ആരാധകരെ സ്റ്റേഡിയങ്ങളിൽ നിന്ന് അകറ്റുന്നുവെന്ന് യൂറോപ്യൻ ആരാധക സംഘടനയായ ഫുട്ബോൾ സപ്പോർട്ടേഴ്സ് യൂറോപ്പും ചൂണ്ടിക്കാട്ടി. ലോകകപ്പ് പോലുള്ള ആഗോള ടൂർണമെന്റുകൾ എല്ലാവർക്കും ആസ്വദിക്കാനാകേണ്ടതാണെന്നും സംഘടന അഭിപ്രായപ്പെട്ടു.
അതേസമയം, ടിക്കറ്റ് നിരക്കിനെ ന്യായീകരിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫെന്റിനോ രംഗത്തെത്തി. മറ്റ് പ്രധാന അന്താരാഷ്ട്ര കായിക മേളകളിലെ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ലോകകപ്പ് ടിക്കറ്റ് വില അസാധാരണമല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.
ഇതിനോടകം 60 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞതായും ടിക്കറ്റുകൾക്കായുള്ള ആവശ്യം ഇപ്പോഴും ഉയർന്ന നിലയിൽ തുടരുകയാണെന്നും ഇൻഫന്റിനോ വ്യക്തമാക്കി. എന്നാൽ ഖത്തർ ലോകകപ്പിനെ അപേക്ഷിച്ച് നിലവിലെ ലോകകപ്പിൽ ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയോളം വർധിച്ചിട്ടുണ്ടെന്നതാണ് വിലയിരുത്തല്‍.