അടുത്ത മാസം ഇറ്റലിയിൽ നടക്കുന്ന ശീതകാല ഒളിംപിക്സില്‍ പങ്കെടുക്കുന്ന യു.എസ് പ്രതിനിധി സംഘത്തിന് സുരക്ഷയൊരുക്കാൻ യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെത്തും. നീക്കം ഇറ്റലിയില്‍ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.
മിനസോടയിൽ ഈ മാസം വെവ്വേറെയുണ്ടായ രണ്ട് സംഭവങ്ങളിലായി യുഎസ് പൗരന്മാരെ വെടിവച്ചുകൊന്നതോടെ, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ നയം കർശനമായി നടപ്പാക്കിയതിന് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് അഥവ ഐസ്, കടുത്ത വിമർശനം നേരിടുകയാണ്. ഇതിനിെടയാണ് വിന്റര്‍ ഒളിംപിക്സില്‍ സുരക്ഷാ ചുമതല ഐസിനെ ഏല്‍പ്പിച്ചിരിക്കുന്നത്. ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് സമൂഹമാധ്യമങ്ങളിലൂടെ വിവരം പങ്കുവച്ചു.
രാജ്യാന്തര കുറ്റകൃത്യ സംഘങ്ങളിൽ നിന്നുള്ള അപകടസാധ്യതകൾ വിലയിരുത്തി പ്രതിരോധിക്കുക എന്നതാണ് ഐസ് ഏജന്റുമാരുടെ ദൗത്യം. എല്ലാ സുരക്ഷാ പ്രവർത്തനങ്ങളുടെയും പൂർണ നിയന്ത്രണം ഇറ്റാലിയൻ അധികൃതർക്കായിരിക്കുമെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു. ഐസുമായി ബന്ധമുള്ള ഏജന്റുമാർ ഇറ്റാലിയൻ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും അവർക്ക് രാജ്യത്ത് പ്രവേശനവിലക്ക് ഏർപ്പെടുത്തണമെന്നും മുൻ പ്രധാനമന്ത്രി മറ്റിയോ റെൻസി ആവശ്യപ്പെട്ടു.