ഏപ്രിൽ 5ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മല്‍സരത്തിനിടെയുണ്ടായ സംഭവത്തില്‍ ചെന്നൈ സൂപ്പർ കിങ്സ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് ഔദ്യോഗികമായി പരാതി നൽകി. സിഎസ്കെ-ആർസിബി മല്‍സരത്തിനിടെ 'ദോശ, ഇഡ്ഡലി, എന്നിങ്ങനെ തുടങ്ങുന്ന പാട്ട് വെച്ചത് തമിഴ്നാട് സ്വത്വത്തെ അധിക്ഷേപിക്കുന്നതും പരിഹസിക്കുന്നതുമാണെന്ന് ഫ്രാഞ്ചൈസി കരുതുന്നതായി പരാതിയില്‍ പറയുന്നു. ഇരു ടീമുകളും തമ്മിലുള്ള വൈരം വർധിച്ചുവരുന്നതിനിടെയാണ് പുതിയ സംഭവം.
‘‘സാധാരണയായി ഡിജെമാർ ആതിഥേയ ടീമിനെ പിന്തുണയ്ക്കുകയാണ് ചെയ്യുക. എന്നാൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ സ്ഥിതി വ്യത്യസ്തമായിരുന്നുവെന്നും വിഷയം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐക്ക് കത്തെഴുതിയിട്ടുണ്ട് എന്നും സിഎസ്കെ മാനേജിങ് ഡയറക്ടർ കാശി വിശ്വനാഥൻ പറഞ്ഞു. പാട്ട് വെച്ചതിനു പുറമെ, സിഎസ്കെ താരങ്ങൾ പുറത്തായപ്പോൾ സ്റ്റേഡിയത്തിലെ ഡിജെ നടത്തിയ പരാമർശങ്ങളും അതിരുവിട്ടതാണെന്ന് ടീം മാനേജ്മെന്റ് ആരോപിക്കുന്നു. മല്‍സരത്തിന്റെ ആവേശം വർധിപ്പിക്കുകയാണ് ഡിജെയുടെ ചുമതലയെന്നും അല്ലാതെ എതിരാളികളെ ലക്ഷ്യം വെക്കുകയോ പരിഹസിക്കുകയോ അല്ല ചെയ്യേണ്ടതെന്നും സിഎസ്കെ പരാതിയില്‍ പറയുന്നു
ഈ പാട്ട് സിഎസ്കെ-ആർസിബി മത്സരങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ സ്ഥിരം ചർച്ചയാകാറുണ്ട്. കഴിഞ്ഞ വർഷം ചെന്നൈയിലെ മല്‍സരത്തിന് മുന്നോടിയായി വിക്കറ്റ് കീപ്പർ ജിതേഷ് ശർമ ഇതേ പാട്ട് പാടുന്ന വിഡിയോ ആർസിബി പങ്കുവെച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഇത് സിഎസ്കെ ആരാധകരുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിന് മറുപടിയായി ചെപ്പോക്കിൽ നടന്ന മത്സരത്തിൽ ജിതേഷ് പുറത്തായപ്പോൾ സിഎസ്കെയുടെ ഡിജെ ഇതേ പാട്ട് വെക്കുകയും ചെയ്തു. പിന്നാലെ, സിഎസ്കെ മാനേജ്മെന്റ് ഇടപെടുകയും എതിർ ടീമിലെ കളിക്കാരെയോ ആരാധകരെയോ ലക്ഷ്യംവെക്കുന്ന പരാമർശങ്ങളോ പ്രവൃത്തികളോ ഒഴിവാക്കാൻ ഡിജെയ്ക്ക് കർശന നിർദേശം നൽകുകയും ചെയ്തിരുന്നു. അതിനുശേഷം ചെന്നൈയുടെ ഭാഗത്തുനിന്ന് അത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടില്ല.