തലശ്ശേരി ബി കെ 55 ക്രിക്കറ്റ് ക്ലബും ടെലിച്ചറി ടൗൺ ക്രിക്കറ്റും ക്ലബും സംയുക്തമായി കണ്ണൂർ ജില്ല ക്രിക്കറ്റ് അസോസിയേഷൻറെ സഹകരണത്തൊടെ തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടത്തുന്ന നാലാമത് സഖാവ് കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിത T20 ക്രിക്കറ്റ് ടൂർണ്ണമെൻറിൽ ബി കെ 55 സുൽത്താൻ സിസ്റ്റേഴ്സ് 4 വിക്കറ്റിന് ക്രൈസ്റ്റ് കോളേജ് റേസ് ബ്ലാസർസിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.
ആദ്യം ബാറ്റ് ചെയ്ത ക്രൈസ്റ്റ് കോളേജ് റേസ് ബ്ലാസർസ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തു. ക്രൈസ്റ്റ് കോളേജ് റേസ് ബ്ലാസർസിനു വേണ്ടി സൗത്ത് സോൺ ഇന്ത്യ താരം എ അക്ഷയ 40 റൺസെടുത്തു. മറുപടിയായി ബി കെ 55 സുൽത്താൻ സിസ്റ്റേഴ്സ് 19.3 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 116 റൺസെടുത്തു വിജയിച്ചു. ബി കെ 55 സുൽത്താൻ സിസ്റ്റർസിനു വേണ്ടി മാനസ്‌വി പോറ്റി പുറത്താകാതെ 53 റൺസെടുത്തു. കളിയിലെ താരമായി മാനസ്‌വി പോറ്റിയും ഇമ്പാക്ട് താരമായി ടി പി അജന്യയെയും തിരഞ്ഞെടുത്തു.
ടൂർണ്ണമെൻറിലെ മികച്ച താരമായി ഇന്ത്യൻ താരമായ സജന സജീവനേയും മികച്ച ബാറ്ററായി കെ എസ് സായൂജ്യയെയും മികച്ച ബൗളറായി നിയതി ആർ മഹേഷിനേയും എമെർജിങ് താരമായി എം ശിവാനിയേയും മികച്ച വിക്കറ്റ് കീപ്പറായി കെ ആർ നിതുനയേയും മികച്ച ഫീൽഡറായി അഷിമ ആന്റണിയെയും തെരഞ്ഞെടുത്തു.
സമ്മാനദാന ചടങ്ങ് റബ്കോ ചെയർമാൻ കാരായി രാജൻ ഉദ്ഘാടനം ചെയ്തു.ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് എ അഭിമന്യു അദ്ധ്യക്ഷത വഹിച്ചു. വിനോദിനി ബാലകൃഷ്ണൻ,തലശ്ശേരി നഗരസഭ ചെയർ പേഴ്സൺ കാരായി ചന്ദ്രശേഖരൻ എന്നിവർ മുഖ്യ അതിഥിയായി. സിന്ധു സന്തോഷ്,എ മഹറൂഫ്,എ കെ സക്കരിയ,എ സി എം ഫിജാസ് അഹമ്മദ്,വി പി അനസ്,ഷബാന ജംഷിദ്,വിനീത റോച്ച എന്നിവർ സംസാരിച്ചു.