ന്യൂർബർഗ്‌റിങ്ങ് കാറോട്ട മല്‍സരത്തിനിടെ ഏഴുകാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ റേസിങ് ഡ്രൈവർ യൂഹ മിയറ്റിനൻ മരിച്ചു. 66 വയസായിരുന്നു. അപകടത്തിൽപ്പെട്ട മറ്റ് ആറ് ഡ്രൈവർമാർക്ക് പരുക്കേറ്റു. നാല് മണിക്കൂർ ദൈർഘ്യമുള്ള മല്‍സരത്തിന്റെ ആദ്യ അരമണിക്കൂറിനുള്ളിലുണ്ടായ അപകടത്തെത്തുടർന്ന് റേസ് നിര്‍ത്തിവച്ചു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര വൈദ്യസഹായ സംഘം ഉടൻ സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല
നാലു തവണ ഫോർമുല വൺ ലോക ജേതാവായ മാക്സ് വെര്‍സ്റ്റാപ്പന്‍ പങ്കെടുക്കുന്നതിനാല്‍ വന്‍ ആരാധക ശ്രദ്ധേയാണ് റേസിന് ലഭിച്ചത്. റെഡ് ബുള്ളിന്റെ എഫ്1 ഡ്രൈവറായ വെർസ്റ്റപ്പൻ, ഓസ്ട്രിയൻ താരം ലൂക്കാസ് ഓവറിനൊപ്പം മെഴ്‌സിഡസ് AMG ജിടി3 സ്പോർട്സ് കാറിലാണ് മല്‍സരിക്കാനിരുന്നത്. എന്നാൽ അപകടം നടക്കുമ്പോൾ അദ്ദേഹം ട്രാക്കിലുണ്ടായിരുന്നില്ല. സംഭവം ഞെട്ടലുളവാക്കിയെന്ന് വെർസ്റ്റാപ്പൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
വേഗപ്പോരിന്റെ ഹരിത നരകം
ജർമനിയിലെ ഐഫൽ മേഖലയിൽ സ്ഥിതിചെയ്യുന്ന നൂർബർഗ്റിംഗ് നോർഡ്ഷ്ലൈഫ്, 20.8 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു റേസിങ് സർക്യൂട്ടാണ്. 1927-ൽ പ്രവർത്തനമാരംഭിച്ച ഈ ട്രാക്ക്, 1960-കളിലും 70-കളിലും ഫോർമുല വണ്ണിന് ആതിഥേയത്വം വഹിച്ചിരുന്നു. അപകടസാധ്യത ഏറിയ ട്രാക്കായതിനാല്‍ 'ഹരിത നരകം' (ഗ്രീൻ ഹെൽ) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഐഫൽ പർവതനിരകളിലെ ഇടതൂർന്ന വനത്തിലൂടെയാണ് ഈ ട്രാക്ക് കടന്നുപോകുന്നത്. വാഹനമോടിക്കുമ്പോൾ, ചുറ്റും മരങ്ങളാൽ പൂർണമായി വലയം ചെയ്യപ്പെട്ടതായി അനുഭവപ്പെടും.
തുറസ്സായ സ്ഥലങ്ങളോ വ്യക്തമായ കാഴ്ചയോ വളരെ കുറവാണ്. കാഴ്ച മറയ്ക്കുന്നതും അതിവേഗത്തിൽ കടന്നുപോകേണ്ടതുമായ നൂറ്റിയൻപതിലേറെ വളവുകൾ, റോളർകോസ്റ്ററിന് സമാനമായ വലിയ കയറ്റിറക്കങ്ങൾ എന്നിവ ഈ ട്രാക്കിന്റെ പ്രത്യേകതകളാണ്. മുൻകാലങ്ങളിൽ സുരക്ഷാ സംവിധാനങ്ങളും വളരെ പരിമിതമായിരുന്നു. അക്കാലത്ത്, കാറോട്ട ലോകത്തെ ഏറ്റവും അപകടംപിടിച്ച ട്രാക്കുകളിലൊന്നായിട്ടാണ് ഇതിനെ കണക്കാക്കിയിരുന്നത്. ലോകോത്തര ഡ്രൈവർമാർ പോലും ജാഗ്രതയോടെയാണ് റേസില്‍ പങ്കെടുത്തിരുന്നത്