മെഴ്സിഡസ് ഫോർമുല വൺ കാർ ഓടിക്കുന്ന ആദ്യ വനിതയായി ഫ്രഞ്ച് ഡ്രൈവര്‍ ഡോറിയൻ പിൻ. സിൽവർസ്റ്റോൺ നാഷനൽ സർക്യൂട്ടിൽ, 76 ലാപ്പുകളിലായി 200 കിലോമീറ്റർ ദൂരം, 22കാരി പിന്നിട്ടു.
2021-ല്‍ കൺസ്ട്രക്ടേഴ്സ് ചാംപ്യൻഷിപ്പിലേക്ക് മെഴ്സിഡീസനെ നയിച്ച W12 കാറിലാണ് പിൻ ട്രാക്കിലിറങ്ങിയത്. സിൽവർസ്റ്റോൺ നാഷനൽ സർക്യൂട്ടിൽ 76 ലാപ്പുകൾ അവർ പൂർത്തിയാക്കി. ഇതോടെ, ആധുനിക ഫോർമുല വൺ കാർ ഓടിക്കുന്ന ആദ്യ ഫ്രഞ്ച് വനിത, മെഴ്സിഡീസന്റെ എഫ്1 കാർ ഓടിക്കുന്ന ആദ്യ വനിത എന്നീ റെക്കോർഡുകളും പിൻ സ്വന്തം പേരിൽ കുറിച്ചു.
സ്റ്റിമുലേറ്ററിലെ പരിശീലനത്തിനും എൻജിനീയർമാരുമായി ചേർന്നുള്ള തയാറെടുപ്പുകൾക്കും ശേഷമാണ് പിൻ കാറോടിച്ചത്. വനിതകൾക്കായുള്ള കഴിഞ്ഞ വർഷത്തെ എഫ്1 അക്കാദമി സീരിസ് ജേതാവായ ഫ്രഞ്ച് ഡ്രൈവറാണ് ഡോറിയൻ പിൻ. വരും വർഷങ്ങളിൽ ഒരു വനിത എഫ്1 കാറോടിക്കുന്നത് കാണാനാകുമെന്ന് സാധ്യതകള്‍ക്ക് കരുത്തേകുന്നതായി ഡോറിയന്‍റെ വരവ്.