ലോകകപ്പ് ഫുട്ബോള്‍ ആവേശം ഇനി യൂട്യൂബിലും. ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തിൽ ആദ്യമായി, ഓരോ മത്സരത്തിന്റെയും ആദ്യ 10 മിനിറ്റ് മാധ്യമ പങ്കാളികൾക്ക് അവരുടെ യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യാൻ അവസരമൊരുങ്ങും.
ഫുട്ബോള്‍ ആവേശം കൂടുതല്‍ പ്രേഷകരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫിഫ യു ട്യൂബുമായി പങ്കാളിത്തം സ്ഥാപിച്ചത്. പുതിയ പങ്കാളിത്തത്തിലൂടെ, ഫിഫയുടെ ഡിജിറ്റൽ ആർക്കൈവിലെ ഉള്ളടക്കങ്ങൾ യൂട്യൂബില്‍ ലഭ്യമാകും. ചരിത്രനിമിഷങ്ങളും സമ്പൂർണ മത്സരങ്ങളും ഇനി വിരൽത്തുമ്പിൽ കാണം. 2026ലെ ലോകകപ്പിലെ എല്ലാ മല്‍സരത്തിന്റെയും ആദ്യ പത്ത് മിനിറ്റാണ് യൂട്യൂബിലൂടെ കാണിക്കുക. ഇതിനു പുറമെ, തിരഞ്ഞെടുക്കുന്ന ചില മത്സരങ്ങൾ പൂർണമായും യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്യാനും സാധിക്കും.
മാധ്യമ പങ്കാളികൾക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും പുതിയ അവസരങ്ങൾ തുറന്നു നൽകുന്നതിലൂടെ ഈ കരാർ ലോകമെമ്പാടുമുള്ള ആരാധകരെ ആകർഷിക്കുമെന്ന് ഫിഫസെക്രട്ടറി ജനറൽ മത്തിയാസ് ഗ്രാഫ്‌സ്‌ട്രോം പറഞ്ഞു. 2026 ഫിഫ ലോകകപ്പിന്റെ പ്രധാന ഡിജിറ്റൽ പങ്കാളികളിൽ ഒന്നാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്ന് യൂ ട്യൂബും അറിയിച്ചു.
അമേരിക്ക ,കാനഡ,മെക്സിക്കോ, എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ജൂണ്‍ 11 മുതല്‍ ജൂലൈ 19വരെയാണ്. ടൂർണമെന്റ് ആരംഭിക്കുന്നതിന് മുൻപുതന്നെ ഫിഫയുടെ ഡിജിറ്റൽ ആർക്കൈവ് ഉപയോഗിക്കാൻ അവസരം ലഭിക്കും.