AI Generated Image
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അറസ്റ്റില്‍. ഇന്ത്യയ്ക്കായി 10 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള ജേക്കബ് മാർട്ടിൻ(53) ആണ് വഡോദരയിൽ അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ചെ 2:30-ഓടെ വഡോദരയിലെ അക്കോട്ടയിലാണ് അപകടം നടന്നത്.
മാർട്ടിൻ ഓടിച്ചിരുന്ന എസ്‌യുവി നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന മൂന്ന് കാറുകളിൽ ഇടിക്കുകയായിരുന്നു. വാഹനങ്ങൾക്ക് വലിയ തോതിൽ കേടുപാടുകൾ സംഭവിച്ചു. ഭാഗ്യവശാല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. സംഭവസ്ഥലത്തേക്ക് പൊലീസ് എത്തുമ്പോള്‍ രണ്ട് കാലില്‍ നില്‍ക്കാന്‍ പോലുമാവാത്ത അവസ്ഥയിലായിരുന്നു മാര്‍ട്ടിന്‍. അപകടസമയത്ത് താരം ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കാറില്‍ കറുത്ത ഫിലിമും പതിപ്പിച്ചിരുന്നു. കാറുകളുടെ ഉടകള്‍ നല്‍കിയ പരാതിക്ക് പിന്നാലെ മാര്‍ട്ടിനെതിരെ മദ്യപിച്ച് അപകടകരമായി വാഹനമോടിച്ചതിന് കേസെടുത്തു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മാര്‍ട്ടിന്‍ ജാമ്യത്തിലിറങ്ങി. അന്വേഷണത്തിന്‍റെ ഭാഗമായി ഇദ്ദേഹത്തിന്‍റെ കാറും കസ്റ്റഡിയിലെടുത്തു.
രഞ്ജി ട്രോഫിയില്‍ ബറോഡ ടീമിനെ നയിച്ച മുൻ ക്യാപ്റ്റൻ കൂടിയാണ് മാര്‍ട്ടിന്‍. വിരമിച്ചതിനു ശേഷം കോച്ചിങ്ങിലും ബിസിനസിലുമായി കരിയര്‍ മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. ഇതിനുമുന്‍പ് പല കേസുകളില്‍ മാര്‍ട്ടിന്‍ പൊലീസിന് തലവേദനയായിട്ടുണ്ട്. 2011-ൽ മനുഷ്യക്കടത്ത് കേസിലും ഇദ്ദേഹം അറസ്റ്റിലായിരുന്നു. 2018ല്‍ മറ്റൊരു അപകടത്തില്‍ മാര്‍ട്ടിന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.