ഓസ്ട്രേലിയൻ പര്യടനത്തിനിടെയുണ്ടായ കെടുകാര്യസ്ഥതയെ തുടർന്ന് പാക്കിസ്ഥാൻ ഹോക്കിയിൽ പ്രതിസന്ധി രൂക്ഷമായി. കളിക്കാരെ പെരുവഴിയിലാക്കിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ ഫെഡറേഷൻ പ്രസിഡന്റ് താരിഖ് ബുഗ്‌തി രാജിവച്ചു. എന്നാൽ, രാജിവയ്ക്കുന്നതിന് തൊട്ടുമുൻപ്, ഫെഡറേഷനെ വിമർശിച്ചതിന് ക്യാപ്റ്റൻ അമ്മാദ് ഷക്കീൽ ബട്ടിന് രണ്ടു വർഷത്തെ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. തന്റെ രാജിക്കത്ത് ഫെഡറേഷന്റെ മുഖ്യ രക്ഷാധികാരിയായ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് അയച്ചതായി ബുഗ്‌തി പറഞ്ഞു.
പാക്കിസ്ഥാൻ ഹോക്കിക്ക് അപകീർത്തി ഉണ്ടാക്കിയതിനാണ് ക്യാപ്റ്റൻ ബട്ടിന് ആഭ്യന്തര, രാജ്യാന്തര മല്‍സരങ്ങളില്‍ നിന്ന് രണ്ടു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയതെന്നാണ് ബുഗ്തിയുടെ വിശദീകരണം. ഓസ്ട്രേലിയൻ പര്യടനത്തിനിടെ മല്‍സരത്തിന് ഇറങ്ങും മുൻപ് കളിക്കാർക്ക് 'അടുക്കള വൃത്തിയാക്കാനും പാത്രങ്ങൾ കഴുകാനും' നിർബന്ധിതരാകേണ്ടി വന്നുവെന്ന് ബട്ട് ബുധനാഴ്ച ലാഹോറിൽ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പര്യടനത്തിൽ ഓസ്ട്രേലിയയോടും ജർമനിയോടുമുള്ള FIH പ്രോ ലീഗിലെ എല്ലാ മല്‍സരങ്ങളിലും പാക്കിസ്ഥാൻ പരാജയപ്പെട്ടിരുന്നു.
പാക്കിസ്ഥാൻ സ്പോർട്സ് ബോർഡിൽ നിന്ന് ആവശ്യമായ ഫണ്ട് ലഭിച്ചിട്ടും ഫെഡറേഷൻ മുൻകൂട്ടി പണം അടയ്ക്കാത്തതിനാൽ, ഹോട്ടല്‍ ബുക്കിങ്ങ് റദ്ദാക്കപ്പെട്ടിരുന്നു. ഇതോടെ മണിക്കൂറുകളോളം കളിക്കാർക്ക് റോഡിൽ കഴിയേണ്ടി വന്നിരുന്നു. സംഭവം രാജ്യാന്തര തലത്തില്‍ പാക്കിസ്ഥാന് വിലയ നാണക്കേടുണ്ടാക്കി. നാട്ടിൽ തിരിച്ചെത്തിയ ശേഷം, ബട്ടിന്റെ നേതൃത്വത്തിൽ ഒൻപത് കളിക്കാര്‍ നിലവിലെ ടീം മാനേജ്മെന്റിനെയും ഫെഡറേഷൻ നേതൃത്വത്തെയും നീക്കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു വർഷമായി ഭൂരിഭാഗം കളിക്കാർക്കും പിഎസ്ബിയിൽ നിന്നും ഫെഡറേഷനിൽ നിന്നും ദിവസ ബത്ത ലഭിച്ചിട്ടില്ലെന്നും ബട്ട് ആരോപിച്ചു.