Image credit: x

Image credit: x

TOPICS COVERED

ഹോക്കി ഇന്ത്യ​യ്​ക്കെതിരെ പൊട്ടിത്തെറിച്ച് ഒളിംപ്യനും ജൂനിയര്‍ ഹോക്കി കോച്ചുമായിരുന്ന പി.ആര്‍.ശ്രീജേഷ്. വിദേശ കോച്ചുമാരോടാണ് ഹോക്കിയുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് താല്‍പര്യമെന്നും സമൂഹമാധ്യമത്തിലൂടെ അദ്ദേഹം തുറന്നടിച്ചു. ജൂനിയര്‍ ടീം തന്‍റെ കീഴില്‍ വിജയങ്ങള്‍ നേടിയത് പോലും പരിഗണിക്കാതെയാണ് വിദേശ കോച്ചിനായി ഫെഡറേഷന്‍ നിലകൊണ്ടതെന്നും ശ്രീജേഷ് ആരോപിച്ചു. കളിക്കളത്തില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ ജൂനിയര്‍ താരങ്ങളുടെ പരിശീലകനായ ശ്രീജേഷ് മികച്ച റിസല്‍ട്ടാണ് ഉണ്ടാക്കിയത്. എന്നാല്‍ കേവലം ഒന്നര വര്‍ഷത്തിനിപ്പുറം സേവനം മതിയാക്കാന്‍ ഹോക്കി ഇന്ത്യ തീരുമാനിച്ചതിലെ അതൃപ്തി സമൂഹമാധ്യമക്കുറിപ്പില്‍ ശ്രീജേഷ് പരസ്യമാക്കുന്നുമുണ്ട്. 

'ജൂനിയര്‍ ലോകകപ്പിലെ വെങ്കല മെഡല്‍ ഉള്‍പ്പടെ അഞ്ച് പോഡിയം ഫിനിഷുകള്‍ നേടിയിട്ടും ഒന്നര വര്‍ഷത്തിനിപ്പുറം എന്‍റെ കോച്ചിങ് കരിയര്‍ അവസാനിച്ചുവെന്നാണ് മനസിലാക്കുന്നത്. മോശം പ്രകടനത്തിന്‍റെ പേരില്‍ കോച്ചുമാരെ പുറത്താക്കിയതായി ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ വിദേശകോച്ചിന് വേണ്ടി ഒരാളെ പുറത്താക്കുന്നത് ഇതാദ്യമായി ഞാന്‍ നേരിട്ട് അനുഭവിക്കുകയാണ്. ജൂനിയര്‍ ടീമിനെ പരിശീലിപ്പിക്കാന്‍ വിദേശ കോച്ച് വേണമെന്ന് സീനിയര്‍ പുരുഷ ടീമിന്‍റെ കോച്ച് പറഞ്ഞതായാണ് ഹോക്കി ഇന്ത്യയുടെ പ്രസിഡന്‍റ് എന്നെ അറിയിച്ചത്. ജൂനിയര്‍ തലം മുതല്‍ സീനിയര്‍ തലം വരെ അതിന്‍റെ മെച്ചമുണ്ടാകുമെന്നും അതുകൊണ്ട് വിദേശ കോച്ചിനെ താല്‍പര്യപ്പെടുന്നുവെന്നും വിശദീകരിച്ചു.

 ഇന്ത്യന്‍ കോച്ചുമാര്‍ക്ക് ഇന്ത്യയിലെ ഹോക്കിയെ മെച്ചപ്പെടുത്താന്‍ കഴിയില്ലേ? 2023 മാര്‍ച്ച് ഏഴിന് കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ എന്നോട് പറഞ്ഞത് ' ശ്രീജേഷ്, നിങ്ങളെ പോലെയുള്ള കോച്ചുമാരെയാണ് 2036ലേക്കുള്ള ടീമിനെ കെട്ടിപ്പടുക്കാന്‍ നമുക്ക് ആവശ്യം' എന്നായിരുന്നു. പക്ഷേ ഹോക്കി ഇന്ത്യ , ഇന്ത്യക്കാരായ പരിശീലകരെക്കാളും വിദേശ കോച്ചുമാരെയാണ് താല്‍പര്യപ്പെടുന്നത്'- എന്നാണ് എക്സിലെ കുറിപ്പില്‍ ശ്രീജേഷ് തുറന്നടിക്കുന്നത്. 

ENGLISH SUMMARY:

Indian hockey legend and former junior coach P.R. Sreejesh has publicly criticized Hockey India for replacing him with a foreign coach despite his successful tenure. Sreejesh took to social media to express his disappointment, noting that his team achieved five podium finishes, including a Junior World Cup bronze, under his guidance. He revealed that the Federation President informed him of the decision based on the senior team coach's preference for a foreign expert to maintain tactical consistency across levels. Sreejesh questioned the federation's bias toward foreign talent and recalled Sports Minister Mansukh Mandaviya's earlier encouragement to lead India's 2036 vision. The veteran Olympian’s outburst highlights a recurring debate regarding the preference for international coaching staff over proven homegrown legends in Indian sports.